എട്ട് ലക്ഷം വായ്പയെടുത്തു, കൂട്ടുകാരോട് കടംവാങ്ങി; വിദഗ്ധ ചികിത്സക്കായി പോകവേ വിമാനദുരന്തം, വേദന താങ്ങാനാകാതെ സഞ്ജയിയുടെ കുടുംബം

ഇന്നലെ വൈകീട്ട് റാഞ്ചി വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടനെ എയര്‍ ആംബുലന്‍സ് തകരുകയായിരുന്നു

Update: 2026-02-24 06:26 GMT

റാഞ്ചിയില്‍: ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ എയര്‍ ആംബുലന്‍സ് തകര്‍ന്നത് ഗുരുതരാവസ്ഥയിലുള്ള രോഗിയെ വിദഗ്ധ ചികിത്സക്കായി ഡല്‍ഹിയിലേക്ക് മാറ്റുന്നതിനിടെ. റാഞ്ചി വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടനെ വിമാനം തകരുകയായിരുന്നു. രണ്ട് പൈലറ്റുമാര്‍, രോഗി, രോഗിയുടെ രണ്ട് ബന്ധുക്കള്‍, ഒരു ഡോക്ടര്‍, ഒരു പാരാമെഡിക് ജീവനക്കാരന്‍ എന്നിവരാണ് വിമാനത്തിലുണ്ടായിരുന്നത്. ഏഴ് പേരും അപകടത്തില്‍ മരിച്ചു.

കഴിഞ്ഞ തിങ്കളാഴ്ച ജാര്‍ഖണ്ഡിലെ ചാന്ദ്വയിലെ ഹോട്ടലിലുണ്ടായ തീപ്പിടിത്തത്തില്‍ സാരമായി പരിക്കേറ്റ സഞ്ജയ് എന്നയാളെയും കൊണ്ട് ഡല്‍ഹിയിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം. ചാന്ദ്വയില്‍ ഹോട്ടല്‍ നടത്തുകയായിരുന്നു സഞ്ജയ്. തിങ്കളാഴ്ച ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് ഹോട്ടലിന് തീപ്പിടിച്ചാണ് സഞ്ജയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. നാട്ടിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സഞ്ജയ്ക്ക് എത്രയും വേഗം വിദഗ്ധ ചികിത്സ നല്‍കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന്, എട്ട് ലക്ഷം രൂപ വായ്പയെടുത്തും സുഹൃത്തുക്കളില്‍ നിന്ന് കടം വാങ്ങിയുമാണ് ഡല്‍ഹിയിലെ ചികിത്സക്കും എയര്‍ ആംബുലന്‍സിന്റെ വാടകയ്ക്കുമായി കുടുംബം പണം കണ്ടെത്തിയത്.

Advertising
Advertising

ഡല്‍ഹിയിലെ ഗംഗാറാം ആശുപത്രിയിലേക്ക് മാറ്റാനായിരുന്നു തീരുമാനം. സഞ്ജയ്‌ക്കൊപ്പം ഭാര്യ അര്‍ച്ചനയും ബന്ധുവായ ദ്രുവ് എന്നയാളും വിമാനത്തിലുണ്ടായിരുന്നു. ഇവരെ കൂടാതെ പൈലറ്റായ ക്യാപ്റ്റന്‍ വിവേക് വികാസ് ഭഗത്, സഹ പൈലറ്റ് സവ്രജ്ദീപ് സിങ്, മെഡിക്കല്‍ ടീമിലെ ഡോക്ടര്‍ വികാസ് കുമാര്‍ ഗുപ്ത, സഹായി സചിന്‍ കുമാര്‍ ഗുപ്ത എന്നിവരുമാണ് ഒപ്പമുണ്ടായത്. ഒരാള്‍ പോലും അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടില്ല.

റെഡ്‌ബേര്‍ഡ് എയര്‍വേയ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബീച്ച്ക്രാഫ്റ്റ് സി90 വിമാനമാണ് ജാര്‍ഖണ്ഡിലെ ഛത്ര ജില്ലയില്‍ തകര്‍ന്നുവീണത്. റാഞ്ചിയില്‍ നിന്ന് വൈകിട്ട് 7.11 ന് പറന്നുയര്‍ന്ന വിമാനത്തിന് 23 മിനിറ്റിനുശേഷം റഡാര്‍ ബന്ധം നഷ്ടപ്പെട്ടിരുന്നു. പിന്നാലെയാണ് ദുരന്തവാര്‍ത്തയെത്തിയത്.

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - ശരത് ലാൽ തയ്യിൽ

Chief Web Journalist

Similar News