'ദുബൈ യാത്രക്കിടെ വിമാനത്തിൽ ഇന്ത്യക്കാരന് ഭക്ഷണം നൽകിയില്ല';ദയ കാണിക്കാമായിരുന്നുവെന്ന് ഖത്തർ യുവതിയുടെ പോസ്റ്റ്

ദുബൈയിൽ നിന്നും ദോഹയിലേക്കുള്ള വിമാനത്തിലുണ്ടായ അനുഭവമാണ് യുവതി മെറ്റ ത്രെഡ്‌സിൽ പങ്കുവെച്ചത്

Update: 2025-07-24 10:36 GMT

ന്യൂഡൽഹി: ദുബൈയിൽ നിന്നും ദോഹയിലേക്ക് യാത്ര ചെയ്യുകയായിരുന്ന മേക്ക് അപ്പ് ആർട്ടിസ്റ്റ് പങ്കുവെച്ച വിമാനയാത്രയുടെ അനുഭവമാണ് സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. ദോഹയിലേക്കുള്ള വിമാനത്തിൽ അടുത്തിരുന്ന ഇന്ത്യക്കാരനായ യാത്രികന് നേരെ ഭക്ഷണക്കിറ്റിന് പകരം ഒരു കുപ്പി വെള്ളം മാത്രം നൽകിയപ്പോഴുണ്ടായ വേദനയാണ് പോസ്റ്റിൽ പ്രതിപാദിക്കുന്നത്.

വിൻഡോയോടടുത്ത സീറ്റിലാണ് യുവതി ഇരുന്നിരുന്നത്. നടുവിലെ സീറ്റിൽ ആരുമുണ്ടായിരുന്നില്ല. കുടിയേറ്റക്കാരനായ തൊഴിലാളിയെന്ന് തോന്നിക്കുന്ന വ്യക്തിയാണ് അടുത്ത സീറ്റിൽ ഇരുന്നിരുന്നത്.

Advertising
Advertising

'വിമാനം പറന്നുയരുന്നതിന് മുമ്പ് തന്നെ ഞാൻ ഉറങ്ങിപ്പോയിരുന്നു. പിന്നീട് ചിക്കനോ, ബീഫോ എന്ന ചോദ്യം കേട്ടാണ് ഉണരുന്നത്' കാബിൻ ക്രൂ സാൻവിച്ചും, ചോക്ലേറ്റും, വെള്ളവുമടങ്ങി ഭക്ഷണക്കിറ്റ് വിതരണം ചെയ്യുകയായിരുന്നുവെന്ന് യുവതി വിവരിക്കുന്നു.

യുവതിക്ക് ക്രൂ മെമ്പർ ഭക്ഷണക്കിറ്റ് നൽകിയെങ്കിലും അടുത്തിരുന്ന വ്യക്തിക്ക് നൽകിയില്ല.' അവർ ഞങ്ങളുടെ നിരയിലെത്തിയപ്പോൾ എനിക്കൊരു പൊതി നൽകി. അടുത്തിരുന്ന വ്യക്തി പതുക്കെ തലയുയർത്തി തന്റെ ഊഴത്തിനായി കാത്തിരിക്കുകയായിരുന്നു. എന്നാൽ ഫ്‌ലൈറ്റ് അറ്റൻഡുമാരിലൊരാൾ തലകുലുക്കി ഇല്ലെന്ന് കാണിച്ചു. ശേഷം അടച്ചുവെച്ച ഒരു കപ്പ് വെള്ളം അയാൾക്ക് നൽകി അടുത്ത നിരയിലേക്ക് കടന്നു' എന്നാണ് യുവതിയുടെ പോസ്റ്റിൽ പറയുന്നത്.

യുവാവ് ഇതിൽ യാതൊരു പരാതിയുമില്ലാതെ താഴോട്ട് നോക്കിയിരിക്കുകയായിരുന്നുവെന്ന് യുവതിയുടെ പോസ്റ്റിൽ പറയുന്നു. 'അയാളുടെ കണ്ണുകളിലപ്പോൾ എന്തോ ഉണ്ടായിരുന്നു, എനിക്കൊരിക്കലും മറക്കാൻ കഴിയാത്തതെന്തോ' എന്ന് യുവതി ഓർത്തെടുക്കുന്നു.

പിന്നീട് തന്റെ ബാഗിൽ നിന്നും ഒരു മാങ്ങയും കുറച്ച് മുന്തിരിയുമെടുത്ത് തനിക്ക് നേരെ നീട്ടിയെന്നും എന്നാൽ അയാൾക്ക് ആകെ കഴിക്കാൻ അതുമാത്രമേ ഉണ്ടായിരിക്കൂ എന്ന തോന്നലിൽ താൻ അത് വേണ്ടെന്ന് വെച്ചതായും യുവതി പറയുന്നു. കുടിയേറ്റക്കാരായ തൊഴിലാളികളോട് ദയയും സഹാനുഭൂതിയും കാണിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്. യാത്രക്കാർക്ക് മുഴുവനായി ഒരു സാൻവിച്ചോ കുഞ്ഞ് ചോക്ലേറ്റോ നൽകുന്നത് കൊണ്ട് വിമാനക്കമ്പനികൾക്ക് വലിയ നഷ്ടമൊന്നും സംഭവിക്കാനില്ലെന്നും എന്നാൽ പലർക്കും അതൊരു വലിയ സഹായമാകുമെന്നും പോസ്റ്റിൽ അഭിപ്രായപ്പെട്ടു.

പോസ്റ്റ് വൈറലായതോടെ നിരവധിയാളുകളാണ് യുവതിയുടെ അഭിപ്രായത്തിന് പിന്തുണ പ്രഖ്യാപിച്ചും സമാന അനുഭവങ്ങൾ പങ്കുവെച്ചും രംഗത്തെത്തിയിരിക്കുന്നത്. ചിലർ വിമാനക്കമ്പനികളുടെ പോളിസിയാണ് ടിക്കറ്റിനൊപ്പം ഭക്ഷണത്തിന് കൂടി പണമടച്ചവർക്കുമാത്രം ഭക്ഷണം നൽകുക എന്ന കാര്യവും ചൂണ്ടിക്കാട്ടി.

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News