വാക്‌സിനെടുക്കൂ, ബിയറടിക്കാം; യുഎസിൽ കോവിഡിനെതിരെ ചിയേഴ്‌സ് പറഞ്ഞ് മദ്യക്കമ്പനി
പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാണ് ഒരു മാസം നീണ്ടു നിൽക്കുന്ന വാക്‌സിനേഷൻ ഡ്രൈവ് നടക്കുന്നത്
വാഷിങ്ടൺ: ഭരണകൂടം മുമ്പിൽ വച്ച വാക്‌സിനേഷൻ ലക്ഷ്യം പൂർത്തീകരിച്ചാൽ യുഎസ് പൗരന്മാർക്ക് സൗജന്യ ബിയർ വാഗ്ദാനം ചെയ്ത് മദ്യക്കമ്പനി അൻഹ്യൂസർ ബുഷ്. യുഎസ് സ്വാതന്ത്ര്യദിനമായ ജൂലൈ നാലിന് മുമ്പ് 70 ശതമാനം പ്രായപൂർത്തിയാകുന്നവർക്കും വാക്‌സിൻ നൽകുക എന്നതാണ് വൈറ്റ് ഹൗസ് മുമ്പോട്ടുവച്ച ലക്ഷ്യം. ഇത് മറികടന്നാൽ വെബ്‌സൈറ്റ് വഴി സ്വന്തം ചിത്രം പങ്കുവയ്ക്കുന്നവർക്ക് ബിയർ നൽകാനാണ് കമ്പനിയുടെ തീരുമാനം. ആദ്യ രണ്ടു ലക്ഷം പേർക്കാണ് ബിയർ സൗജന്യം.
'നമ്മുടെ രാജ്യത്തിന്റെ സുരക്ഷിതവും ശക്തവുമായ തിരിച്ചുവരവിനെ പിന്തുണയ്ക്കാൻ പ്രതിജ്ഞാബദ്ധമാണ്. നമ്മൾക്ക് നഷ്ടപ്പെട്ട പൊതുസ്ഥലങ്ങളിൽ വീണ്ടും നമുക്ക് ഒരുമിച്ച് ചേരേണ്ടതുണ്ട്. അമേരിക്കക്കാരെ വാക്‌സിനേറ്റ്് ചെയ്യാൻ പ്രോത്സാഹിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. വൈറ്റ്ഹൗസിന്റെ ലക്ഷ്യം സാക്ഷാത്കരിക്കാൻ വാക്‌സിനെടുക്കുന്ന മുതിർന്നവർക്ക് ഒരു റൗണ്ട് ബീർ നൽകും'- അൻഹ്യൂസർ ബുഷ് സിഇഒ മൈക്കൽ ഡോകെറിസ് പറഞ്ഞു.
പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാണ് ഒരു മാസം നീണ്ടു നിൽക്കുന്ന വാക്‌സിനേഷൻ ഡ്രൈവ് നടക്കുന്നത്. വാക്‌സിനേഷന്റെ പ്രധാന്യത്തെ കുറിച്ച് സെലിബ്രിറ്റികളും കമ്യൂണിറ്റി സംഘടനകളും ഇക്കാലയളവിൽ ജനങ്ങളെ ബോധവൽക്കരണം നടത്തും. വാക്‌സിനേഷനായി ലോട്ടറി മാതൃകയിലുള്ള കാഷ് ഇൻസന്റീവുകൾ പല സംസ്ഥാനത്തും പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്.
നിലവിൽ ശരാശരി ദിവസം ആറു ലക്ഷം പേരെയാണ് യുഎസിൽ വാക്‌സിനേറ്റ് ചെയ്യുന്നത്. നേരത്തെ ഇത് എട്ടു ലക്ഷമായിരുന്നു. ഇത് വർധിപ്പിക്കാനാണ് സർക്കാർ കുത്തിവെപ്പ് എടുക്കുന്നവർക്ക് ഇൻസെന്റീവുകൾ പ്രഖ്യാപിച്ചത്.
യുഎസ് ജനസംഖ്യയിലെ 51 ശതമാനം പേർ ആദ്യ കോവിഡ് വാക്‌സിൻ കുത്തിവെപ്പ് എടുത്തതായി സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. 41 ശതമാനം പേർ രണ്ടു വാക്‌സിനും എടുത്തവരാണ്.