ലോക്ഡൗണുകള്‍ ദശലക്ഷക്കണക്കിന് പേരുടെ ജീവന്‍ രക്ഷിച്ചെന്ന് പഠനം

ലോക്ഡൗണുകള്‍ മൂലം ന്യുമോണിയ, മെനിഞ്ചൈറ്റിസ്, സെപ്സിസ് തുടങ്ങിയ ബാക്ടീരിയ രോഗങ്ങൾ കുറയാനിടയുണ്ടെന്ന്

Update: 2021-05-31 05:35 GMT
Editor : Jaisy Thomas | By : Web Desk
Advertising

കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ഡൌണുകള്‍ മൂലം ദശലക്ഷക്കണക്കിന് ആളുകളുടെ ജീവന്‍ രക്ഷിക്കാനായെന്ന് പഠനം. ലോക്ഡൌണുകൾ മൂലം ന്യുമോണിയ, മെനിഞ്ചൈറ്റിസ്, സെപ്സിസ് തുടങ്ങിയ ബാക്ടീരിയ രോഗങ്ങൾ കുറയാനിടയുണ്ടെന്ന് ഓക്സ്ഫോർഡ് സർവകലാശാലയുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍ പറയുന്നു.

ആഗോള ലോക്ഡൌണുകള്‍ മാരകമായ ബാക്ടീരിയ രോഗങ്ങളുടെ വ്യാപനം കുറയ്ക്കുകയും അതുവഴി ദശലക്ഷക്കണക്കിന് പേരുടെ ജീവന്‍ രക്ഷിച്ചുവെന്നും പകർച്ചവ്യാധി വിദഗ്ധനും ക്രൈസ്റ്റ്ചർച്ചിലെ ഒറ്റാഗോ സർവകലാശാലയിലെ ഡീനുമായ പ്രൊഫസർ ഡേവിഡ് മർഡോക്ക് പറഞ്ഞു. ന്യൂമോണിയ, മെനിഞ്ചൈറ്റിസ്, സെപ്സിസ് തുടങ്ങിയവയാണ് ഭൂരിഭാഗം രോഗികളുടെയും മരണത്തിന് കാരണമായത്. പ്രത്യേകിച്ചും കുട്ടികളിലും വയസായവരിലും.

2016ൽ തന്നെ ലോകമെമ്പാടുമായി 336 ദശലക്ഷം ശ്വാസകോശ സംബന്ധമായ അണുബാധകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2.4 ദശലക്ഷം ആളുകൾ ഈ രോഗങ്ങൾ മൂലം മരണത്തിന് കീഴടങ്ങിയിട്ടുണ്ട്.

2020 ജനുവരി മുതൽ മെയ് വരെ എല്ലാ രാജ്യങ്ങളിലും ആക്രമണാത്മക ബാക്ടീരിയ മൂലമുള്ള അണുബാധകൾ കുറയുന്നതായി പഠനത്തില്‍ കണ്ടെത്തി. കഴിഞ്ഞ രണ്ട് വർഷവുമായി താരതമ്യപ്പെടുത്തുമ്പോൾ ഓരോ രാജ്യത്തും ശരാശരി 6000 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സ്ട്രെപ്റ്റോകോക്കസ് ന്യുമോണിയയെ സംബന്ധിച്ചിടത്തോളം, കോവിഡ് നിയന്ത്രണ നടപടികള്‍ തുടങ്ങിയ നാലാഴ്ചയ്ക്കുള്ളിൽ അണുബാധ 68% കുറഞ്ഞു, എട്ട് ആഴ്ചയിൽ 82 ശതമാനം കുറഞ്ഞു.

ആറ് ഭൂഖണ്ഡങ്ങളിലെ 26 രാജ്യങ്ങളിൽ നിന്നും പ്രദേശങ്ങളിൽ നിന്നുമുള്ള ദേശീയ ലബോറട്ടറികളിൽ നിന്നും മറ്റ് നിരീക്ഷണ സംവിധാനങ്ങളില്‍ നിന്നും വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഓക്സ്ഫോര്‍ഡ് സര്‍വകലാശാല പഠനം നടത്തിയത്. 

Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News