ഫ്രഞ്ച് പ്രസിഡന്റായി ഇമ്മാനുവൽ മാക്രോൺ തുടരും; കരസ്ഥമാക്കിയത് 58 ശതമാനം വോട്ടുകൾ

എതിർ സ്ഥാനാർത്ഥി 53കാരിയായ പെൻ 2017ലും രണ്ടാം റൗണ്ടിൽ മാക്രോണിനോട് ഏറ്റുമുട്ടിയിരുന്നു.

Update: 2022-04-24 19:22 GMT
Editor : afsal137 | By : Web Desk

പാരീസ്: ഫ്രഞ്ച് പ്രസിഡന്റായി ഇമ്മാനുവൽ മാക്രോൺ തുടരും. 58 ശതമാനം വോട്ടുകൾ കരസ്ഥമാക്കിയായിരുന്നു മാക്രോണിന്റെ വിജയം. തീവ്ര വലതുപക്ഷ പാർട്ടിയായ നാഷണൽ റാലിയുടെ നേതാവ് മരീൻ ലീ പെന്നിനെയാണ് മാക്രോൺ പരാജയപ്പെടുത്തിയത്.

രണ്ടാം റൗണ്ട് പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പാണ് ഇന്ന് നടന്നത്. ഇന്ത്യൻ സമയം രാവിലെ 11.30 ന് ആരംഭിച്ച വോട്ടെടുപ്പ് രാത്രി 11.30 നാണ് അവസാനിച്ചത്. ഏപ്രിൽ 10ന് നടന്ന ഒന്നാം റൗണ്ടിൽ ഇമ്മാനുവൽ മാക്രോൺ ഒന്നാമതും എതിർ സ്ഥാനാർത്ഥി മരീൻ ലെ പെന്ന് രണ്ടാമതും എത്തിയിരുന്നു. 12 സ്ഥാനാർത്ഥികൾ മത്സരിച്ച ആദ്യ റൗണ്ടിൽ മാക്രോൺ 27.8 ശതമാനം വോട്ടുകൾ നേടിയപ്പോൾ പെന്നിന് ലഭിച്ചത് 23.1 ശതമാനം വോട്ടുകളാണ്. മേയ് 13ന് പ്രസിഡന്റായി ഇമ്മാനുവൽ മാക്രോൺ വീണ്ടും അധികാരമേൽക്കും.

Advertising
Advertising

ഫ്രാൻസിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റാണ് ലാ റിപ്പബ്ലിക് ഓൺ മാർഷ് പാർട്ടി സ്ഥാനാർത്ഥിയായ ഇമ്മാനുവൽ മാക്രോൺ. 20 വർഷത്തിനിടെ രണ്ടാം വട്ടവും തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഫ്രഞ്ച് പ്രസിഡന്റ് എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് മാക്രോൺ. എതിർ സ്ഥാനാർത്ഥി 53കാരിയായ പെൻ 2017ലും രണ്ടാം റൗണ്ടിൽ മാക്രോണിനോട് ഏറ്റുമുട്ടിയിരുന്നു.

റഷ്യൻ അനുകൂല മനോഭാവമുള്ള പെൻ താൻ അധികാരത്തിലെത്തിയാൽ രാജ്യത്ത് പൊതുസ്ഥലങ്ങളിൽ മുസ്ലിം ശിരോവസ്ത്രങ്ങൾ നിരോധിക്കുമെന്ന് പറഞ്ഞതും കുടിയേറ്റ വിരുദ്ധ നിലപാട് പ്രകടിപ്പിച്ചതും ന്യൂനപക്ഷങ്ങൾക്കിടെ അതൃപ്തിയുണ്ടാക്കിയെന്നാണ് വിലയിരുത്തൽ. രാജ്യത്തെ തൊഴിലില്ലായ്മ നിരക്കിലെ വർദ്ധനയും പണപ്പെരുപ്പവുമാണ് പെൻ മാക്രോണിനെതിരെ ആയുധമാക്കിയിരുന്നത്. എന്നാൽ പെന്നിന്റെ പ്രചരണ പരിപാടികളൊന്നും വലിയ രീതിയിൽ ഗുണം ചെയ്തില്ല. ഫ്രാൻസിനെ യൂറോപ്യൻ യൂണിയനിൽ നിന്ന് വേർപെടുത്തണമെന്ന അഭിപ്രായം പെന്നിനുണ്ടായിരുന്നു. മാക്രോണിന് 57.0-58.5 ശതമാനം വോട്ട് ലഭിക്കുമെന്ന് നേരത്തെ പ്രവചിക്കപ്പെട്ടിരുന്നു. 

Full View


Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News