ശ്രീലങ്കൻ പ്രസിഡന്റിന്റെ വീട്ടിൽനിന്ന് മോഷ്ടിച്ചത് സ്വർണം പൂശിയ 40 പിച്ചള പാത്രങ്ങൾ; വിൽപ്പനയ്ക്കിടെ പ്രതികളെ പിടികൂടി പൊലീസ്

പ്രതികൾ മയക്കുമരുന്നിന് അടിമകളാണെന്ന് സംശയിക്കുന്നതായി പൊലീസ്

Update: 2022-07-25 13:01 GMT
Editor : afsal137 | By : Web Desk
Advertising

കൊളംബോ: കൊളംബോയിലെ പ്രസിഡന്റ് ഹൗസിൽ നിന്നും സ്വർണം പൂശിയ 40 പിച്ചള പാത്രങ്ങൾ മോഷ്ടിച്ചവരെ പിടികൂടി പൊലീസ്. പാത്രങ്ങൾ വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് മൂന്ന് പേരെ വേലിക്കട പൊലീസ് പിടികൂടിയത്. ജൂലൈ 9 ന് മുൻ പ്രസിഡന്റ് ഗോതബയ രാജപക്സെയുടെ ഔദ്യോഗിക വസതിയും നിലവിലെ പ്രസിഡന്റ് റനിൽ വിക്രമസിംഗെയുടെ സ്വകാര്യ വസതിയും സർക്കാർ വിരുദ്ധ പ്രക്ഷോഭകർ കയ്യടക്കിയിരുന്നു. ഇതിനിടെയാണ് മൂവർ സംഘം സ്വർണം പൂശിയ പിച്ചള പാത്രങ്ങൾ മോഷ്ടിച്ചത്. ഇവരെ അറസ്റ്റു ചെയ്തതായി ഓൺലൈൻ മാധ്യമം ഡെയ്ലി മിറർ റിപ്പോർട്ട് ചെയ്തു.

28, 34, 37 വയസ്സുള്ള പ്രതികൾ രാജഗിരിയയിലെ ഒബേശേഖരപുര സ്വദേശികളാണ്. മൂവരും മയക്കുമരുന്നിന് അടിമകളാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഇവരെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിവിഷനു കൈമാറുമെന്നും പൊലീസ് അറിയിച്ചു. പ്രസിഡന്റിന്റെ കൊട്ടാരത്തിൽനിന്നും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽനിന്നും അപൂർവ പുരാവസ്തുക്കൾ ഉൾപ്പെടെയുള്ള നിരവധി വസ്തുക്കൾ മോഷണം പോയിട്ടുണ്ട്. ഇതുസംബന്ധിച്ച് അന്വേഷണം ആരംഭിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചതായി ശനിയാഴ്ച പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് വെബ് പോർട്ടൽ കൊളംബോ പേജ് അറിയിച്ചു.

പ്രസിഡൻഷ്യൽ കൊട്ടാരം പുരാവസ്തു പ്രാധാന്യമുള്ള സ്ഥലമായി ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും, ശ്രീലങ്കൻ പുരാവസ്തു വകുപ്പിന് അതു സംബന്ധിച്ച രേഖകൾ ഇല്ലാത്തത് അന്വേഷണ സംഘത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. സമാധാനപരമായി പ്രതിഷേധിക്കാനുള്ള ജനങ്ങളുടെ അവകാശത്തെ താൻ മാനിക്കുന്നുവെന്നും എന്നാൽ ഇനിയൊരു പൊതുമുതൽ കയ്യേറാൻ അവരെ അനുവദിക്കില്ലെന്നും പ്രസിഡന്റ് പദം ഏറ്റെടുത്ത റനിൽ വിക്രമസിംഗെ പറഞ്ഞു.

ജനങ്ങൾ പൊതുസ്ഥലങ്ങളിൽ അതിക്രമിച്ചുകയറുന്നതും പാർലമെന്റ് തടസ്സപ്പെടുത്തുകയും ചെയ്യുന്നത് തടയാൻ ശ്രീലങ്കയിലെ സായുധ സേനയെയും പോലീസിനെയും താൻ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും വിക്രമസിംഗെ പറഞ്ഞു. പൊതു മുതൽ കയ്യേറി അവിടെ താമസിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറയിപ്പു നൽകി.22 ദശലക്ഷം ജനങ്ങളുള്ള ശ്രീലങ്ക, അഭൂതപൂർവമായ സാമ്പത്തിക പ്രതിസന്ധിയുടെ പിടിയിലാണ്. ദശലക്ഷക്കണക്കിന് ആളുകളാണ് ഭക്ഷണവും മരുന്നും ഇന്ധനവും മറ്റ് അവശ്യവസ്തുക്കളും വാങ്ങാൻ പാടുപെടുന്നത്. 51 ബില്യൺ ഡോളറാണ് ശ്രീലങ്കയുടെ വിദേശ കടം.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News