യു.എസിൽ തടാകത്തിലെ മഞ്ഞുപാളികൾക്കിടയിൽ വീണ് മൂന്ന് ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെട്ടു

തണുത്തുറഞ്ഞ തടാകത്തിലൂടെ മൂന്ന് പേരും നടക്കുന്നതിനിടെയാണ് അപകടം

Update: 2022-12-28 05:26 GMT
Editor : ലിസി. പി | By : Web Desk

വാഷിംഗ്ടൺ: യുഎസിലെ അരിസോണയിൽ തണുത്തുറഞ്ഞ തടാകത്തിലൂടെ നടക്കുന്നതിനിടെ മഞ്ഞുപാളികൾക്കിടയിലൂടെ വീണ് ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് ഇന്ത്യൻ പൗരന്മാർ മുങ്ങിമരിച്ചു. 26 ന് ഉച്ചകഴിഞ്ഞ് 3:35 ന് അരിസോണയിലെ കൊക്കോണിനോ കൗണ്ടിയിലെ വുഡ്‌സ് കാന്യോൺ തടാകത്തിലാണ് സംഭവം.നാരായണ മുദ്ദന(49), ഗോകുൽ മെഡിസെറ്റി(47), ഹരിത മുദ്ദന എന്നിവരാണ് മരിച്ചത്.

കൊല്ലപ്പെട്ട മൂന്ന് പേരും അരിസോണയിലെ ചാൻഡലറിലാണ് താമസിക്കുന്നത്. അവർ ഇന്ത്യൻപൗരന്മാരാണെന്നും കൗണ്ടി ഷെരീഫ് ഓഫീസ് (സിസിഎസ്ഒ) ചൊവ്വാഴ്ച പ്രസ്താവനയിൽ പറഞ്ഞു. വെള്ളത്തിൽ വീണ ഉടനെ ഹരിതയെ കരയിലേക്ക് വലിച്ചെത്തിച്ചെങ്കിലും അവർ സംഭവസ്ഥലത്ത് തന്നെ മരിച്ചുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

Advertising
Advertising

എന്നാൽ മറ്റ് രണ്ടുപേർക്ക് വേണ്ടി തെരച്ചിൽ നടത്തുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് രണ്ടുപേരെയും മരിച്ചനിലയിൽ കണ്ടെത്തിയതെന്ന് ഷെരീഫിന്റെ ഓഫീസ് അറിയിച്ചു.

അതിനിടയില്‍ അമേരിക്കയില്‍ അതിശൈത്യം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ശീതക്കൊടുങ്കാറ്റില്‍ അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം 60 കടന്നു. തെക്കന്‍ ന്യൂയോര്‍ക്കില്‍ ഹിമപാതത്തില്‍ 27 പേരാണ് കഴിഞ്ഞദിവസം മരിച്ചത്. കനത്ത മഞ്ഞു വീഴ്ചയെത്തുടര്‍ന്ന് ഗതാഗത സംവിധാനങ്ങള്‍ താറുമാറായി.

പലയിടങ്ങളിലും അടിയന്തര സര്‍വീസുകള്‍ക്ക് എത്തിപ്പെടാനാകാത്ത അവസ്ഥയാണ്. ആയിരക്കണക്കിന് വാഹനങ്ങളാണ് റോഡില്‍ കുടുങ്ങിക്കിടക്കുന്നത്. നിരവധി വിമാനസര്‍വീസുകള്‍ റദ്ദാക്കി. ശീത കൊടുങ്കാറ്റിനെ തുടര്‍ന്ന് വൈദ്യുതി ലൈനുകള്‍ തകരാറിലായതോടെ വിവിധ സ്ഥലങ്ങളില്‍ വൈദ്യുതബന്ധവും വിച്ഛേദിക്കപ്പെട്ട നിലയിലാണ്. . 100 വർഷത്തിനിടയിൽ അമേരിക്കയിലുണ്ടായ ഏറ്റവും രൂക്ഷമായ ശൈത്യമാണ് ഇപ്പോൾ ദുരിതം വിതയ്ക്കുന്നത്. മഞ്ഞുവീഴ്ചയെ തുടർന്ന് കൂടുതൽ ആളപായമുണ്ടായ ന്യൂയോർക്കിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

അമേരിക്കയിൽ റെയിൽ, റോഡ് വ്യോമഗതാഗതങ്ങളെല്ലാം താറുമാറായിട്ടുണ്ട്. പലയിടത്തും മൈനസ് 50 ഡിഗ്രി വരെ താപനിലയെത്തി. തിങ്കളാഴ്ച ഉച്ചവരെ ഏകദേശം 2,085 ആഭ്യന്തര രാജ്യാന്തര വിമാനസർവീസുകളാണു യുഎസിൽ റദ്ദാക്കിയത്. കാറുകളുടെയും വീടുകളുടെയും മുകളിൽ ആറടിയോളം ഉയരത്തിൽ മഞ്ഞുപൊതിഞ്ഞിരിക്കയാണ്. രണ്ട് ദിവസമായി പലരും കാറുകൾക്കുള്ളിൽ കുടുങ്ങിക്കിടക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്. ബഫലോയിൽ ഏതാനും പേർ കാറുകളിൽ മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തു. ഇവിടെ 18 അടി ഉയരത്തിലുള്ള മഞ്ഞുകൂനയിൽ മുങ്ങിയ ഒരു വൈദ്യുതി സബ്‌സ്റ്റേഷൻ പൂട്ടി.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News