യുഎസ്, ഇസ്രായേൽ യുദ്ധക്കുറ്റങ്ങൾ ചൂണ്ടിക്കാട്ടി; അമേരിക്കന്‍ കോൺഗ്രസ് അംഗം ഇൽഹാൻ ഉമറിന് വധഭീഷണി

ഹമാസിനെയും താലിബാനെയും പോലെ അമേരിക്കയും ഇസ്രായേലും വലിയ തോതിൽ യുദ്ധക്കുറ്റങ്ങൾ ചെയ്തിട്ടുണ്ടെന്നായിരുന്നു ഇൽഹാന്റെ പ്രസ്താവന

Update: 2021-06-11 07:43 GMT
Editor : Shaheer | By : Web Desk
Advertising

അമേരിക്കയുടെയും ഇസ്രായേലിന്റെയും യുദ്ധക്കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയ പ്രസ്താവനയുടെ പേരിൽ യുഎസ് കോൺഗ്രസ് അംഗം ഇൽഹാൻ ഉമറിന് വധഭീഷണി. ഇൽഹാന്റെ പ്രസ്താവനയ്‌ക്കെതിരെ ഡെമോക്രാറ്റിക്-റിപബ്ലിക്കൻ പ്രതിനിധികളിൽനിന്ന് വിമർശനം ഉയരുന്നതിനിടെയാണ് വ്യാപക വധഭീഷണികളും പ്രവഹിക്കുന്നത്.

അഫ്ഗാനിസ്താനിലെയും ഫലസ്തീനിലെയും യുദ്ധക്കുറ്റങ്ങളിലുള്ള രാജ്യാന്തര കോടതിയുടെ അന്വേഷണത്തെ എതിർത്ത യുഎസ് നടപടിയെ ചൂണ്ടിക്കാട്ടിയായിരുന്നു ഇൽഹാന്റെ വിമർശനം. ജൂൺ ഏഴിന് യുഎസ് കോൺഗ്രസിന്റെ വിദേശകാര്യ വകുപ്പിൽ നടന്ന വാദം കേൾക്കലിനിടെയായിരുന്നു ഇൽഹാന്റെ വിവാദ പരാമർശം. മാനുഷികകുലത്തിനുനേരെയുള്ള അതിക്രമങ്ങളിൽ നമുക്കും തുല്യമായ ഉത്തരവാദിത്തമുണ്ടെന്നും ഇരകൾക്ക് നീതി ലഭ്യമാക്കാനുള്ള ബാധ്യത നമുക്കുമുണ്ടെന്നുമാണ് ഇൽഹാൻ പറഞ്ഞത്. അമേരിക്ക, ഹമാസ്, ഇസ്രായേൽ, അഫ്ഗാനിസ്താൻ, താലിബാൻ തുടങ്ങിയ കക്ഷികൾ അചിന്ത്യമായ അതിക്രമങ്ങൾ ചെയ്തുകൂട്ടിയത് നമ്മൾ കണ്ടതാണ്. ഇത്തരം സംഭവങ്ങളിലെ ഇരകൾ നീതി തേടി എവിടെപ്പോകുമെന്നാണ് ഇൽഹാൻ യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനോട് ചോദിച്ചത്.

പ്രസ്താവനയ്ക്കു പിറകെ നിരവധി വധഭീഷണി സന്ദേശങ്ങളും ഫോൺവിളികളുമാണ് ഇൽഹാന്റെ ഓഫീസിലേക്ക് പ്രവഹിക്കുന്നത്. വധഭീഷണി കോളുകളിൽ ഒന്ന് ഇൽഹാൻ ട്വിറ്ററിൽ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. മനുഷ്യാവകാശ പ്രശ്‌നങ്ങളെക്കുറിച്ച് തുറന്നുപറയുമ്പോഴെല്ലാം ഇത്തരത്തിൽ വലിയ തോതിലുള്ള വധഭീഷണികളാണ് തനിക്കു ലഭിക്കുന്നതെന്ന്് അവർ ട്വീറ്റിൽ സൂചിപ്പിച്ചു. മുസ്ലിംകൾ തീവ്രവാദികളാണെന്നു പറയുന്ന സന്ദേശത്തിൽ ഇൽഹാനെ വംശീയമായി അധിക്ഷേപിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്യുന്നുണ്ട്.

ഇൽഹാന്റെ പരാമർശത്തിൽ പ്രതിഷേധവുമായി റിപബ്ലിക്കൻ അംഗങ്ങൾക്കൊപ്പം ഒരുസംഘം ഡെമോക്രാറ്റുകളും രംഗത്തെത്തിയിരുന്നു. അമേരിക്കയെയും ഇസ്രായേലിനെയും ഹമാസുമായി താരതമ്യം ചെയ്തത് കുറ്റകരമാണെന്നാണ് ഇവർ ആരോപിച്ചത്. ഇൽഹാന്റെ പ്രസ്താവന തെറ്റിദ്ധാരണയുണ്ടാക്കുന്നതാണെന്ന് 11 ജ്യൂയിഷ് ഡെമോക്രാറ്റ് അംഗങ്ങളുടെ കൂട്ടായ്മ വാർത്താകുറിപ്പിൽ പ്രതികരിച്ചു. ഹമാസിന്റെയും താലിബാന്റെയും അതേ ഗണത്തിൽ അമേരിക്കയെയും ഇസ്രായേലിനെയും ഉൾപ്പെടുത്തിയ പ്രസ്താവനയിൽ വ്യക്തത വരുത്തണമെന്ന് വാർത്താകുറിപ്പിൽ ഇവർ ആവശ്യപ്പെട്ടു.

എന്നാൽ, പ്രസ്താവന ലജ്ജാകരമാണെന്ന് ഇൽഹാൻ പ്രതികരിച്ചു. പ്രസ്താവനയിലെ ഇസ്്‌ലാമോഫോബിയ പ്രയോഗങ്ങൾ കുറ്റകരമാണെന്ന് അവർ ആരോപിച്ചു. ഇൽഹാനു പിന്തുണയുമായി മിഷിഗണിൽനിന്നുള്ള കോൺഗ്രസ് അംഗമായ റാഷിദ ത്‌ലൈബും രംഗത്തെത്തിയിട്ടുണ്ട്. അഭിപ്രായ സ്വാതന്ത്ര്യം കോൺഗ്രസിലെ മുസ്ലിം സ്ത്രീകൾക്കുമാത്രം പറഞ്ഞതല്ലെന്ന് അവർ കുറ്റപ്പെടുത്തി.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News