ഹിമാലയൻ താഴ്‌വരയുടെ കിഴക്കുഭാഗത്തായാണ് വടക്കുകിഴക്കൻ സംസ്ഥാനമായ അസമിന്റെ സ്ഥാനം. പ്രകൃതിഭംഗിയാൽ സമൃദ്ധവും ബ്രഹ്മപുത്രയുടെ ലാളനയേറ്റു കിടക്കുന്നതുമായ ഈ മണ്ണ് പല ഭാഷകളുടെയും സംസ്കാരങ്ങളുടെയും സംഗമഭൂമിയാണ്. എന്നാൽ നൂറ്റാണ്ടുകളായി അസമിന്റെ മണ്ണിൽ കൃഷിയും അധ്വാനവുമായി കഴിഞ്ഞുകൂടുന്ന 'മിയ' മുസ്‌ലിംകൾ എന്നറിയപ്പെടുന്ന ബംഗാളി സംസാരിക്കുന്ന മുസ്‌ലിം ജനവിഭാഗം നേരിടുന്ന അപരവൽക്കരണവും ഭരണകൂട വേട്ടയുമാണ് ആധുനിക അസമിനെ സങ്കീർണ്ണമായൊരു രാഷ്ട്രീയഭൂമിയാക്കുന്നത്. രാഷ്ട്രീയ–സാമൂഹിക സംഘർഷങ്ങളുടെ കേന്ദ്രമായി അസമിനെ മാറ്റുന്നതിൽ ഏറിയപങ്കും വഹിക്കുന്നത് ഹിമന്ത ബിശ്വശർമയുടെ ബിജെപി സർക്കാരാണ്.
നദിയൊഴുക്കിനൊപ്പം ജീവിക്കുന്ന ഒരു ദരിദ്രസമൂഹമായ മിയാ മുസ്‌ലിംകളെ വർഷങ്ങളായി വേട്ടയാടി ചോരകുടിക്കുകയാണ് അസം സർക്കാർ. സർക്കാരിന്റെ ഭരണക്കൊതിയും വർഗീയ വിഭജനവും നേടിയെടുക്കുന്നത് മിയ മുസ്‌ലിംകൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളെ ബലിനൽകിയാണെന്ന് ഓർക്കണം.
ആരാണ് മിയ മുസ്‌ലിംകൾ?
മിയ മുസ്‌ലിംകൾ അസമിലെ ബംഗാളി സംസാരിക്കുന്ന മുസ്‌ലിം സമൂഹമാണ്. ബാർപേട്ട, ധുബ്രി, ഗോൾപാറ തുടങ്ങിയ ലോവർ, സെൻട്രൽ ആസാം ജില്ലകളിലാണ് ഈ സമൂഹം കൂടുതലായുള്ളത്. 40 ശതമാനത്തോളം മിയ മുസ്‌ലിംകൾ സംസ്ഥാനത്ത് ഉണ്ടെന്നാണ് കണക്ക്. ബ്രിട്ടീഷ് ഭരണകാലത്ത് കൃഷിക്കായി ബംഗാളിൽ നിന്നുള്ള കർഷകരെ അസമിലേക്ക് കുടിയേറാൻ പ്രോത്സാഹിപ്പിച്ചിരുന്നു. അങ്ങനെ എത്തിയ പല കുടുംബങ്ങളും ബ്രഹ്മപുത്രയുടെ തീരങ്ങളിലും ചാർ പ്രദേശങ്ങളിലുമായി താമസമുറപ്പിച്ചു. കാലക്രമേണ അവർ അസമിന്റെ സാമൂഹിക–സാംസ്കാരിക ഘടനയിൽ ചേർന്നുവെങ്കിലും ബംഗ്ലാദേശികളെന്നും കുടിയേറ്റക്കാരെന്നുമുള്ള മുദ്ര ഇപ്പോഴും അവരെ പിന്തുടരുകയാണ്.
ഭരണകൂടത്തിൻ്റെ വിദ്വേഷ രാഷ്ട്രീയം
മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അധികാരമേറ്റത് മുതൽ മിയ മുസ്‌ലിംകൾക്കെതിരെയുള്ള നടപടികൾക്ക് പുതിയൊരു വേഗത കൈവന്നിട്ടുണ്ട്. വെറുമൊരു സാമുദായിക വിദ്വേഷത്തിനപ്പുറം, ആസൂത്രിതമായ സാമ്പത്തിക ബഹിഷ്കരണത്തിനും സാമൂഹികമായ ഒറ്റപ്പെടുത്തലിനും ഭരണകൂടം തന്നെ ആഹ്വാനം ചെയ്യുന്ന ദയനീയ കാഴ്ചയാണ് അസമിലുള്ളത്. വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്യാനും അവർക്ക് ജോലി നൽകാതിരിക്കാനും ആഹ്വാനം ചെയ്യുന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനകൾ ഒരു ആധുനിക ജനാധിപത്യ സമൂഹത്തിനേൽപ്പിക്കുന്ന മുറിവ് ചെറുതല്ല. വികസനത്തിന്റെയോ പരിസ്ഥിതി സംരക്ഷണത്തിന്റെയോ മറവിൽ നടപ്പിലാക്കപ്പെടുന്ന പല പദ്ധതികളും ഒരു പ്രത്യേക ജനവിഭാഗത്തെ ലക്ഷ്യം വെച്ചുകൊണ്ടുള്ളതാണെന്ന വസ്തുത പലപ്പോഴും ചർച്ച ചെയ്യപ്പെടാതെ പോകുന്നു.
തിൻസുകിയ ജില്ലയിലെ ദിഗ്ബോയിയിൽ നടന്ന ചടങ്ങിൽ വെച്ച് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ നടത്തിയ വിവാദ പ്രസ്താവന ആസൂത്രിത വേട്ടയുടെ തെളിവായിതന്നെ കാണണം. മിയ വിഭാഗക്കാരെ ഉപദ്രവിക്കാനും അവർക്കെതിരെ വിവേചനം കാണിക്കാനും വോട്ടർ പട്ടികയിൽ നിന്ന് അവരുടെ പേരുകൾ നീക്കം ചെയ്യാനുമായിരുന്നു മുഖ്യമന്ത്രിയുടെ ആഹ്വാനം. 'മിയ ജനതയെ ദുരിതത്തിലാക്കുക എന്നതാണ് എന്റെ ജോലി' എന്നാണ് ഹിമന്തയുടെ വിവാദമായ വാക്കുകൾ. 'മിയ മുസ്‌ലിംകളെ ഏത് വിധേനയും ബുദ്ധിമുട്ടിക്കണം. അവരുടെ റിക്ഷയിൽ കയറിയാൽ കൂലി അഞ്ച് രൂപയാണെങ്കിൽ അവർക്ക് നാല് രൂപ മാത്രം നൽകുക. ബുദ്ധിമുട്ടുകൾ നേരിട്ടാൽ മാത്രമേ അവർ അസം വിട്ടു പോകൂ' എന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇത് വലിയ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിവെച്ചിരുന്നു.
ഈ വിദ്വേഷ രാഷ്ട്രീയത്തിന്റെ ഏറ്റവും ഒടുവിലത്തെയും ക്രൂരവുമായ ഉദാഹരണമായിരുന്നു 2026 ഫെബ്രുവരിയുടെ തുടക്കത്തിൽ അസം ബിജെപിയുടെ ഔദ്യോഗിക പേജിലൂടെ പുറത്തുവിട്ട ആനിമേഷൻ വീഡിയോ. മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ തോക്കുപയോഗിച്ച് മുസ്‌ലിം സ്വത്വത്തെ സൂചിപ്പിക്കുന്ന വ്യക്തികളെ ഉന്നം വെക്കുന്നതായി ചിത്രീകരിച്ച ഈ വീഡിയോ ഭരണകൂടം നൽകുന്ന അപകടകരമായ സന്ദേശമാണ് വെളിപ്പെടുത്തുന്നത്. ഒരു ജനതയെ മുഴുവൻ വെടിയുണ്ടകൾക്ക് ഇരയാക്കേണ്ട ശത്രുക്കളായി ചിത്രീകരിക്കുന്ന ഈ ദൃശ്യങ്ങൾക്കെതിരെ രാജ്യാന്തര തലത്തിൽ തന്നെ കടുത്ത പ്രതിഷേധമാണ് ഉയർന്നത്. ഇത് വെറുമൊരു പ്രചരണ വീഡിയോയല്ലെന്നും, മറിച്ച് മുസ്‌ലിം സമൂഹത്തിനെതിരെയുള്ള അക്രമങ്ങൾക്ക് ഭരണകൂടം നൽകുന്ന പരോക്ഷമായ അംഗീകാരമാണെന്നും മനുഷ്യാവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. പ്രതിഷേധത്തെത്തുടർന്ന് വീഡിയോ നീക്കം ചെയ്യപ്പെട്ടെങ്കിലും, ഒരു ഭരണകക്ഷി ഇത്തരം പ്രകോപനപരമായ ഉള്ളടക്കം ഔദ്യോഗികമായി പങ്കുവെച്ചത് സാമൂഹിക ഐക്യത്തിന് മേൽ ഏൽപ്പിച്ച മുറിവ് നിസാരമല്ല. മിയാ വിഭാഗക്കാരെ വോട്ടർ പട്ടികയിൽ നിന്ന് പുറത്താക്കാനുള്ള ആസൂത്രിത ശ്രമവും നടന്നുകൊണ്ടിരിക്കുകയാണ്.
ബുൾഡോസർ നീതിയും കുടിയൊഴിപ്പിക്കലുകളും
അസമിലെ കുടിയൊഴിപ്പിക്കലുകൾ കേവലം നിയമപരമായ നടപടികളല്ല, മറിച്ച് പലപ്പോഴും മനുഷ്യത്വഹീനമായ അധികാരപ്രയോഗങ്ങളാണ്. 2024 സെപ്റ്റംബറിൽ സോനാപൂരിലെ കച്ചുതാലിയിൽ നടന്ന കുടിയൊഴിപ്പിക്കൽ ഇതിന് ഉദാഹരണമാണ്. വർഷങ്ങളായി താമസിച്ചുവന്ന മണ്ണിൽ നിന്ന് പൊലീസിന്റെ വെടിയുണ്ടകൾക്കിരയായി മനുഷ്യർ വീണപ്പോഴും, സർക്കാർ ഇതിനെ ‘ഭൂമി ജിഹാദിനെതിരെയുള്ള’ പോരാട്ടമായാണ് വിശേഷിപ്പിച്ചത്. 2021-ൽ ദരാംഗ് ജില്ലയിലെ ധോൽപൂരിൽ നടന്ന ക്രൂരമായ വെടിവെപ്പും, കൊല്ലപ്പെട്ടയാളുടെ മൃതദേഹത്തിന് മുകളിലൂടെയുള്ള അട്ടഹാസങ്ങളും ലോകമനസ്സാക്ഷിയെ ഞെട്ടിച്ചതാണ്. മതിയായ പുനരധിവാസ പദ്ധതിയോ നോട്ടീസോ നൽകാതെ ആയിരക്കണക്കിന് കുടുംബങ്ങളെ തെരുവിലേക്ക് ഇറക്കിവിടുന്നത് വഴി സർക്കാർ സൃഷ്ടിക്കുന്നത് വൻതോതിലുള്ള പലായനങ്ങളും തൊഴിലില്ലായ്മയുമാണ്.
തടങ്കൽ കേന്ദ്രങ്ങൾ: നീതി നിഷേധത്തിന്റെ സ്മാരകങ്ങൾ
2023ൽ പ്രവർത്തനമാരംഭിച്ച മാതിയയിലെ തടങ്കൽ കേന്ദ്രം| Photo Credit: UB PHOTOS
പൗരത്വം തെളിയിക്കാൻ രേഖകളുമായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങുന്ന മിയ മുസ്‌ലിംകളുടെ ദുരിതം അവസാനിക്കുന്നത് പലപ്പോഴും തടങ്കൽ കേന്ദ്രങ്ങളിലാണ് (Detention Centres). ഗോൾപാറയിലെ മാതിയ ഉൾപ്പെടെയുള്ള പടുകൂറ്റൻ തടങ്കൽ കേന്ദ്രങ്ങൾ ലക്ഷക്കണക്കിന് മനുഷ്യരുടെ ഉറക്കം കെടുത്തുന്നു. രേഖകളിലെ അക്ഷരപ്പിശകോ പൊരുത്തക്കേടോ കാരണം ഒരാളെ ‘ഡി-വോട്ടർ’ (Doubtful Voter) ആയി പ്രഖ്യാപിക്കുമ്പോൾ, ആ വ്യക്തിയുടെ മനുഷ്യാവകാശങ്ങൾ പാടേ റദ്ദാക്കപ്പെടുന്നു. ആധാർ കാർഡും വോട്ടർ തിരിച്ചറിയൽ രേഖയും കൈയിലുണ്ടായിട്ടും പൗരത്വം തെളിയിക്കാൻ ഇതൊന്നും പര്യാപ്തമല്ലെന്ന് കോടതികൾ പോലും നിരീക്ഷിക്കുമ്പോൾ, ഈ ജനത അക്ഷരാർഥത്തിൽ ‘രാഷ്ട്രമില്ലാത്ത ജനത’യായി മാറുകയാണ്.
ഗോൾപാറയിലെ താമസ സ്ഥലത്തുനിന്ന് കുടിയിറക്കപ്പെട്ട യുവതി| PHOTO CREDIT:Rokibuz Zaman/Scroll
അസമിലെ ഈ വിവേചനത്തിനെതിരെ ശക്തമായ രാഷ്ട്രീയ പ്രതിരോധം ഉയർത്തുന്നതിൽ പ്രതിപക്ഷ പാർട്ടികൾ പലപ്പോഴും പരാജയപ്പെടുന്നു. പ്രാദേശിക വികാരങ്ങളെയും വോട്ടുബാങ്കിനെയും ഭയന്ന്, മിയ മുസ്‌ലിംകളുടെ മനുഷ്യാവകാശങ്ങൾക്കായി ശബ്ദമുയർത്താൻ പലരും മടിക്കുന്നു. ഇത് ഭരണകൂടത്തിന് തങ്ങളുടെ വിദ്വേഷ രാഷ്ട്രീയവുമായി മുന്നോട്ട് പോകാൻ കൂടുതൽ കരുത്ത് നൽകുന്നു. എന്നാൽ, പൗരസമൂഹത്തിൽ നിന്നും ചില മനുഷ്യാവകാശ സംഘടനകളിൽ നിന്നും ഉയരുന്ന പ്രതിഷേധങ്ങൾ മാത്രമാണ് ഈ ജനതയ്ക്ക് നേരിയ പ്രതീക്ഷ നൽകുന്നത്.
അസമിലെ മുസ്‌ലിം ജനത ഇന്ന് നീതിയുടെയും അനീതിയുടെയും ഇടയിലുള്ള നൂൽപ്പാലത്തിലാണ്. ഭരണകൂടം അവരെ സാമ്പത്തികമായും സാമൂഹികമായും തകർക്കാൻ ശ്രമിക്കുമ്പോൾ, സുപ്രിംകോടതിയുടെ ഇടപെടലുകളും ഹൈക്കോടതിയിൽ നടക്കാനിരിക്കുന്ന നിയമപോരാട്ടങ്ങളുമാണ് അവർക്ക് മുന്നിലുള്ള ഏക പ്രതീക്ഷ. ഒരു ജനവിഭാഗത്തെ സാമ്പത്തികമായും സാമൂഹികമായും തകർത്ത് അവരെ പുറന്തള്ളാൻ ശ്രമിക്കുന്നത് അസമിന്റെ സമാധാനപരമായ സഹവർത്തിത്വത്തിന് ഭീഷണിയാണ്. പൗരത്വവും അവകാശങ്ങളും രേഖകളിൽ മാത്രം ഒതുങ്ങേണ്ടതല്ല, മറിച്ച് ഓരോ മനുഷ്യനും അനുഭവിക്കേണ്ടുന്ന അന്തസ്സാണ്. വിവേചനത്തിന്റെ മതിലുകൾ പണിയുന്നതിന് പകരം, വിദ്യാഭ്യാസവും തൊഴിലും ഉറപ്പാക്കി ഇവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയാണ് അസമിന്റെ യഥാർഥ വികസനത്തിന് വേണ്ടത്. ബ്രഹ്മപുത്രയുടെ ഒഴുക്കുപോലെ, നീതിക്കായുള്ള ആ ജനതയുടെ കാത്തിരിപ്പും തുടരുകയാണ്; ഈ വിവേചനത്തിന്റെ കാലം അവസാനിക്കുമെന്ന പ്രതീക്ഷയിൽ.