'സഭയുടെ കംപ്യൂട്ടറിൽ പോൺചിത്രങ്ങൾ കണ്ട് വൈദികര്‍'; അന്വേഷണത്തിന് ഉത്തരവിട്ട് ജർമൻ ആർച്ച് ബിഷപ്പ്
പ്രാദേശിക മാധ്യമമാണ് കലോൺ കത്തോലിക്കാ സഭയിലെ പുരോഹിതന്മാരുടെ സ്വാഭാവദൂഷ്യത്തെക്കുറിച്ചുള്ള റിപ്പോർട്ട് പുറത്തുവിട്ടത്
കലോണ്‍ കത്തോലിക്കാ പള്ളി
ബെർലിൻ: സഭയുടെ കംപ്യൂട്ടറുകൾ അശ്ലീലചിത്രങ്ങൾ കാണാൻ വൈദികര്‍ ദുരുപയോഗം ചെയ്യുന്നതായുള്ള റിപ്പോര്‍ട്ടില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ജർമൻ ആർച്ച് ബിഷപ്പ്. ജർമനിയിലെ പ്രമുഖ കത്തോലിക്ക അതിരൂപതകളിലൊന്നായ കലോണിലെ സഭാധ്യക്ഷൻ കർദിനാൾ റെയ്‌നർ മരിയ വോയ്ൽക്കിയാണ് പുരോഹിതന്മാരുടെ സ്വഭാവദൂഷ്യത്തിനെതിരെ പരസ്യമായി രംഗത്തെത്തിയത്. വൈദികരുടെ നടപടി നിരാശപ്പെടുത്തുന്നതാണെന്ന് ആര്‍ച്ച് ബിഷപ്പ് പ്രതികരിച്ചതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ 'അസോഷ്യേറ്റഡ് പ്രസ്' റിപ്പോർട്ട് ചെയ്തു.
കലോൺ കത്തോലിക്കാ അതിരൂപതയിലെ കംപ്യൂട്ടറുകളിൽനിന്ന് പുരോഹിതന്മാർ വ്യാപകമായി അശ്ലീലചിത്രങ്ങൾ കാണുന്നതായുള്ള വാർത്ത നേരത്തെ പ്രാദേശിക മാധ്യമമായ 'കെൽനർ സ്റ്റാറ്റ്-അൻസെയ്ഗർ' പുറത്തുവിട്ടിരുന്നു. ആയിരത്തിലേറെ തവണ കംപ്യൂട്ടറുകളിൽ പോൺ സൈറ്റുകൾ തിരഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു. മുതിർന്ന പുരോഹിതന്മാരും ഇക്കൂട്ടത്തിലുണ്ട്. പത്രത്തിന്റെ അന്വേഷണ റിപ്പോർട്ടിനു പിന്നാലെയാണ് ആർച്ച് ബിഷപ്പ് വാർത്താകുറിപ്പ് പുറത്തിറക്കിയത്.
റിപ്പോർട്ട് സ്ഥിരീകരിച്ച കർദിനാൾ പുരോഹിതന്മാരുടെ പ്രവർത്തനങ്ങൾ നിരാശപ്പെടുത്തുന്നതാണെന്നു വ്യക്തമാക്കി. അതിരൂപതയുടെ കംപ്യൂട്ടറുകളിൽനിന്ന് അക്രമം, പോൺ, മയക്കുമരുന്ന് ഉൾപ്പെടെയുള്ള കാര്യങ്ങൾ സെർച്ച് ചെയ്യുന്നതു തടയാൻ ഫയർവാളുകൾ പ്രവർത്തിക്കുന്നുണ്ട്. റിപ്പോർട്ടിൽ അന്വേഷണം നടത്താൻ നിർദേശിച്ചിട്ടുണ്ടെന്നും കർദിനാൾ അറിയിച്ചു.
''ജോലിക്കുവേണ്ടി അതിരൂപത സ്ഥാപിച്ച കംപ്യൂട്ടറുകളിൽ ജീവനക്കാർ പോൺ സൈറ്റുകൾ തിരയുകയാണെന്ന വിവരം നിരാശപ്പെടുത്തുന്നതാണ്. ചിലർക്ക് പോൺ ഉപയോഗിക്കുന്നതുകൊണ്ട് പ്രശ്‌നമൊന്നുമുണ്ടാകില്ല. എന്നാൽ, അശ്ലീലചിത്രങ്ങളെ അപലപിക്കുകയും അവയുടെ അപകടത്തെക്കുറിച്ചു മുന്നറിയിപ്പ് നൽകുകയും ചെയ്യുന്ന ഫ്രാൻസിസ് മാർപാപ്പയുടെ നിലപാടിനൊപ്പമാണ് ഞാൻ. മനുഷ്യന്റെ അഭിമാനത്തെ ഹനിക്കുന്നതാണ് അവ.''-കർദിനാൾ റെയ്‌നർ മരിയ വാർത്താകുറിപ്പിൽ ചൂണ്ടിക്കാട്ടി.
Summary: German archbishop orders investigation in the Catholic dioceses employees’ attempts to access porn