അഫ്ഗാനിൽ നിന്ന് രക്ഷപ്പെടാൻ ശ്രമം; വിമാനത്തിന്റെ ലാന്റിങ് ഗിയറിൽ കുടുങ്ങി ഫുട്‌ബോൾ താരം കൊല്ലപ്പെട്ടു

വിമാനത്തിൽ നിന്ന് വീണവർക്കൊപ്പം സകി അൻവരി ലാന്റിങ് ഗിയറിലാണ് ഇരുന്നിരുന്നത്. ഇവിടെ കുടുങ്ങിപ്പോവുകയായിരുന്നു.

Update: 2021-08-19 12:43 GMT
Editor : André | By : Web Desk
Advertising

കാബൂൾ വിമാനത്താവളത്തിൽ നിന്ന് അഭയാർത്ഥികളുമായി പറന്നുയർന്ന യു.എസ് സൈനിക വിമാനത്തിന്റെ ലാന്റിങ് ഗിയറിൽ കുടുങ്ങി അഫ്ഗാൻ ഫുട്‌ബോൾ താരം സകി അൻവരി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അഫ്ഗാൻ യൂത്ത് ദേശീയ ടീമിൽ അംഗമായിരുന്ന സകി അൻവരി യു.എസ് എയർഫോഴ്‌സ് സി 7 വിമാനത്തിന്റെ ലാന്റിങ് ഗിയറിലിരുന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ മരിക്കുകയായിരുന്നുവെന്ന് അഫ്ഗാനിലെ പ്രമുഖ വാർത്താ ചാനൽ അരിയാന ന്യൂസ് റിപ്പോർട്ട് ചെയ്തു.

കാബൂൾ വിമാനത്താവളത്തിൽ നിന്ന് അഭയാർത്ഥികളുമായി പുറപ്പെട്ട യു.എസ് വ്യോമസേനാ വിമാനത്തിൽ ഇടം ലഭിക്കാത്തതിനെ തുടർന്നാണ് സകി അൻവരിയടക്കമുള്ളവർ ലാന്റിങ് ഗിയറിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചത്. എന്നാൽ വിമാനം ടേക്ക് ഓഫ് ചെയ്തതിനു തൊട്ടുപിന്നാലെ രണ്ടുപേർ പിടിവിട്ടു നിലത്തു വീണു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. വിമാനത്തിൽ നിന്ന് വീണ ഇരുവരും തൽക്ഷണം മരിച്ചതായാണ് വിവരം. ഒരാൾ ലാന്റിങ് ഗിയറിൽ കുടുങ്ങിയ കാര്യം തിരിച്ചറിഞ്ഞതിനെ തുടർന്ന് വിമാനം ഖത്തറിൽ എമർജൻസി ലാന്റിങ് നടത്തിയപ്പോഴാണ് സകിയുടെ മൃതദേഹം കണ്ടെടുത്തതെന്ന് ബ്രിട്ടീഷ് മാധ്യയമായ ദി സൺ റിപ്പോർട്ട് ചെയ്തു.

കാബൂൾ വിമാനത്താവളത്തിൽ അമേരിക്കൻ സൈനിക വിമാനം എത്തിയതിനു പിന്നാലെ കയറിപ്പറ്റാൻ ശ്രമം നടത്തുന്നവരുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. വിമാനം റൺവേയിലൂടെ ടാക്‌സി ചെയ്യുമ്പോൾ വീൽ ബേയ്ക്കു പുറത്ത് നിരവധി ആളുകൾ ഇരിക്കുന്നതിന്റെ വീഡിയോകളും പുറത്തുവന്നു. ടേക്ക്ഓഫ് ചെയ്ത വിമാനത്തിൽ നിന്ന് തെറിച്ചുവീണവർ മരിച്ചിട്ടുണ്ടെന്നാണ് വിവരം. ഇവരിലൊരാൾ ഒരു വീടിന്റെ ടെറസിൽ വീഴുകയും ശരീരഭാഗങ്ങൾ ഛിന്നഭിന്നമാവുകയും ചെയ്തു.

നിലത്തുവീണവർക്കൊപ്പം സകി ലാന്റിങ് ഗിയർ ഭാഗത്താണ് ഇരുന്നതെന്നും അവിടെ കുടുങ്ങിപ്പോവുകയായിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു. ലാന്റിങ് ഗിയർ അടക്കാൻ കഴിയാതിരുന്നതിനെ തുടർന്ന് വിമാനം ഖത്തറിൽ ഇറക്കി പരിശോധിച്ചപ്പോഴാണ് സകിയുടെ മൃതദേഹം യു.എസ് സൈനികർ കണ്ടെത്തിയത്.

കൊല്ലപ്പെട്ടത് സകി അൻവരി തന്നെയാണെന്ന് അഫ്ഗാനിലെ ഫിസിക്കൽ എഡ്യുക്കേഷൻ ആന്റ് സ്‌പോർട്‌സ് ജനറൽ ഡയറക്ടറേറ്റാണ് സ്ഥിരീകരിച്ചത്. അഫ്ഗാൻ ദേശീയ ടീമിന്റെ അസിസ്റ്റന്റ് മാനേജർ അലി അസ്‌കർ, സകിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.

Tags:    

Writer - André

contributor

Editor - André

contributor

By - Web Desk

contributor

Similar News