യാത്രകളിൽ ട്രോളി ബാഗുകൾ ഉപയോഗിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ അടുത്ത യാത്രയ്ക്കായി ബാഗ് പാക്ക് ചെയ്യുമ്പോൾ കയ്യിൽ കരുതേണ്ട ഒന്നാണ് ഒരു റോൾ ടേപ്പ്! കേൾക്കുമ്പോൾ വിചിത്രമെന്ന് തോന്നാമെങ്കിലും, ട്രാവലർമാർക്കിടയിൽ ഇപ്പോൾ തരംഗമാകുന്ന ഒരു കിടിലൻ ട്രാവൽ ഹാക്കാണിത്.
എയർപോർട്ട് ടെർമിനലുകൾ, റെയിൽവേ പ്ലാറ്റ്‌ഫോമുകൾ, റോഡുകൾ, പാർക്കിങ് ഏരിയകൾ തുടങ്ങി യാത്രാവേളയിൽ ഏറ്റവും കൂടുതൽ അഴുക്കും ചെളിയും പറ്റിപ്പിടിക്കുന്നത് ബാഗുകളുടെ വീലുകളിലാണ്. യാത്ര കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ ഈ അഴുക്കുപുരണ്ട വീലുകൾ തറയിൽ മുട്ടുന്നതും, അത് വൃത്തിയാക്കിയെടുക്കുന്നതും വലിയ തലവേദനയാണ്. ഇതിനൊരു ലളിതമായ പരിഹാരമാണ് അഡീസീവ് ടേപ്പ്.
എങ്ങനെയാണ് ഈ ഹാക്ക് ചെയ്യേണ്ടത്?
യാത്ര തിരിക്കും മുമ്പ് ബാഗിന്റെ വീലുകളിൽ ടേപ്പ് നന്നായി വലിച്ച് മുറുക്കി ഒട്ടിക്കുക. വീലിന്റെ ഉരുളുന്ന ഭാഗത്ത് മാത്രം ടേപ്പ് ചുറ്റാൻ ശ്രദ്ധിക്കണം. വീലിന്റെ ആക്‌സിലിലോ കറങ്ങുന്ന മറ്റ് ഭാഗങ്ങളിലോ ടേപ്പ് ഒട്ടിച്ച് കറക്കം തടസപ്പെടുത്തരുത്.
യാത്ര കഴിഞ്ഞ് തിരികെ വീട്ടിലെത്തുമ്പോൾ വീലുകളിലെ ടേപ്പ് അഴിച്ചുമാറ്റാം. വീലുകളിൽ പറ്റിപ്പിടിച്ച അഴുക്കും ചെളിയും ടേപ്പിനൊപ്പം പോരും. ബാഗിന്റെ വീലുകൾ കഴുകി വൃത്തിയാക്കേണ്ട ഭാരവും ഒഴിവാകും.
ഏത് ടേപ്പാണ് ഉപയോഗിക്കേണ്ടത്?
എല്ലാ ടേപ്പുകളും ഇതിന് അനുയോജ്യമല്ല. സാധാരണ മാസ്‌ക്കിങ് ടേപ്പുകളോ ഇലക്ട്രിക്കൽ ടേപ്പുകളോ എളുപ്പത്തിൽ കീറിപ്പോകാൻ സാധ്യതയുണ്ട്. കട്ടികൂടിയതും വെള്ളത്തെ പ്രതിരോധിക്കുന്നതുമായ ഡക്റ്റ് ടേപ്പ് അല്ലെങ്കിൽ പശയുടെ കറ വീലിൽ പിടിക്കാത്ത സെൽഫ് ഫ്യൂസിങ് സിലിക്കൺ ടേപ്പ് എന്നിവ ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്.
ശ്രദ്ധിക്കുക, വീലുകളുടെ തേയ്മാനം ഒരുപരിധി വരെ കുറയ്ക്കാനും അഴുക്ക് വീഴാതെ സൂക്ഷിക്കാനും മാത്രമേ ഈ ഹാക്ക് സഹായിക്കൂ. കേടായതോ പൊട്ടിയതോ ആയ വീലുകൾക്ക് ഇത് പകരമാവില്ല. അത്തരം സാഹചര്യങ്ങളിൽ വീലുകൾ മാറ്റിസ്ഥാപിക്കുക തന്നെയാണ് വേണ്ടത്.