ഇന്ത്യൻ ഫുട്‌ബോൾ ലീഗിൽ കിരീടം ലക്ഷ്യമിട്ട് ഗോകുലം; ആദ്യ ഹോം മത്സരം ഒക്ടോബർ 31ന് കോഴിക്കോട്ട്
വൈകിട്ട് 6.30ന് കോർപറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ സമലേശ്വരി എഫ്‌സിയാണ് എതിരാളികൾ
കോഴിക്കോട്: ഇന്ത്യൻ ഫുട്‌ബോളിൽ ശ്രദ്ധേയമായ സാന്നിധ്യമായ ഗോകുലം കേരള എഫ്.സി.യുടെ 2026- 27 സീസണിലെ ഇന്ത്യൻ ഫുട്‌ബോൾ ലീഗ് മത്സരങ്ങൾക്ക് ഒക്ടോബർ 31ന് കോഴിക്കോട് ഇ.എം.എസ് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ തുടക്കമാകും. വൈകിട്ട് 6.30ന് കോർപറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ സമലേശ്വരി എഫ്‌സിയാണ് എതിരാളികൾ. 2017ൽ സ്ഥാപിതമായ ഗോകുലം കേരള എഫ്.സി 2020-21, 2021-22 സീസണുകളിൽ തുടർച്ചയായി ഐ-ലീഗ് കിരീടങ്ങൾ സ്വന്തമാക്കിയിരുന്നു. എ.എഫ്.സി. തലത്തിലുള്ള ക്ലബ് മത്സരങ്ങളിലും പങ്കെടുത്ത് അന്താരാഷ്ട്ര വേദികളിൽ കേരളത്തിന്റെ സാന്നിധ്യം അറിയിക്കാൻ ഗോകുലത്തിന് സാധിച്ചു. പുരുഷ ഫുട്‌ബോളിനൊപ്പം വനിതാ ഫുട്‌ബോളിലും ഗോകുലം കേരള എഫ്.സി. ശ്രദ്ധേയമായ നേട്ടങ്ങളാണ് കൈവരിച്ചിട്ടുള്ളത്. ഇന്ത്യൻ വനിതാ ലീഗിൽ തുടർച്ചയായി കിരീടങ്ങൾ നേടിയ ക്ലബ്, 2023ലെ എ.എഫ്.സി. വനിതാ ക്ലബ് ചാമ്പ്യൻഷിപ്പിൽ റണ്ണറപ്പായി ചരിത്രനേട്ടവും സ്വന്തമാക്കി.
ഫുട്‌ബോൾ ആവേശത്തിനൊപ്പം കാരുണ്യത്തിന്റെ സന്ദേശവും ഉയർത്തിപ്പിടിച്ചാണ് ഗോകുലം കേരള എഫ്.സി ഈ സീസണിന് തുടക്കമിടുന്നത്. ഒക്ടോബർ 31ന് നടക്കുന്ന ആദ്യ ഹോം മത്സരത്തിലെ ടിക്കറ്റ് വിൽപ്പനയിലൂടെ ലഭിക്കുന്ന വരുമാനം മുഴുവൻ അസുഖബാധിതരായി ചികിത്സയിൽ കഴിയുന്ന ഒന്നര വയസ്സുള്ള ഡേവിഡ്, എഥൻ, ഒലിവർ എന്നീ കുട്ടികളുടെ ചികിത്സയ്ക്കായി നൽകാനാണ് ക്ലബ്ബിന്റെ തീരുമാനം.