'നീതിന്യായ സംവിധാനത്തിലെ അഴിമതി'യും 'കെട്ടിക്കിടക്കുന്ന കേസുകളും' എന്‍സിഇആര്‍ടി പാഠപുസ്തകത്തില്‍
എട്ടാംക്ലാസ് വിദ്യാര്‍ഥികള്‍ക്കായി എന്‍സിഇആര്‍ടി തിങ്കളാഴ്ച പുറത്തിറക്കിയ പുസ്തകത്തിലാണ് ഇക്കാര്യങ്ങള്‍
ന്യൂഡല്‍ഹി: അഴിമതിയും കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകളും നീതിന്യായ സംവിധാനത്തിന്റെ മുന്നോട്ടുപോക്കിലുള്ള വെല്ലുവിളികളാണെന്ന് ചൂണ്ടിക്കാട്ടി എന്‍സിഇആര്‍ടിയുടെ പുസ്തകം. എട്ടാംക്ലാസ് വിദ്യാര്‍ഥികള്‍ക്കായി എന്‍സിഇആര്‍ടി തിങ്കളാഴ്ച പുറത്തിറക്കിയ സാമൂഹിക ശാസ്ത്ര പുസ്തകത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.
'നമ്മുടെ സമൂഹത്തില്‍ നീതിന്യായ സംവിധാനത്തിനുള്ള പങ്ക്' എന്ന പാഠഭാഗത്താണ് ജുഡീഷ്യറിയിലെ അഴിമതിയെ കുറിച്ചും കെട്ടിക്കിടക്കുന്ന കേസുകളെ കുറിച്ചും പറയുന്നത്. നീതിന്യായ സംവിധാനത്തിന്റെ വിവിധ തലങ്ങളിലെ അഴിമതി, കെട്ടിക്കിടക്കുന്ന കേസുകള്‍, ജഡ്ജിമാരുടെ കുറവ്, നിയമ നടപടികളിലെ സങ്കീര്‍ണത, അടിസ്ഥാന സൗകര്യങ്ങളിലെ കുറവ് എന്നിവയാണ് മുന്നോട്ടു പോകുന്നതിലെ വെല്ലുവിളി എന്ന് പുസ്തകം പറയുന്നു.
നേരത്തെയുണ്ടായിരുന്നു പുസ്തകത്തില്‍ ഇക്കാര്യങ്ങള്‍ ഉണ്ടായിരുന്നില്ല. എന്താണ് നീതിന്യായ സംവിധാനം, അതിന്റെ ചുമതലയെന്ത്, ഘടന തുടങ്ങിയ കാര്യങ്ങള്‍ മാത്രമായിരുന്നു പറഞ്ഞിരുന്നത്. അതേസമയം, പുതിയ പുസ്തകത്തില്‍ കോടതികളില്‍ എത്ര കേസുകള്‍ കെട്ടിക്കിടക്കുന്നുണ്ട് എന്ന കാര്യങ്ങള്‍ വരെ പറയുന്നുണ്ട്. സുപ്രിം കോടതിയില്‍ 81,000 കേസുകളും ഹൈക്കോടതികളില്‍ 62,40,000 കേസുകളും ജില്ലാ കോടതികളിലും കീഴ്‌കോടതികളിലുമായി 4.7 കോടി കേസുകളും കെട്ടിക്കിടക്കുന്നുണ്ടെന്ന് പുസ്തകം പറയുന്നു. നീതി വൈകിയെത്തുന്നത് നീതി നിഷേധമാണെന്ന ഉദ്ധരണിയുമുണ്ട്.
ജഡ്ജിമാരുടെ പെരുമാറ്റച്ചട്ടം കോടതിക്കുള്ളിലെ പെരുമാറ്റങ്ങള്‍ക്ക് മാത്രമല്ലെന്നും കോടതിക്ക് പുറത്തെ ഇടപെടലുകള്‍ക്കും ബാധകമാണെന്നും പുസ്തകത്തില്‍ പറയുന്നു. കോടതികള്‍ക്കെതിരായ പരാതികള്‍ സ്വീകരിക്കുന്നതിനുള്ള നടപടിക്രമം, 2017 മുതല്‍ 2021 വരെ ലഭിച്ച പരാതികളുടെ എണ്ണം, ജഡ്ജിമാരെ പുറത്താക്കുന്നതിനുള്ള നടപടിക്രമം എന്നിവയും വിശദീകരിക്കുന്നു. എന്നിട്ടും, നീതിന്യായ വ്യവസ്ഥയുടെ വിവിധ തലങ്ങളില്‍ അഴിമതി നടക്കുകയാണ്. ദരിദ്രര്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കും ഇത് നീതി ലഭിക്കുന്നതിന് തടസമാകുന്നു. നീതിന്യായ സംവിധാനത്തില്‍ വിശ്വാസം വളര്‍ത്താനും സുതാര്യത വര്‍ധിപ്പിക്കാനും സംസ്ഥാനങ്ങളും കേന്ദ്രവും ചേര്‍ന്ന് സ്ഥിരമായി ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും അഴിമതികളില്‍ വേഗത്തില്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും പുസ്തകത്തില്‍ പറയുന്നു.
ഇത് കൂടാതെ, സുപ്രിം കോടതി റദ്ദാക്കിയ ഇലക്ടറല്‍ ബോണ്ടുകളെ കുറിച്ചും ഐടി നിയമത്തിലെ വിവാദ വ്യവസ്ഥകളെ കുറിച്ചും പുസ്തകത്തില്‍ പറയുന്നുണ്ട്.