ബീഫിൽ വിഷക്കൂൺ ചേര്‍ത്ത് മുൻഭര്‍ത്താവിന്‍റെ മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയ കേസ്; 50 കാരി കുറ്റക്കാരിയെന്ന് കോടതി
2023 ജൂലൈ 23നായിരുന്നു സംഭവം
സിഡ്നി: ബീഫിൽ വിഷക്കൂൺ ചേര്‍ത്ത് മുൻഭര്‍ത്താവിന്‍റെ മാതാപിതാക്കളെയും സഹോദരിയെയും അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ 50കാരിയായ എറിൻ പാറ്റേഴ്സൺ കുറ്റക്കാരിയെന്ന് ആസ്ത്രേലിയൻ കോടതി. ബന്ധുക്കളെ വിരുന്നിനെന്ന പേരിൽ ക്ഷണിച്ചുവരുത്തിയാണ് എറിൻ അതിവിദഗ്ധമായി കൊലപാതകം നടത്തിയത്. 2023 ജൂലൈ 23നായിരുന്നു സംഭവം.
മുൻഭര്‍ത്താവിന്‍റെ മാതാപിതാക്കളായ ഗെയിൽ പാറ്റേഴ്‌സൺ, ഡൊണാൾഡ് പാറ്റേഴ്‌സൺ, ഗെയിലിന്റെ സഹോദരി ഹീതർ വിൽക്കിൻസൺ എന്നിവരെ യാണ് കൊലപ്പെടുത്തിയത്. ഹീതറിന്‍റെ ഭർത്താവ് ഇയാൻ വിൽക്കിൻസണെ കൊല്ലാൻ ശ്രമിച്ച കേസിലും എറിൻ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മെൽബണിൽ നിന്ന് ഏകദേശം 84 മൈൽ തെക്കുകിഴക്കായി ലിയോങ്കാത എന്ന ചെറിയ പട്ടണത്തിലുള്ള എറിന്‍റെ വീട്ടിൽ വിരുന്നിനെത്തിയതായിരുന്നു കൊല്ലപ്പെട്ട മൂന്നുപേരും. ഭക്ഷണത്തിനൊപ്പം ബീഫ് വെല്ലിംഗ്ടൺ എന്ന വിഭവവും ഉരുളക്കിഴങ്ങും ഗ്രീൻ പീസും വിളമ്പിയിരുന്നു. എന്നാൽ ഈ ഭക്ഷണത്തിൽ ലോകത്തിലെ ഏറ്റവും മാരകമെന്ന കരുതപ്പെടുന്ന ഡെത്ത് ക്യാംപ് കൂൺ ചേര്‍ത്തിരുന്നു. ഭക്ഷണം കഴിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ മൂവരും മരിച്ചു. ഹീതറിന്‍റെ ഭര്‍ത്താവ് ഇയാൻ മാത്രമാണ് രക്ഷപ്പെട്ടത്. വിഷമുള്ള കൂണുകൾ അബദ്ധത്തിൽ ഭക്ഷണത്തിൽ ഉൾപ്പെട്ടതാണെന്നതായിരുന്നു എറിന്‍റെ വാദം.
വിഷക്കൂൺ ശേഖരിച്ച ശേഷം എറിൻ അത് ദീർഘനാൾ സൂക്ഷിക്കാൻ ഫുഡ് ഡീഹൈഡ്രേറ്റർ ഉപയോഗിച്ചതായും പ്രൊസിക്യൂഷൻ വാദിച്ചു. ഈ വിഷക്കൂണിന്‍റെ അംശങ്ങൾ ഫുഡ് ഡീഹൈഡ്രേറ്ററിൽ നിന്ന് കണ്ടെത്തിയാലോ എന്ന് ഭയന്ന് പാറ്റേഴ്സൺ അത് ഉപേക്ഷിച്ചു. ഫുഡ് ഡീഹൈഡ്രേറ്റർ എറിൻ ഉപേക്ഷിക്കാൻ കൊണ്ടുപോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. എന്നാൽ എറിൻ ഇത്തരമൊരു കുറ്റകൃത്യം ചെയ്യാനുള്ള കാരണം വ്യക്തമല്ല.