'രണ്‍വീര്‍ സിങ്ങായാലും ആരായാലും മതവികാരം വ്രണപ്പെടുത്തരുത്'; 'കാന്താര'യെ കളിയാക്കിയെന്ന കേസില്‍ രൂക്ഷ വിമര്‍ശനം, അറസ്റ്റ് തടഞ്ഞു

ആയിരങ്ങള്‍ ആരാധനയോടെ കാണുന്ന താരമെന്ന നിലയില്‍ രണ്‍വീര്‍ ഉത്തരവാദിത്തം കാണിക്കണമായിരുന്നുവെന്ന് ജസ്റ്റിസ് എം. നാഗപ്രസന്ന പറഞ്ഞു

Update: 2026-02-24 10:15 GMT

ബംഗളൂരു: 'കാന്താര' സിനിമയിലെ ഹിന്ദു ദൈവങ്ങളെ പൊതുവേദിയില്‍ വികലമായി അനുകരിച്ചെന്ന കേസില്‍ ഹോളിവുഡ് നടന്‍ രണ്‍വീര്‍ സിങ്ങിനെ രൂക്ഷമായി വിമര്‍ശിച്ച് കര്‍ണാടക ഹൈക്കോടതി. ആയിരങ്ങള്‍ ആരാധനയോടെ കാണുന്ന താരമെന്ന നിലയില്‍ രണ്‍വീര്‍ ഉത്തരവാദിത്തം കാണിക്കണമായിരുന്നുവെന്ന് ജസ്റ്റിസ് എം. നാഗപ്രസന്ന പറഞ്ഞു. അതേസമയം, അടുത്ത തവണ കേസ് പരിഗണിക്കുന്ന മാര്‍ച്ച് മൂന്ന് വരെ നടനെതിരെ അറസ്റ്റ് ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ സ്വീകരിക്കരുതെന്നും കോടതി നിര്‍ദേശിച്ചു.

നവംബറില്‍ ഗോവ രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപനവേദിയില്‍ 'കാന്താര' ചിത്രത്തിലെ നായകന്‍ ഋഷഭ് ഷെട്ടിയുടെ പ്രകടനത്തെ രണ്‍വീര്‍ അനുകരിച്ചതാണ് കേസിനാസ്പദമായ സംഭവം. സിനിമയില്‍ പ്രതിപാദിക്കുന്ന പഞ്ചുരുളി ദൈവത്തെ വികലമായി അവതരിപ്പിക്കുകയും ചാമുണ്ഡി ദൈവത്തെ പെണ്‍പ്രേതം എന്ന് വിശേഷിപ്പിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് ബെംഗളൂരുവിലെ അഭിഭാഷകനായ പ്രശാന്ത് മെത്തല്‍ ആണ് പരാതി നല്‍കിയത്.

Advertising
Advertising

'നിങ്ങള്‍ ഒരു ആരാധനാമൂര്‍ത്തിയെ കുറിച്ചാണ് പറഞ്ഞത്. അത് എന്താണെന്ന് അറിയില്ലാ എന്നാണെങ്കില്‍ ആദ്യം പഠിക്കണം. എന്നിട്ട് സംസാരിക്കണം. നിങ്ങള്‍ അതിനെ ഒരു 'പെണ്‍ പ്രേതം' എന്ന് വിശേഷിപ്പിക്കരുത്. അത് ശരിയല്ല. നിങ്ങള്‍ക്ക് ആരുടെയും മതവികാരം വ്രണപ്പെടുത്താന്‍ അനുവാദമില്ല. നിങ്ങള്‍ മാപ്പ് രേഖപ്പെടുത്തിയുകൊണ്ട് മാത്രം പറഞ്ഞ വാക്കുകളും ചെയ്ത പ്രവൃത്തികളും തിരിച്ചെടുക്കാനാകുമോ. ഇന്റര്‍നെറ്റ് അതൊന്നും ഒരിക്കലും മറക്കില്ല' -ജസ്റ്റിസ് നാഗപ്രസന്ന പറഞ്ഞു.

തന്റെ വാക്കുകള്‍ അടര്‍ത്തിയെടുത്ത് ദുര്‍വ്യാഖ്യാനം ചെയ്തതാണെന്നായിരുന്നു രണ്‍വീര്‍ സിങ്ങിന്റെ വാദം. ഏതെങ്കിലും മതത്തേയോ വിഭാഗത്തേയോ വേദനിപ്പിക്കണമെന്ന ഉദ്ദേശമുണ്ടായിരുന്നില്ലെന്നും സമൂഹമാധ്യമങ്ങളില്‍ മാപ്പുപറഞ്ഞിരുന്നതായും രണ്‍വീര്‍ കോടതിയെ അറിയിച്ചിരുന്നു. തന്റെ കക്ഷിക്ക് തെറ്റുപറ്റിയെന്നാണ് ഇന്ന് രണ്‍വീറിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സജന്‍ പൂവയ്യ കോടതിയില്‍ പറഞ്ഞത്. കേസ് വീണ്ടും മാര്‍ച്ച് മൂന്നിന് പരിഗണിക്കും.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - ശരത് ലാൽ തയ്യിൽ

Chief Web Journalist

Similar News