ഗുജറാത്തിലെ ജെ.സി.ബി ഫാക്ടറി സന്ദർശനം: ബ്രിട്ടീഷ് പാർലമെന്റിൽ ബോറിസ് ജോൺസനെ നിർത്തിപ്പൊരിച്ച് പ്രതിപക്ഷം
''ഡൽഹിയിൽ മുസ്‌ലിം വീടുകൾ ബുൾഡോസറുകൾ ഉപയോഗിച്ചു തകർത്തതിന്റെ പിറ്റേന്ന് അദ്ദേഹം ജെ.സി.ബി ഫാക്ടറി സന്ദർശിക്കുകയാണ് ചെയ്തത്. മനുഷ്യാവകാശങ്ങളിൽ അദ്ദേഹത്തിന് എത്രമാത്രം താൽപര്യമുണ്ടെന്നാണ് ഇത് കാണിക്കുന്നത്.''
ലണ്ടൻ: ഇന്ത്യാ സന്ദർശനത്തിനിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ ഗുജറാത്തിലെ ജെ.സി.ബി ഫാക്ടറി സന്ദർശിച്ച നടപടിയെ പാർലമെന്റിൽ ചോദ്യം ചെയത് പ്രതിപക്ഷം. ഇന്ത്യയിൽ മുസ്‌ലിം ന്യൂനപക്ഷത്തിനെതിരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു കണക്കറ്റ് വിമർശനം. വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ബുൾഡോസർ ഉപയോഗിച്ച് മുസ്‌ലിം വീടുകളും കെട്ടിടങ്ങളും ഇടിച്ചുനിരപ്പാക്കുന്നതിനിടെ ഫാക്ടറി സന്ദർശിച്ചത് ന്യൂനപക്ഷവേട്ടയ്ക്ക് പ്രോത്സാഹനം ചെയ്യുന്ന നടപടിയാണെന്നാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്.
ലേബർ പാർട്ടി എം.പിമാരാണ് വിഷയം ബ്രിട്ടീഷ് പാർലമെന്റിൽ ഉന്നയിച്ചത്. ഇന്ത്യൻ വംശജ കൂടിയായ നാദിയ വിറ്റോം, ഖാലിദ് മഹ്മൂദ്, സാറ സുൽത്താന തുടങ്ങിയ അംഗങ്ങളാണ് ജനപ്രതിനിധി സഭയിൽ അടിയന്തര ചോദ്യോത്തര വേളയ്ക്കിടെ വിഷയം ഉന്നയിച്ചത്.
''മുസ്‌ലിംകളുടെ വീടുകളും കടകളും ഇടിച്ചുനിരത്താനാണ് ബി.ജെ.പി(മോദിയുടെ ഭരണകക്ഷി) ജെ.സി.ബി ഉപയോഗിക്കുന്നത്. ബോറിസ് ജോൺസൺ അടുത്തിടെ ഇന്ത്യ സന്ദർശിച്ചപ്പോൾ ജെ.സി.ബിയിൽ കയറി ഫോട്ടോക്ക് പോസ് ചെയ്യുകയാണ് ചെയ്തത്. എന്നാൽ, ഈ പൊളിക്കലുകളെക്കുറിച്ച് മോദിയുമായി സംസാരിച്ചിട്ടുണ്ടോ എന്ന കാര്യം അദ്ദേഹത്തിന്റെ മന്ത്രി പറയുന്നില്ല.'' നാദിയ വിറ്റോം പാർലമെന്റിൽ നടത്തിയ പ്രസംഗത്തിന്റെ വിഡിയോ പങ്കുവച്ച് ട്വീറ്റ് ചെയ്തു.
''ഇന്ത്യാ സന്ദർശനത്തിനിടെ, ബി.ജെ.പി അഴിച്ചുവിടുന്ന മുസ്‌ലിം വിരുദ്ധ അക്രമങ്ങളിൽ മോദിയെ ചോദ്യം ചെയ്യുന്ന കാര്യത്തിൽ ബോറിസ് ജോൺസൺ പരാജയപ്പെട്ടിരിക്കുകയാണ്. പകരം ഡൽഹിയിൽ മുസ്‌ലിം വീടുകൾ ബുൾഡോസറുകൾ ഉപയോഗിച്ചു തകർത്തതിന്റെ പിറ്റേന്ന് അദ്ദേഹം ജെ.സി.ബി ഫാക്ടറി സന്ദർശിക്കുകയാണ് ചെയ്തത്. മനുഷ്യാവകാശങ്ങളിൽ അദ്ദേഹത്തിന് എത്രമാത്രം താൽപര്യമുണ്ടെന്നാണ് ഇത് കാണിക്കുന്നത്.''- മറ്റൊരു എം.പിയായ സാറാ സുൽത്താന പറഞ്ഞു.
ചോദ്യോത്തര വേളയിൽ ബോറിസ് ജോൺസനു പകരം വിദേശകാര്യ അണ്ടർ സെക്രട്ടറി വിക്കി ഫോർഡായിരുന്നു ജനപ്രതിനിധികൾക്ക് മറുപടി നൽകിയത്. ഇതു ചോദ്യംചെയ്ത് സ്‌കോട്ടിഷ് നാഷനൽ പാർട്ടി(എസ്.എൻ.പി) രംഗത്തെത്തി. ''പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദർശനത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കാൻ ഒരു ജൂനിയർ മന്ത്രിയെയാണ് ഏൽപിച്ചിരിക്കുന്നത്. പ്രധാനമന്ത്രി എവിടെ പോയിരിക്കുകയാണ്?'' എസ്.എൻ.പി അംഗം ഇയാൻ ബ്ലാക്ക്‌ഫോർഡ് ചോദിച്ചു.
എന്നാൽ, മനുഷ്യാവകാശങ്ങൾ മാറ്റിനിർത്തിയല്ല സർക്കാർ വ്യാപാര ബന്ധങ്ങൾ തുടരുന്നതെന്ന് വിക്കി ഫോർഡ് പ്രതികരിച്ചു. രണ്ടും സുപ്രധാനമായാണ് കരുതുന്നത്. ഇന്ത്യയുമായുള്ള സഹകരണം രാജ്യത്തിന് പ്രധാനമാണ്. സർക്കാരിന് എന്തെങ്കിലും ആശങ്കകളുണ്ടെങ്കിൽ അത് നേരിൽ തന്നെ ഉണർത്തുമെന്നും അവർ വ്യക്തമാക്കി.
നേരത്തെ, ജോൺസന്റെ ഇന്ത്യാ സന്ദർശനത്തിനിടെ ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഉന്നയിക്കണമെന്ന് മറ്റൊരു ലേബർ പാർട്ടി അംഗം നാസ് ഷാ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയിൽ മുസ്‌ലിംകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ അക്കമിട്ട് നിരത്തിയായിരുന്നു നാസ് ഷാ ഇക്കാര്യം ആവശ്യപ്പെട്ടത്. ആൾക്കൂട്ടക്കൊല, ഹിജാബ് വിലക്ക്, ബുൾഡോസർ രാഷ്ട്രീയം അടക്കമുള്ള വിഷയങ്ങളെല്ലാം അവർ ബോറിസ് ജോൺസനെ ടാഗ് ചെയ്ത് ട്വീറ്റ് പരമ്പരയിലൂടെ ചൂണ്ടിക്കാട്ടി.
Summary: In UK Parliament, Opposition criticises PM Boris Johnson's visit to Gujarat JCB factory