'ഒറ്റ രാത്രി കൊണ്ട് സ്റ്റാര്‍ട്ടപ്പ് തകര്‍ന്നു, കാരണം എഐ'; അനുഭവം പറഞ്ഞ് സംരംഭക
വ്യാപകമായ തൊഴില്‍പ്രതിസന്ധിക്കും എഐ കാരണമാകുമെന്ന യാഥാര്‍ഥ്യം പങ്കുവെക്കുകയാണ് സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്നുള്ള യുവ സംരംഭക
വാഷിങ്ടണ്‍ ഡിസി: സാധ്യതകളുടെ പുതിയ ലോകമാണ് എഐ തുറക്കുന്നത്. അതേസമയം തന്നെ വ്യാപകമായ തൊഴില്‍പ്രതിസന്ധിക്കും എഐ കാരണമാകുമെന്ന യാഥാര്‍ഥ്യവും ഒരുവശത്തുണ്ട്. ഇതിന്റെ പേടിപ്പെടുത്തുന്ന യാഥാര്‍ഥ്യം പങ്കുവെക്കുകയാണ് യുഎസിലെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്നുള്ള യുവ സംരംഭക. ആന്ത്രോപ്പിക്കിന്റെയും മാനുസ് എഐയുടെയും പുതിയ അപ്‌ഡേറ്റ് വന്നതോടെ ഒറ്റ രാത്രി കൊണ്ട് തന്റെ ബിസിനസ് ആകെ ഇല്ലാതായി എന്നാണ് ഇറ ബോദ്‌നര്‍ എന്ന സംരംഭക സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്.
ഗൂഗിള്‍, മെറ്റ പരസ്യങ്ങള്‍ മാനേജ് ചെയ്യുന്ന സ്റ്റാര്‍ട്ടപ്പാണ് ഇറയുടെ റെയ്‌സ് എന്ന സ്ഥാപനം. പ്രവര്‍ത്തനം തുടങ്ങി രണ്ട് മാസത്തിനകം തന്നെ നൂറുകണക്കിന് ഉപഭോക്താക്കളെ ഇവര്‍ക്ക് ലഭിച്ചിരുന്നു. ബിസിനസ് നല്ല നിലയില്‍ പോയിക്കൊണ്ടിരിക്കെയാണ് ആന്ത്രോപ്പിക്കിന്റെ എഐ മോഡലായ ക്ലോഡില്‍ പുതിയ അപ്‌ഡേറ്റ് വന്നത്. ഇതിനോട് മത്സരിച്ച് മാനുസ് ഐഐയും പുതിയ ടൂള്‍ ഇറക്കി. ഇതോടെ റെയ്‌സിന് കിട്ടിയിരുന്ന ജോലികള്‍ 20 ശതമാനമായി കുറഞ്ഞു. ഞങ്ങളുടെ ആകെ സ്ഥാപനത്തെ തന്നെ ക്ലോഡ് തകര്‍ത്തു എന്നാണ് ഇറ പറയുന്നത്. ഇതേത്തുടര്‍ന്ന് സ്റ്റാര്‍ട്ടപ്പിന്റെ പ്രവര്‍ത്തന രീതിയില്‍ തന്നെ മാറ്റം വരുത്തിയിരിക്കുകയാണ്. നൂറുകണക്കിന് അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്ന വലിയ പരസ്യ ഏജന്‍സികള്‍ക്കായി കുറഞ്ഞ ജീവനക്കാരുമായി സങ്കീര്‍ണ്ണമായ എഐ വര്‍ക്കുകള്‍ ചെയ്യുന്നതിലാണ് കമ്പനി ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
എഐ തൊഴില്‍ മേഖലയില്‍ വരുത്തുന്ന മാറ്റങ്ങളുടെ പ്രത്യക്ഷ ഉദാഹരണമാണ് ഇറയുടെ അനുഭവമെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയിലെ പ്രമുഖ സ്റ്റാര്‍ട്ടപ്പായ ആന്ത്രോപിക് പുറത്തിറക്കിയ പുത്തന്‍ സാങ്കേതികവിദ്യകള്‍ ഐടി മേഖലയ്ക്ക് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. കമ്പനി അവതരിപ്പിച്ച എഐ ഓട്ടോമേഷന്‍ ടൂള്‍, സാധാരണയായി ഐടി കമ്പനികള്‍ ജീവനക്കാരെ ഉപയോഗിച്ച് ചെയ്യിക്കുന്ന സോഫ്റ്റ്വെയര്‍ ഡെവലപ്മെന്റ്, ടെസ്റ്റിങ്, ഡാറ്റ അനാലിസിസ് തുടങ്ങിയ ജോലികള്‍ തനിയെ ചെയ്യാന്‍ പ്രാപ്തമാണ്. ഐടി കമ്പനികളുടെ വരുമാനത്തിന്റെ 40-70 ശതമാനം വരുന്നത് ഇത്തരം സേവനങ്ങളില്‍ നിന്നാണ്. നിയമസഹായം, ഫിനാന്‍സ്, സെയില്‍സ് തുടങ്ങിയ മേഖലകളില്‍ 'ഡിജിറ്റല്‍ ജീവനക്കാരെ' പോലെ പ്രവര്‍ത്തിക്കാന്‍ എഐ ക്ക് കഴിയുന്നത്, മനുഷ്യപ്രയത്‌നം ആവശ്യമുള്ള പരമ്പരാഗത ഐടി സേവന ജോലികളെ പ്രതിസന്ധിയിലാക്കുന്നുണ്ട്.
ആന്ത്രോപ്പിക് ഉള്‍പ്പെടെയുള്ള എഐ കമ്പനികളുടെ പുതിയ അപ്‌ഡേറ്റുകള്‍ വരുന്നതിനനുസരിച്ച് ഐടി മേഖലയില്‍ അനിശ്ചിതാവസ്ഥയും വര്‍ധിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ എഐ ഭീതിയെ തുടര്‍ന്ന് ഐടി ഓഹരികളുടെ വിലയില്‍ ലോകവ്യാപകമായി ഇടിവുണ്ടായിരുന്നു.