സൗദിയും ഇറാഖും ജോർദാനും ഉൾപ്പെടെയുള്ള 'ഗ്രേറ്റർ ഇസ്രയേലിനെ' കുറിച്ച് നെതന്യാഹു; രോഷം പ്രകടിപ്പിച്ച് അറബ് രാജ്യങ്ങൾ

ഇന്നത്തെ ജോർദാൻ, ലെബനൻ, സിറിയ, ഈജിപ്ത്, ഇറാഖ്, സൗദി അറേബ്യ എന്നിവയുടെ ഭാഗങ്ങൾ ഉൾപ്പെടുന്നതാണ് ഗ്രെയ്റ്റർ ഇസ്രേയലിന്റെ ഭൂപടം

Update: 2025-08-14 10:16 GMT

ജെറുസലേം: 'ഗ്രേറ്റർ ഇസ്രായേൽ' പദ്ധതിയുമായി തനിക്ക് ബന്ധമുണ്ടെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞതിന് പിന്നാലെ അപലപിച്ച് അറബ് രാജ്യങ്ങൾ. ചൊവ്വാഴ്ച വൈകുന്നേരം സംപ്രേഷണം ചെയ്ത i24News ന് നൽകിയ അഭിമുഖത്തിലാണ് നെതന്യാഹു താൻ 'ഗ്രെയ്റ്റർ ഇസ്രായേൽ' ആശയവുമായി ബന്ധമുണ്ട് എന്ന് സ്ഥിരീകരിച്ചിരിക്കുന്നത്.

ബൈബിളിലും സയണിസ്റ്റ് ചരിത്രത്തിലുമുള്ള വിവരണങ്ങൾക്കനുസൃതമായി വിപുലീകരിച്ച ഇസ്രായേലിനെയാണ് 'ഗ്രേറ്റർ ഇസ്രായേൽ' സൂചിപ്പിക്കുന്നത്. ഇന്നത്തെ ജോർദാൻ, ലെബനൻ, സിറിയ, ഈജിപ്ത്, ഇറാഖ്, സൗദി അറേബ്യ എന്നിവയുടെ ഭാഗങ്ങൾ ഉൾപ്പെടുന്ന ഭൂപടമാണ് ഗ്രെയ്റ്റർ ഇസ്രേയൽ മുന്നോട്ട് വെക്കുന്ന പ്രധാന വാദം. ഇസ്രായേലിലെ ചില തീവ്ര വലതുപക്ഷ വ്യക്തികൾ ഇപ്പോഴും ഗ്രെയ്റ്റർ ഇസ്രേലിന് വേണ്ടി വാദിക്കുന്നു. അവർ ആ പ്രദേശങ്ങളെ കൂട്ടിച്ചേർക്കാനും നിയന്ത്രിക്കാനും ആഗ്രഹം പ്രകടിപ്പിക്കുന്നു.

Advertising
Advertising

സൗദി അറേബ്യ, ഖത്തർ, ജോർദാൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ നെതന്യാഹുവിന്റെ അഭിപ്രായങ്ങളെ അപലപിച്ചുകൊണ്ട് പ്രസ്താവനകൾ ഇറക്കുകയും അവ പ്രാദേശികവും ആഗോളവുമായ സ്ഥിരതക്ക് ഭീഷണിയാണെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഇസ്രായേൽ വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് അഭിപ്രായത്തിനുള്ള അഭ്യർത്ഥനയോട് പ്രതികരിച്ചില്ലെന്ന് ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്യുന്നു.

നെതന്യാഹുവിന്റെ പരാമർശങ്ങളെ അപലപിക്കുന്നതായും അവയെ അപകടകരവും പ്രകോപനപരവുമെന്ന് വിശേഷിപ്പിക്കുന്നതായും ജോർദാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. മേഖലയിലെ സമാധാനം തകർത്ത് സംഘർഷം രൂക്ഷമാക്കാനുള്ള ശ്രമമാണ് നെതന്യാഹുവിന്റെ അഭിപ്രായമെന്നും കെയ്‌റോ ഇസ്രായേലിനോട് വിശദീകരണം ആവശ്യപ്പെട്ടതായി ഈജിപ്ത് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.

നെതന്യാഹുവിന്റെ പ്രസ്താവനയെ ഖത്തർ മന്ത്രാലയവും അപലപിച്ചു. ഇസ്രായേൽ അധിനിവേശ അധികാരികൾ സ്വീകരിച്ച കുടിയേറ്റ, വിപുലീകരണ ആശയങ്ങളെയും പദ്ധതികളെയും പൂർണ്ണമായും നിരാകരിക്കുന്നതായി സൗദി മന്ത്രാലയവും പറഞ്ഞു. 'അധിനിവേശ രാജ്യത്തിന്റെ വിപുലീകരണ കൊളോണിയൽ നയങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞ, പ്രദേശത്തിന്റെ സുരക്ഷക്കും സ്ഥിരതക്കും ഭീഷണിയായ ഒരു പ്രകോപനവും അപകടകരമായ പ്രസ്താവന' എന്ന് വിശേഷിപ്പിച്ചുകൊണ്ട് ഫലസ്തീൻ അതോറിറ്റിയും അപലപനങ്ങളിൽ പങ്കുചേർന്നു.


Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

Editor - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

By - Web Desk

contributor

Similar News