ക്രിക്കറ്റ് മൈതാനങ്ങളിലെ പരമ്പരാഗതമായ പിച്ചുകളിൽ വിമർശനങ്ങളും രാഷ്ട്രീയലാഭങ്ങൾക്കായുള്ള വിവാദങ്ങളുടെ ബൗൺസറുകളും കുത്തിത്തിരിയാൻ ശ്രമിക്കുമ്പോഴെല്ലാം അതിജീവനത്തിന്റെ ബൗണ്ടറി കടത്തി മുന്നേറിയതാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ചരിത്രം. ലോബിയിങ്ങുകളും രാഷ്ട്രീയക്കാരുടെ ഇടപെടലുകളും സെലക്ഷൻ കമ്മിറ്റികളുടെ ഏകപക്ഷീയമായ തീരുമാനങ്ങളുമെല്ലാം പലപ്പോഴായി ടീമിന്റെ സമാധാനാന്തരീക്ഷത്തെ വരിഞ്ഞുമുറുക്കിയിരുന്നുവെങ്കിലും അത്രയെളുപ്പം തങ്ങൾ തോറ്റുകൊടുക്കില്ലെന്ന പോരാട്ടവീര്യം എപ്പോഴും കാത്തുസൂക്ഷിച്ചവരായിരുന്നു അവർ.
ഒരുവശത്ത് ലോകക്രിക്കറ്റിൽ ആസ്ട്രേലിയയും ഇംഗ്ലണ്ടും പിടിമുറുക്കിക്കൊണ്ടിരിക്കുമ്പോഴും ഇന്ത്യൻ ക്രിക്കറ്റിന്റെ ജീവനാഡിയെ ചലിപ്പിച്ചുനിർത്തിയതിൽ സച്ചിനടക്കമുള്ള പ്രഗത്ഭരായ മുൻഗാമികളുടെ പങ്ക് വിസ്മരിക്കാവതല്ല. ക്രിക്കറ്റ് ഇന്ത്യയുടെ മതമാണെങ്കിൽ സച്ചിൻ ദൈവമാണെന്ന് വരെയും അഭിമാനത്തോടെ വിളിച്ചുപറഞ്ഞിരുന്നു ഇവിടുത്തുകാർ.
ഇന്ത്യൻ ക്രിക്കറ്റിന്റെ സുവർണ്ണകാലത്തിന് ഇനിയൊരു ആവർത്തനം പ്രതീക്ഷിക്കേണ്ടെന്ന മുൻവിധിയോടെ നോക്കിക്കണ്ടതിനാലാവണം, കാലചക്രം കറങ്ങുന്നതിനോടൊപ്പം തലമുറയിലെ നായകന്മാർ മാറിക്കൊണ്ടിരിക്കുന്നതിനെ പലരും സംശയത്തോടെയാണ് ചില ഘട്ടങ്ങളിൽ നോക്കിക്കണ്ടത്. സച്ചിൻ രമേശ് ടെൻഡുൽക്കറും സൗരവ് ഗാംഗുലിയും വീരെന്ദർ സെവാഗുമടക്കം മുന്നേ നടന്നവരുടെ വെടിമരുന്നിനെ ഏറ്റെടുക്കാൻ പുതിയ പിള്ളേർക്കാവില്ലെന്ന് പലരും എഴുതിത്തള്ളിയിടത്തേക്കാണ് ധോണിയും കോഹ്ലിയും രോഹിതും അടക്കമുള്ളവർ നീലപ്പടയെ വിജയതീരങ്ങളിലേക്ക് നിരന്തരം തുഴഞ്ഞെത്തിച്ചത്.
അത്തരത്തിൽ, തലമുറമാറ്റം നീലപ്പടയുടെ ക്രീസിൽ തലവേദന സൃഷ്ടിക്കുമെന്ന് തോന്നിയിടത്താണ് പ്രതിബന്ധങ്ങളെ അതിർത്തിവരക്കപ്പുറത്തേക്ക് പറത്തിയുള്ള പുത്തൻ താരോദയത്തിന്റെ മാസ്സ് എൻട്രി. സെലക്ഷൻ കമ്മിറ്റിയും രാഷ്ട്രീയവും കുത്തിത്തിരിയുന്ന പിച്ചുകളിൽ സ്വതസിദ്ധമായ വൈഭവനടനത്തിലൂടെ സ്ഥാനമുറപ്പിച്ചിരിക്കുകയാണ് വൈഭവ് സൂര്യവൻഷിയെന്ന പതിനാലുകാരൻ. യുവാവായിരിക്കെ സച്ചിൻ നേടിയ റെക്കോർഡുകളിൽ പലതും തിരുത്തിയെഴുതിയാണ് വൈഭവിന്റെ കുതിപ്പ്.
ആരാണ് വൈഭവ് സൂര്യവൻഷി? എങ്ങനെയാണ് ഒരു പതിനാലുകാരൻ സച്ചിനെ മറികടന്നതെന്നല്ലേ? പരിശോധിക്കാം.
വൈഭവനടനം; കുതിപ്പും കിതപ്പും
ബിഹാറിലെ ചെറിയൊരു ഗ്രാമത്തിൽ നിന്നുള്ള പതിനാലുകാരൻ. എട്ടും പൊട്ടും തിരിയാതെ കുട്ടികൾ നട്ടം തിരിയുന്ന, ബാല്യത്തിന്റെ രസമുകുളങ്ങളെ ആത്മാർത്ഥമായി പ്രേമിച്ചുനടക്കേണ്ടുന്ന ജീവിതത്തിലെ അനർഘ നിമിഷങ്ങൾ. സ്വാഭാവികമായും കളിച്ചുനടക്കേണ്ട പ്രായത്തിൽ കളിയെ കാര്യമായെടുത്ത ഈ ഇടങ്കയ്യൻ ബാറ്റർ വൈഭവ് സൂര്യവൻഷിയാണ് സമകാലിക ക്രിക്കറ്റിലെ മുഖ്യവിഷയം.
ചെറുപ്രായത്തിൽ തന്നെ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെ റെക്കോർഡുകളിൽ പലതും ഇതിനോടകം മറികടന്ന പയ്യൻ വെറുമൊരു പോസ്റ്റർ കിഡ് മാത്രമായി ഒതുങ്ങുമെന്ന് കരുതാനാവില്ല. രഞ്ജി ട്രോഫിയിലെ ഏറ്റവും പ്രായം കുറഞ്ഞ അരങ്ങേറ്റം, ഐപിഎല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ സെഞ്ച്വറി,ലിസ്റ്റ് എ ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ പിറന്ന സെഞ്ച്വറി എന്നിങ്ങനെ നീളുന്നു വൈഭവനടനം തീർത്ത വിസ്മയങ്ങൾ.
കരിയറിന്റെ ഒന്നാം ഇന്നിങ്സ്
ക്രിക്കറ്റിനോടുള്ള പ്രണയവും പ്രയാണവും വളരെ ചെറിയ പ്രായത്തിൽ തന്നെ ഒപ്പം കൂട്ടിയുള്ള തുടക്കം. നാലാം വയസിൽ തന്നെ ബാറ്റും ബോളും കയ്യിലെടുത്ത അവനെ പിതാവ് പട്ടണയിലെ ജെൻനെക്സ് എന്ന ക്രിക്കറ്റ് അക്കാഡമിയിൽ ചേർക്കുകയായിരുന്നു.
സമസ്തിപുരയിൽ നിന്ന് പട്ടണയിലെ അക്കാഡമിയിലേക്കുള്ള 100 കിലോമീറ്റർ ദൂരം ജീവിതത്തിലെ വഴിത്തിരിവായി മാറുമെന്ന് അന്നാരെങ്കിലും കരുതിക്കാണുമോ?
വെസ്റ്റ് ഇന്ത്യൻ ഇതിഹാസം ബ്രിയാൻ ലാറയെ മാതൃകയായി സ്വീകരിച്ച് നെറ്റ്സിൽ മിന്നുംപ്രകടനം കാഴ്ചവെച്ച വൈഭവിന് പിന്നീടൊരിക്കലും തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. പിച്ചിൽ നിലയുറപ്പിച്ചാൽ അപകടകാരിയായി മാറിയേക്കാവുന്ന, തന്ത്രങ്ങൾ വളരെ വേഗത്തിൽ സ്വായത്തമാക്കുന്ന കുട്ടി എന്നാണ് പരിശീലകൻ മനീഷ് ഓത്ന ഒരിക്കൽ വൈഭവിനെ വിശേഷിപ്പിച്ചത്.
രഞ്ജി പിച്ചിലേക്കുള്ള ചുവടുമാറ്റം, മൈതാനങ്ങൾക്ക് തീ പിടിച്ചു തുടങ്ങുന്നു
2024 ജനുവരിയിൽ ബിഹാറിനായി മുംബൈയ്ക്കെതിരെ രഞ്ജി ട്രോഫിയിൽ അരങ്ങേറ്റം കുറിച്ചു. 12 വയസും 254 ദിവസവുമായിരുന്നു അന്ന് വൈഭവിന്റെ പ്രായം. ഇത് രഞ്ജി ട്രോഫിയിലെ രണ്ടാമത്തെ പ്രായം കുറഞ്ഞ അരങ്ങേറ്റമെന്ന ഖ്യാതി നേടിക്കൊടുത്തു. പ്രതിഭകൾക്ക് പഞ്ഞമില്ലാത്ത ആഭ്യന്തര ടൂർണമെന്റിന്റെ ആദ്യ സീസണിൽ അധികം റൺസ് സ്കോർ ചെയ്യാനായില്ലെങ്കിലും ഭാവിയിലേക്കുള്ള കുതിച്ചുചാട്ടത്തിൽ അവനെന്തെല്ലാം സാധിക്കുമെന്ന് അക്കാലത്തു തന്നെ ക്രിക്കറ്റ് നിരൂപകർ തിരിച്ചറിഞ്ഞിരുന്നു.
യൂത്ത് ക്രിക്കറ്റിൽ വാരിക്കൂട്ടിയ റെക്കോർഡുകൾ, ഭാവിയിലേക്കുള്ള നിക്ഷേപങ്ങൾ
2024 ഇന്ത്യ അണ്ടർ 19 ആസ്ട്രേലിയക്കെതിരെ നേടിയ 58 പന്തിലെ സെഞ്ച്വറി കളത്തിനകത്തും പുറത്തുമുള്ള ക്രിക്കറ്റ് നിരീക്ഷകരിൽ തന്റെ പേരും പ്രകടനവും സജീവമാക്കി നിർത്തുന്നതിനായുള്ള ആദ്യ നിക്ഷേപമായിരുന്നു. 58 പന്തുകൾ മാത്രം നേരിട്ട് അന്ന് വൈഭവ് നേടിയ സെഞ്ച്വറി ഇന്ത്യൻ അണ്ടർ 19 താരങ്ങൾക്കിടയിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയായിരുന്നു. അണ്ടർ 19 ഏഷ്യാ കപ്പിൽ യുഎഇക്കെതിരെ 46 പന്തിൽ 76, ശ്രീലങ്കക്കെതിരെ സെമിയിൽ 36 ബോളിൽ 67 എന്നിങ്ങനെ നീളുന്നു വൈഭവനടനം.
യൂത്ത് താരങ്ങളുടെ ഏകദിന മത്സരങ്ങളിൽ ഏറ്റവും കൂടുതൽ സിക്സ്, ആസ്ട്രേലിയൻ അണ്ടർ 19 ടീമിനെതിരെ കൂടുതൽ സിക്സുകൾ, ദക്ഷിണാഫ്രിക്കെതിരെ ക്യാപ്റ്റനായി 63 ബോളിൽ സെഞ്ച്വറി, യൂത്ത് ഏകദിന മത്സരങ്ങളിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനും സെഞ്ചുറിയനും... ലോകക്രിക്കറ്റിന്റെ നെറുകയിൽ കാലെടുത്തു വച്ചിരിക്കുന്ന ഏതെങ്കിലും ഇതിഹാസ താരങ്ങളുടെ നേട്ടങ്ങളാണ് എണ്ണിയെണ്ണി പറയുന്നതെന്ന് തെറ്റിദ്ധരിക്കപ്പെട്ടാലും അതിശയോക്തിയില്ല. അത്രമേൽ ക്രിക്കറ്റ് ലോകത്ത് ചിലപരിചിതനായിരിക്കുന്നു ഈ 14 കാരൻ.
ഐപിഎല്ലിലേക്കുള്ള പ്രയാണം, ചരിത്രം കുറിച്ചു തുടങ്ങുന്നത് ഇവിടെനിന്ന്
വൈഭവിനെ സംബന്ധിച്ചിടത്തോളം പോയവർഷം നടന്ന ഐപിഎൽ സീസൺ വലിയൊരു കുതിപ്പിനാണ് തുടക്കമിട്ടതെന്ന് നിസംശയം പറയാനാകും. രാജസ്ഥാൻ റോയൽസ് 1.1കോടി രൂപയ്ക്ക് വൈഭവിനെ ടീമിലെടുത്തതിന് പിന്നാലെ ട്രോളുകളും വിമർശനങ്ങളും കാർമേഘമെന്നോണം ഉരുണ്ടുകൂടുകയായിരുന്നു. ഐപിഎൽ ചരിത്രത്തിൽ വെച്ചേറ്റം നഷ്ടക്കച്ചവടമെന്ന് പോലും പലരും വിധിയെഴുതിയിടത്ത് നിന്നാണ് വിമർശനങ്ങളെന്ന ഷോർട് ബോളുകളെ ബൗണ്ടറിക്കപ്പുറത്തേക്ക് പറത്തി വൈഭവ് കളംനിറയുന്നത്.
ആ സീസണിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ നേടിയ 38 പന്തിലെ 101 റൺസ് പുരുഷ ക്രിക്കറ്റിലെ ഏറ്റവും പ്രായം കുറഞ്ഞ സെഞ്ച്വറിയായി ചരിത്രത്തിലിടം പിടിക്കുകയായിരുന്നു. സീസണിൽ ഏഴു മത്സരങ്ങളിൽ നിന്നായി 206 സ്ട്രൈക്ക് റേറ്റിൽ വൈഭവ് നേടിയത് 252 റൺസ്!
ഡൊമസ്റ്റിക് ക്രിക്കറ്റിലെ തകർപ്പൻ പ്രകടനങ്ങൾ, സർവ്വം വൈഭവുമയം
പോയവർഷം വിജയ് ഹസാരെ ട്രോഫിയിൽ അരുണാചൽ പ്രദേശിനെതിരെ വൈഭവ് നേടിയ 36 ബോളിലെ സെഞ്ച്വറി ലോകത്തിൽ വെച്ചേറ്റവും പ്രായം കുറഞ്ഞ ലിസ്റ്റ് എ സെഞ്ച്വറിയായി ചരിത്രത്തിൽ ഇടം പിടിച്ചിരുന്നു. 84 പന്തിൽ 190 (16 ഫോറും 15 സിക്സും സഹിതം) റൺസ് അടിച്ചെടുത്ത വൈഭവ് സൗത്താഫ്രിക്കൻ ഇതിഹാസതാരം എ. ബി ഡിവില്ലിയേസിന്റെ റെക്കോർഡാണ് പഴങ്കഥയാക്കിയത്. വൈഭവിന്റെ മിന്നും പ്രകടനമികവിൽ 574/6 എന്ന ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും മികച്ച ടോട്ടൽ പടുത്തുയർത്താൻ അന്ന് ബിഹാറിന് സാധിച്ചു. മത്സരത്തിൽ സഖിബുൽ ഖനി 32 പന്തിൽ സെഞ്ച്വറിയും ആയുഷ് ലോഹറുക 56 പന്തിൽ 116 റൺസും സംഭാവന നൽകിയിരുന്നു.
സച്ചിനെയും മറികടക്കുമോ?
ക്രിക്കറ്റ് പ്രേമികൾ ഒന്നടങ്കം അവിശ്വസനീയമായി വീക്ഷിക്കുകയും സ്വതസിദ്ധമായ ശൈലിയിൽ സ്ഥിരതയോടെ അടിച്ചു തകർക്കുന്ന വൈഭവിന്റെ പ്രകടനത്തെയും പോരായ്മകളെയും വിമർശിക്കുകയും താരതമ്യത്തിലൂടെ വിലയിരുത്തുകയും ചെയ്യുന്നത് സ്വാഭാവികമാണ്. ക്രിക്കറ്റ് ജ്വരം ചെറുപ്രായത്തിലെ ജീവവായു പോലെ ഏറ്റെടുത്ത വൈഭവിന്റെ പ്രകടനത്തെ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുമായി താരതമ്യം ചെയ്യുന്നവരുമുണ്ട്. ശശി തരൂർ, കൃഷ്ണമാചാരി ശ്രീകാന്ത് പോലുള്ളവർ സച്ചിനെ ഇന്ത്യൻ ടീമിലെടുത്തത് പോലെ വൈഭവിനെയും എത്രയുംവേഗം ടീമിലെത്തിക്കണമെന്നും അവൻ ഭാവിയിലേക്കുള്ള നിക്ഷേപമാണെന്നും സമീപകാലത്ത് അഭിപ്രായപ്പെടുകയുണ്ടായി.
എന്നാൽ, ക്രിക്കറ്റ് ദൈവവുമായി താരതമ്യം ചെയ്യാനും മാത്രം വൈഭവ് വളർന്നിട്ടുണ്ടോ എന്ന് സംശയിക്കുന്നവരും ചില്ലറയല്ല. എന്തുതന്നെയായാലും, സച്ചിന്റെ പ്രതിഭയെ വൈഭവ് പലപ്പോഴായി മറികടന്നുവെന്ന് വേണം കരുതാൻ.
പ്രധാനമായും,
• രഞ്ജി ട്രോഫി അരങ്ങേറ്റം (ഫസ്റ്റ് ക്ലാസ്): 12 വയസ്സും 254 ദിവസവും മാത്രം പ്രായമുള്ളപ്പോഴാണ് വൈഭവ് രഞ്ജിയിൽ പാഡുകെട്ടി അരങ്ങേറ്റം കുറിച്ചത്. അഥവാ, പതിനഞ്ചാം വയസിൽ സച്ചിൻ അരങ്ങേറുന്നതിനും മൂന്നു വർഷങ്ങൾക്ക് മുൻപ്. രഞ്ജി അരങ്ങേറ്റത്തിൽ സച്ചിന്റെയും യുവരാജിന്റെയും റെക്കോർഡുകൾ വൈഭവ് മറികടന്നുവെന്നത് യാഥാർത്ഥ്യമാണ്.
• ഐപിഎൽ അരങ്ങേറ്റം: 14 വയസും 32 ദിവസവുമായി ഐപിഎല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി പോയ സീസണിൽ വൈഭവ് മാറുകയായിരുന്നു.
• ഐപിഎൽ സെഞ്ച്വറി: 14 വയസ്സും 32 ദിവസവും പ്രായമുള്ളപ്പോൾ വൈഭവ് നേടിയ 38 പന്തിൽ 101 റൺസ് (35 പന്തിൽ സെഞ്ച്വറി) പുരുഷ ക്രിക്കറ്റിലും ഏറ്റവും പ്രായം കുറഞ്ഞ സെഞ്ച്വറിയായി ചരിത്രത്തിലിടം പിടിച്ചിട്ടുണ്ട്.
• ലിസ്റ്റ് എ സെഞ്ച്വറി: 14 വയസും 272 ദിവസവുമായി 36 പന്തിൽ വൈഭവ് നേടിയ സെഞ്ച്വറിയാണ് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലിസ്റ്റ് എ സെഞ്ച്വറി.
• ഫാസ്റ്റസ്റ്റ് 150 ലിസ്റ്റ് എ: ലിസ്റ്റ് എ ക്രിക്കറ്റിലൂടെ 64 പന്തിൽ 150 റൺസ് നേടിയ എ.ബി ഡിവില്ലിയേഴ്സിന്റെ റെക്കോർഡും വൈഭവ് മറികടക്കുകയുണ്ടായി. 59 പന്തുകൾ മാത്രം നേരിട്ടാണ് വൈഭവ് 150 റൺസെന്ന നാഴികക്കല്ലിലെത്തുന്നത്.
• യൂത്ത് ക്രിക്കറ്റ്: അണ്ടർ 19 ക്രിക്കറ്റിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും വേഗമേറിയ സെഞ്ച്വറി പിറന്നത് വൈഭവിന്റെ ബാറ്റിൽ നിന്നാണ്. 58 പന്തിലാണ് വൈഭവ് മൂന്നക്കം തൊട്ടത്. ഏറ്റവും പ്രായം കുറഞ്ഞ ഏകദിന ക്യാപ്റ്റൻ, യൂത്ത് ഏകദിന മത്സരങ്ങളിൽ ഏറ്റവും കൂടുതൽ സിക്സറുകൾ എന്നീ ഖ്യാതികളും വൈഭവിന്റെ പേരിലാണുള്ളത്.
സച്ചിന്റെ ചെറുപ്പകാലമെന്നത് ക്ലാസിക്കൽ ബാറ്റിങിന്റെയും സ്ഥിരതയോടെ ക്രീസിൽ നിലയുറപ്പിച്ചു കൊണ്ടുള്ള സമചിത്തതയോടെയുള്ള ശൈലിയായിരുന്നുവെങ്കിൽ വൈഭവിന്റേത് ടി-ട്വന്റിയുടെയും വൈറ്റ് ബോളിന്റെയും അതിവേഗ പവർഹിറ്റിങ് ശൈലിയിലുള്ളതാണ്. ക്രിക്കറ്റ് വിദഗ്ധരിൽ പലരും വൈഭവിന്റെ പ്രകടനത്തെ സച്ചിന്റെ പ്രകടനവുമായി താരതമ്യം ചെയ്യാൻ ഇതിനോടകം തയ്യാറായിട്ടുണ്ടെങ്കിലും സ്റ്റീവ് വോ, വെങ്കടപതി രാജു തുടങ്ങിയ ചിലർ അതൊരു നീതിയുക്തമായ രീതി അല്ലെന്നാണ് അഭിപ്രായപ്പെട്ടത്.
എങ്കിലും, പ്രായം കണക്കിലെടുക്കുമ്പോൾ വൈഭവ് സച്ചിന്റെ ചെറുപ്പകാല റെക്കോർഡുകളിൽ പലതും മറികടന്നിരിക്കുന്നു. അരങ്ങേറ്റത്തിലെ പ്രായം, ടി-ട്വന്റി, ലിസ്റ്റ് എ ഫോർമാറ്റുകളിലെ വേഗത, ഐപിഎൽ പോലുള്ള ആധുനിക വേദികളിലെ പ്രകടനം എന്നിങ്ങനെയുള്ള പല റെക്കോർഡുകളും ചെറിയ പ്രായത്തിലെ വൈഭവ് കരസ്ഥമാക്കിയിരിക്കുന്നു. ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി യുവതലമുറയുടെ കൈകളിൽ സുരക്ഷിതമാണെന്നതിന്റെ ഏറ്റവും അനുയോജ്യമായ ഉദാഹരണമാണ് വൈഭവനടനം.
ക്രിക്കറ്റ് പിച്ചുകളിൽ വൈഭവനടനം കളം നിറയുന്നത് കാണുമ്പോൾ ഈ പയ്യൻ സച്ചിന്റെ പാത പിന്തുടരുകയാണോ അതോ മറികടക്കുമോയെന്ന വാദങ്ങൾ നിരീക്ഷകർക്കിടയിൽ ഉയരുക സ്വാഭാവികം. പക്ഷേ, ഇപ്പോൾ വൈഭവ് സൂര്യവൻഷി ഇന്ത്യൻ ക്രിക്കറ്റിന്റെ ഏറ്റവും തിളങ്ങുന്ന പ്രതീക്ഷയാണ്. മുന്നോട്ടുള്ള കുതിച്ചുചാട്ടത്തിൽ വിലപിടിപ്പുള്ള നിക്ഷേപമാണ്. വൈഭവനടനം തുടരുകയാണ്. ലോകവും ക്രിക്കറ്റ് പ്രേമികളും ഇതിലും മികച്ച പ്രകടനങ്ങൾക്കും ഫലങ്ങൾക്കുമായി കാത്തിരിക്കുന്നു.