ഗസ്സക്കായി ഭക്ഷണം കടലിലെറിഞ്ഞ് ഈജിപ്‌തുകാർ; ഒഴുകിയെത്തുന്ന കുപ്പികൾ പട്ടിണി മാറ്റുമോ?

ഈ കുപ്പികൾ ഗസ്സയിലേക്ക് എത്തുമോ ഇല്ലയോ എന്നൊന്നും ഞങ്ങൾക്കറിയില്ല. പക്ഷേ ആളുകൾ വിശന്ന് മരിക്കുന്നത് നോക്കി നിൽക്കാൻ ഞങ്ങൾക്ക് കഴിയില്ല എന്ന് ആക്‌ടിവിസ്റ്റുകളിൽ ഒരാൾ പറയുന്നു. ഒരു ഭാഗത്ത് പ്രതീക്ഷകൾ ഉയർത്തുമ്പോൾ ഇസ്രയേലിനെതിരേയുള്ള കുപ്പിപ്രതിരോധം കടലിനെ മലിനമാക്കുമെന്ന വിമർശനവും മറുവശത്ത് ഉയരുന്നുണ്ട്.

Update: 2025-07-28 11:53 GMT
Editor : banuisahak | By : Web Desk

ഗസ്സയിലെ പട്ടിണിമരണങ്ങളെ കുറിച്ചും ഉപരോധങ്ങളെ കുറിച്ചും നിരവധി വാർത്തകളും റിപ്പോർട്ടുകളും ദിവസേനെ നാം കാണാറുണ്ട്. ഇതിൽ മനസിനെ പിടിച്ചുലച്ച ഒരു ഫോട്ടോയുണ്ട്... സോഷ്യൽ മീഡിയയിൽ ഈ ഒരു ചിത്രം കണ്ടവർക്കാർക്കും ഒന്നുകൂടി അതിലേക്ക് നോക്കാൻ മനസനുവദിച്ചിട്ടുണ്ടാകില്ല. ഗസ്സ സിറ്റിയിലെ 18 മാസം പ്രായമുള്ള മുഹമ്മദ് സക്കരിയ അയ്യൂബ് അൽ-മതൂഖിനെ എടുത്തുകൊണ്ട് നിൽക്കുന്ന അമ്മയുടെ ചിത്രം. എല്ലുന്തിയ മുഹമ്മദ് സക്കരിയയുടെ ആ ഫോട്ടോ ഗസ്സയുടെ നേർകാഴ്‌ചയാണ്, യാഥാർഥ്യമാണ്. പോഷകാഹാരക്കുറവ് മൂലം ദിവസേനെ ഓരോ കുഞ്ഞുങ്ങളും മരണം മുന്നിൽ കണ്ട് കഴിയുകയാണ്. പക്ഷേ, കണ്ട് വേദനിക്കുക എന്നല്ലാതെ നമുക്ക് എന്ത് ചെയ്യാനാകും? ഈ ചോദ്യത്തിന് ഉത്തരമാവുകയാണ് ഒരു കൂട്ടം ആക്‌ടിവിസ്റ്റുകൾ... 

Advertising
Advertising

ഗസ്സയിലേക്ക് പ്രതീക്ഷയുടെ ഒരു കുപ്പി... അരി ഉൾപ്പെടെയുള്ള ധാന്യങ്ങളും ഉണക്കിയ മറ്റു ഭക്ഷ്യവസ്‌തുക്കളും കുപ്പികളിൽ നിറച്ച് മെഡിറ്ററേനിയൻ കടലിലേക്ക് എറിയുകയാണ് ഈജിപ്‌തിൽ നിന്നുള്ള ആക്‌ടിവിസ്റ്റുകൾ. ഇസ്രായേലിന്റെ കടുത്ത ഉപരോധങ്ങൾ ഗസ്സയിലേക്കുള്ള എല്ലാ സഹായങ്ങളും തടഞ്ഞിരിക്കുന്നതിനാൽ അവസാന മാർഗം എന്ന നിലയിലാണ് നിരവധി അറബ് രാജ്യങ്ങളിൽ നിന്നുള്ള ആക്‌ടിവിസ്റ്റുകൾ ചേർന്ന്, 'സീ ടു സീ, എ ബോട്ടിൽ ഓഫ് ഹോപ് ടു ഗസ്സ' എന്ന ക്യാമ്പയിൻ ആരംഭിച്ചത്. ഈജിപ്‌തിനെ കൂടാതെ ലിബിയ, അൾജീരിയ, മൊറോക്കോ എന്നീ രാജ്യങ്ങളിലെ പ്രവർത്തകരും ഇതിന്റെ ഭാഗമായിട്ടുണ്ട്.

ആശയം വളരെ ലളിതമാണ്. ഒന്നോ രണ്ടോ ലിറ്റർ കപ്പാസിറ്റിയുള്ള ഒഴിഞ്ഞ വെള്ളക്കുപ്പികളിൽ അരി, പയർ, മറ്റ് ഉണങ്ങിയ ധാന്യങ്ങൾ എന്നിവ നിറച്ച് ഇവ ശക്തമായി അടച്ച് ഈജിപ്റ്റ്, ലിബിയ, ടുണീഷ്യ, അൾജീരിയ, മൊറോക്കോ തുടങ്ങിയ മെഡിറ്ററേനിയൻ രാജ്യങ്ങളുടെ തീരങ്ങളിൽ നിന്ന് കടലിലേക്ക് എറിയുകയാണ്. . ഈ അന്നക്കുപ്പികൾ ഗസ്സയുടെ തീരത്തെത്തുമെന്നും ജനങ്ങളുടെ പട്ടിണിമാറ്റുമെന്നുമാണ് പ്രതീക്ഷ.

"മെസേജസ് ഇൻ ബോട്ടിൽസ്" എന്ന ആശയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഈ ആശയം സോഷ്യൽ മീഡിയയിൽ തരംഗമായി മാറി. ഈജിപ്‌തുകാർ കുപ്പികൾ അടച്ച് കടലിലേക്ക് എറിയുന്ന വീഡിയോകൾ വ്യാപകമായി പ്രചരിച്ചു.

ഈ കുപ്പികൾ ഗസ്സയിലേക്ക് എത്തുമോ ഇല്ലയോ എന്നൊന്നും ഞങ്ങൾക്കറിയില്ല. പക്ഷേ ആളുകൾ വിശന്ന് മരിക്കുന്നത് നോക്കി നിൽക്കാൻ ഞങ്ങൾക്ക് കഴിയില്ല എന്ന് ആക്‌ടിവിസ്റ്റുകളിൽ ഒരാൾ പറയുന്നു. ഒരു ഭാഗത്ത് പ്രതീക്ഷകൾ ഉയർത്തുമ്പോൾ ഇസ്രയേലിനെതിരേയുള്ള കുപ്പിപ്രതിരോധം കടലിനെ മലിനമാക്കുമെന്ന വിമർശനവും മറുവശത്ത് ഉയരുന്നുണ്ട്.

ഏറ്റവും കൂടുതൽ ആളുകൾ ഒരേ സമയം വിശന്നിരിക്കുന്ന സ്ഥലം എന്നാണ് ഗസ്സയെ യുഎൻ വിശേഷിപ്പിച്ചത്. ലോകാരോഗ്യ സംഘടനയുടെ ഡയറക്‌ടർ ജനറൽ ഡോ.ടെഡ്രോസ് അധാനോം ഗെബ്രിയേസസ് ഈ സാഹചര്യത്തെ 'മനുഷ്യനിർമിത ദുരന്തം' എന്ന് വിശേഷിപ്പിച്ചു. ഇസ്രായേലിന്റെ മാനുഷിക സഹായ നിയന്ത്രണങ്ങൾ മൂലം 2025 ജൂലൈ വരെ ഗസ്സയിലെ 21 ലക്ഷം ആളുകൾ കടുത്ത പട്ടിണിയിലാണെന്നാണ് റിപ്പോർട്ട്. ഏകദേശം അഞ്ച് ലക്ഷം പേർക്ക് അതീവ പോഷകാഹാരക്കുറവുണ്ട്. ജൂലൈ 24 വരെ 111 പട്ടിണി മരണങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അതിൽ 80 കുട്ടികളും ഉൾപ്പെടുന്നു. ഒരു ദിവസം 10 മരണങ്ങൾ എങ്കിലും സംഭവിക്കുന്നുണ്ട്.

ഖാൻ യൂനിസിലെ നാസർ ആശുപത്രി പോഷകാഹാരക്കുറവുള്ള കുട്ടികളാൽ നിറഞ്ഞിരിക്കുന്നു. ചിലർ ആറാഴ്‌ച മാത്രം പ്രായമുള്ളവർ, വാരിയെല്ലുകൾ തള്ളി കരയാൻ പോലും ആരോഗ്യമില്ലാത്ത നവജാത ശിശുക്കൾ. ഭക്ഷണം കഴിക്കാൻ സാധിക്കാത്തത് മൂലം മുലപ്പാൽ കൊടുക്കാൻ പോലും കഴിയാത്ത അമ്മമാരും. ഇസ്രായേൽ നിയന്ത്രണത്തിലുള്ള സഹായവിതരണ കേന്ദ്രത്തിലും ദുരന്തങ്ങളുടെ ആവർത്തനമാണ് നടക്കുന്നത്. യുഎൻ-നേതൃത്വത്തിലുള്ള സഹായ സംവിധാനങ്ങളെ മറികടന്ന് ഫലസ്‌തീനികളുടെ കൊലക്കളമായി മാറിയിരിക്കുന്നു ഗസ്സ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ. സഹായ ട്രക്കുകളിലേക്ക് ഓടിക്കയറുന്ന ജനക്കൂട്ടത്തെ വെടിവെച്ചിട്ടും അവർക്ക് നേരെ കുരുമുളക് സ്പ്രേ പ്രയോഗിച്ചും ഇസ്രായേൽ സേനയുടെ ക്രൂരതകൾ തുടരുകയാണ് ഇവിടെ.

950ലധികം സഹായ ട്രക്കുകൾ ഈജിപ്‌ത്- ഗസ്സ അതിർത്തിയിൽ കാത്തുകിടക്കുകയാണ്. ട്രക്കുകളിലുള്ള ഭക്ഷണസാധനങ്ങളിൽ കൂടുതലും ചീത്തയായി തുടങ്ങിയിരിക്കുന്നു. യുഎന്നിന്റെ ഭക്ഷ്യാവകാശ പ്രത്യേക റിപ്പോർട്ടർ മൈക്കൽ ഫക്രിയും ഇസ്രായേൽ വിശപ്പിനെ ആയുധമായി ഉപയോഗിക്കുന്നതായി ആരോപിക്കുന്നു. ഇത് അന്താരാഷ്ട്ര നിയമപ്രകാരം യുദ്ധക്കുറ്റമാണ്.

അന്താരാഷ്ട്ര സമ്മർദവും വർധിക്കുകയാണ്. യൂറോപ്യൻ യൂണിയൻ, ജോർദാൻ, യുഎഇ തുടങ്ങിയ രാജ്യങ്ങൾ എയർഡ്രോപ്പുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, അപകടകരമാണെന്ന മുന്നറിയിപ്പുകൾ വിദഗ്‌ധർ നൽകുന്നു. ചികിത്സക്കായി കുട്ടികളെ ഒഴിപ്പിക്കാൻ ബ്രിട്ടൻ ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതിനിടെയാണ് 'എ ബോട്ടിൽ ഓഫ് ഹോപ്പ്' പോലെയുള്ള ക്യാമ്പയിനുകളും നടക്കുന്നത്.

മടിച്ചുനിൽക്കേണ്ട, നിങ്ങൾക്ക് എന്താണോ ചെയ്യാൻ കഴിയുന്നത് അത് ചെയ്യുക... ഈ ബോട്ടിലുകൾ ഗസ്സയിൽ എത്തുമോ? 20 ലക്ഷം ആളുകളുടെ വിശപ്പ് മാറ്റാൻ ഇതുകൊണ്ട് സാധിക്കുമോ? ഇങ്ങനെ പല ചോദ്യങ്ങളും ഉയർന്നേക്കും. ഈ കുപ്പികൾ ചിലപ്പോൾ അവിടെ എത്തില്ലായിരിക്കും... പക്ഷെ, ഇതുവഴി നൽകുന്ന സന്ദേശം ഗസ്സയിലും ലോകമെങ്ങും എത്തും എന്നതാണ് ഉത്തരം. ആ സന്ദേശം ഇങ്ങനെയാണ്... ഞങ്ങളുണ്ട് നിങ്ങളോടൊപ്പം... നിങ്ങളുടെ വേദന ഞങ്ങൾ അറിയുന്നു.. ചിലപ്പോൾ ഇത്തരം ചെറിയ പ്രവർത്തികൾ ക്രൂരമായ ഉപരോധം തകർക്കാൻ സഹായിച്ചേക്കാം... 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News