'മുസ്‌ലിം പെണ്‍കുട്ടിയായതിനാല്‍ മകളുടെ സുഹൃത്തിന് ഡല്‍ഹിയില്‍ വീട് ലഭിച്ചില്ല'; അനുഭവം വിവരിച്ച് സുപ്രിം കോടതി ജസ്റ്റിസ് ഉജ്ജ്വല്‍ ഭുയാന്‍

രാജ്യം റിപ്പബ്ലിക്കായി 75 വര്‍ഷം പിന്നിടുമ്പോഴും സാമൂഹിക ഉച്ചനീചത്വങ്ങള്‍ ഇന്നും തുടരുകയാണെന്ന് ജസ്റ്റിസ് ഭുയാന്‍ ചൂണ്ടിക്കാട്ടി

Update: 2026-02-24 05:31 GMT

ഹൈദരാബാദ്: റിപ്പബ്ലിക്കായി 75 വര്‍ഷം പിന്നിടുമ്പോഴും രാജ്യത്ത് സാമൂഹിക ഉച്ചനീചത്വങ്ങള്‍ ഇന്നും തുടരുകയാണെന്ന് ചൂണ്ടിക്കാട്ടി സുപ്രിം കോടതി ജസ്റ്റിസ് ഉജ്ജ്വല്‍ ഭുയാന്‍. തന്റെ മകളുടെ സുഹൃത്തായ പെണ്‍കുട്ടിക്ക് മുസ്‌ലിമാണ് എന്ന കാരണത്താല്‍ വാടകവീട് നിഷേധിച്ച കാര്യം അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി. ഭരണഘടനാ ധാര്‍മികതയെ കുറിച്ച് തെലങ്കാന സ്റ്റേറ്റ് ജുഡീഷ്യല്‍ അക്കാദമി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ജസ്റ്റിസ് ഉജ്ജ്വല്‍ ഭുയാന്‍.

'എന്റെ മകളുടെ സുഹൃത്ത് നോയിഡയിലെ ഒരു സ്വകാര്യ സര്‍വകലാശാലയില്‍ പിഎച്ച്ഡി ചെയ്യുകയാണ്. ആ കുട്ടി സൗത്ത് ഡല്‍ഹിയില്‍ ഒരു താമസസ്ഥലം അന്വേഷിച്ചു ചെന്നു. അവിടെ വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റല്‍ നടത്തുന്ന ഒരു സ്ത്രീയെ കുട്ടി പോയി കണ്ടു. അവര്‍ കുട്ടിയുടെ പേര് ചോദിച്ചു. പേര് പറഞ്ഞതില്‍ നിന്ന് അവര്‍ക്ക് ഒന്നും വ്യക്തമായില്ല. ഈ സ്ത്രീ കുട്ടിയുടെ പേരിനൊപ്പമുള്ള കുടുംബപ്പേര് ചോദിച്ചു. അത് പറഞ്ഞതോടെ കുട്ടി മുസ്‌ലിമാണെന്ന് അവര്‍ക്ക് മനസ്സിലായി. താമസസ്ഥലം ലഭിക്കില്ലെന്നും വേറെ എവിടെയെങ്കിലും പോയി അന്വേഷിക്കൂവെന്നും ആ സ്ത്രീ ഒറ്റയടിക്ക് പറഞ്ഞു' -ജസ്റ്റിസ് ഭുയാന്‍ പറഞ്ഞു.

Advertising
Advertising

ഒഡിഷയില്‍ നിന്നുള്ള മറ്റൊരു സംഭവവും വിവേചനത്തിന്റെ ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി. 'ഗ്രാമീണ മേഖലയിലെ കുട്ടികളെ സ്‌കൂളിലെത്തിച്ച് അടിസ്ഥാന വിദ്യാഭ്യാസം നേടാന്‍ പ്രോത്സാഹിപ്പിക്കുന്നതിന് കൂടിയാണ് സര്‍ക്കാര്‍ ഉച്ചഭക്ഷണ പരിപാടി നടപ്പാക്കിയത്. ഇതില്‍ ഉച്ചഭക്ഷണം തയാറാക്കുന്നതിനായി സര്‍ക്കാര്‍ നിരവധി സ്ത്രീകളെ നിയോഗിച്ചു. എന്നാല്‍, ചില രക്ഷിതാക്കള്‍ ഇതിനെതിരെ എതിര്‍പ്പുമായെത്തി. ദലിത് സ്ത്രീകള്‍ പാചകം ചെയ്ത ഭക്ഷണം തങ്ങളുടെ മക്കള്‍ കഴിക്കില്ലെന്നായിരുന്നു പലരും കോപാകുലരായി പറഞ്ഞത്' -ജസ്റ്റിസ് ഭുയാന്‍ പറഞ്ഞു. സാമൂഹിക ഉച്ചനീചത്വങ്ങള്‍ എത്രത്തോളം ആഴത്തിലുണ്ട് എന്നതിന്റെ വെറും ഉദാഹരണങ്ങള്‍ മാത്രമാണിതെന്നും പുറത്തുകാണുന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടന വിഭാവനം ചെയ്യുന്ന ധാര്‍മ്മികതയില്‍ നിന്ന് നമ്മള്‍ എത്രത്തോളം അകലെയാണെന്ന് ചൂണ്ടിക്കാട്ടുന്ന കണ്ണാടിയാണ് ഈ സംഭവങ്ങളെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - ശരത് ലാൽ തയ്യിൽ

Chief Web Journalist

Similar News