പഞ്ചറായി കണ്ണൂർ; സൂപ്പർ ലീഗ് കേരളയിൽ മലപ്പുറത്തിന് തകർപ്പൻ ജയം, 3-0

ജയത്തോടെ മലപ്പുറം എഫ്‌സി പോയന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി

Update: 2026-10-26 16:36 GMT
Editor : Sharafudheen TK | By : Sports Desk

മഞ്ചേരി: ഹോം ഗ്രൗണ്ടിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും ഗോളടിച്ച്കൂട്ടി മലപ്പുറം എഫ്‌സി. കണ്ണൂർ വാരിയേഴ്‌സിനെതിരെ തകർപ്പൻ ജയവുമായി സൂപ്പർ ലീഗ് കേരളയുടെ പോയന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ക്യാപ്റ്റൻ അമദു സുക്കൂന, മുഹമ്മദ് മഹ്ദി, റാഷിദ് സികെ എന്നിവരാണ് ലക്ഷ്യംകണ്ടത്. തോൽവിയോടെ എഴ് പോയന്റുള്ള കണ്ണൂർ നാലാം സ്ഥാനത്തേക്ക് വീണു.

മത്സരത്തിലെ ആദ്യ മികച്ച അവസരം മലപ്പുറത്തിനാണ് ലഭിച്ചത്. 16ാം മിനിറ്റിൽ വലതുവിങിൽ നിന്ന് ക്യാപ്റ്റൻ അമദു സുക്കൂന നൽകിയ പാസ് സ്വീകരിച്ച് മുന്നേറിയ എൽഫോർസിക്ക് ലക്ഷ്യം കാണാനായില്ല.19-ാം മിനിറ്റിൽ മലപ്പുറം ആദ്യ വെടിപൊട്ടിച്ചു. മധ്യനിരയിൽ നിന്നുള്ള എൽഫോർസിയുടെ നീളൻ പാസ് കണ്ണൂർ പ്രതിരോധനിരക്ക് ഇടയിലൂടെ നുഴഞ്ഞുകയറിയ അമദു സുക്കൂന കൃത്യമായി നിയന്ത്രിച്ച ശേഷം പോസ്റ്റിലേക്ക് തിരിച്ചുവിട്ടു. മുന്നോട്ടുകയറി വന്ന ഗോളി ഹജ്മലിന്റെ കൈയിൽ തട്ടിയ പന്ത് വലയിൽ കയറി (1-0). സമനിലക്കായുള്ള കണ്ണൂരിന്റെ ശ്രമത്തിനിടെ ആൽവാരസിനും സിനാനും ലഭിച്ച അവസരങ്ങൾ മുതലാക്കാനായില്ല. ഒന്നാം പകുതിയുടെ ഇഞ്ചുറി സമയത്ത് മലപ്പുറം ലീഡ് ഉയർത്തി. എൽഫോർസിയുടെ കോർണർ കണ്ണൂർ പ്രതിരോധം ക്ലിയർ ചെയ്‌തെങ്കിലും പന്ത് ലഭിച്ച മുഹമ്മദ് മഹ്ദിയുടെ നിലംപറ്റെയുള്ള ഷോട്ട് ബോക്‌സിലെ ആൾക്കൂട്ടത്തിനിടയിലൂടെ വലയിലെത്തി (2-0).

Advertising
Advertising

മലപ്പുറത്തിന്റെ പ്രതിരോധത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച മഷൂർ ശരീഫ് രണ്ടാം പകുതിയുടെ തുടക്കത്തിൽ പരിക്കേറ്റ് കളംവിട്ടു. 59-ാം മിനിറ്റിൽ മലപ്പുറത്തിന്റെ മുഹമ്മദ് സാലിം ഉയർത്തിവിട്ട പന്ത് ക്രോസ്ബാറിലും ഗോളി ഹജ്മലിന്റെ കൈകളിലും തട്ടി മൈതാനത്തേക്ക് മടങ്ങി. 66-ാം മിനിറ്റിൽ മലപ്പുറത്തിന്റെ മൂന്നാം ഗോൾ. ബോക്‌സിനുള്ളിൽ നിന്നും പവർഫുൾ ഷോട്ടിലൂടെ റാഷിദ് മൂന്നാം ഗോൾ നേടി കണ്ണൂർ പെട്ടിയിൽ അവസാന ആണിയും അടിച്ചു. ആറാം റൗണ്ടിലെ ആദ്യ മത്സരത്തിൽ വെള്ളിയാഴ്ച ഫോഴ്സ കൊച്ചി എഫ്‌സി, തൃശൂർ മാജിക് എഫ്‌സിയുമായി മത്സരിക്കും. ഇരു ടീമുകളും ആദ്യ പാദത്തിൽ മത്സരിച്ചപ്പോൾ ഷൂട്ടൗട്ടിൽ (1-4) കൊച്ചിക്കായിരുന്നു ജയം.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News