ഫ്യൂമിയോ കിഷിദ ജപ്പാന്റെ നൂറാം പ്രധാനമന്ത്രി

64കാരനായ കിഷിദ 2012-17 കാലയളവില്‍ എല്‍.ഡി.പിയുടെ നയ മേധാവിയായും പിന്നീട് വിദേശകാര്യ മന്ത്രിയായും സേവനമനുഷ്ഠിച്ചിരുന്നു.

Update: 2021-10-04 09:47 GMT

ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക്​ പാർട്ടി (എൽ.ഡി.പി) നേതാവും മുൻ വിദേശകാര്യ മന്ത്രിയുമായ ഫ്യൂമിയോ കിഷിദ ജപ്പാന്റെ നൂറാം പ്രധാനമ​ന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. വിവിധ വിവാദങ്ങളെ തുടർന്ന് യോഷിഹിതെ സുഗ സ്ഥാനമൊഴിഞ്ഞതോടെയാണ് കിഷിദയെ തെരഞ്ഞെടുത്തത്. കിഷിദയുടെ കീഴിലുള്ള പുതിയ മന്ത്രിസഭാംഗങ്ങളെ ഇന്ന് പ്രഖ്യാപിക്കും. 20 അംഗ കാബിനറ്റില്‍ രണ്ടുപേരൊഴിച്ച് എല്ലാവരും പുതുമുഖങ്ങളാകും. 

64കാരനായ കിഷിദ 2012-17 കാലയളവില്‍ എല്‍.ഡി.പിയുടെ നയ മേധാവിയായും പിന്നീട് വിദേശകാര്യ മന്ത്രിയായും സേവനമനുഷ്ഠിച്ചിരുന്നു. യുഎസ്- ജപ്പാന്‍ ബന്ധത്തില്‍ ഏറെ താല്‍പര്യം പ്രകടിപ്പിക്കുന്ന കിഷിദ ചൈനക്കും ഉത്തര കൊറിയക്കുമെതിരെ ഏഷ്യയിലെയും യൂറോപ്പിലെയും സമാനചിന്തയുള്ള രാജ്യങ്ങളുമായുള്ള സഖ്യം വേണമെന്ന അഭിപ്രായക്കാരനാണ്.

Advertising
Advertising

പാർലമെന്‍റിന്‍റെ അധോസഭയിൽ നടന്ന തെരഞ്ഞെടുപ്പിൽ എൽ.ഡി.പിയടങ്ങുന്ന ഭരണമുന്നണി 311 വോട്ടുകളാണ് നേടിയത്. പ്രതിപക്ഷ നേതാവ്​ യൂകിയോ എഡാനോക്ക്​ 124 വോട്ടാണ്​ നേടാനായത്​. ഉപരിസഭയും വോട്ടുചെയ്യുമെങ്കിലും അധോസഭയുടെ തീരുമാനമാണ്​ പ്രധാനം. തൊട്ടുപിന്നാലെ നടന്ന വോട്ടെടുപ്പിൽ ഉപരിസഭയും കിഷിദയെ അംഗീകരിച്ചു. 

കോവിഡ് വ്യാപനത്തെ കൈകാര്യം ചെയ്ത രീതിയിലുണ്ടായ വീഴ്ചയും ഒളിമ്പിക്‌സ് നടത്തിപ്പിലുണ്ടായ പാളിച്ചയും പിന്തുണയില്‍ ഇടിവുണ്ടാക്കിയ സാഹചര്യത്തിലാണ് യോഷിഹിതെ സുഗ പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചത്. സ്ഥാനമേറ്റെടുത്ത് ഒരു വര്‍ഷം പിന്നിട്ട ശേഷമായിരുന്നു രാജി. 

നവംബറിൽ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ എൽ.ഡി.പിയെ വിജയിപ്പിക്കുക എന്നതായിരിക്കും പ്രധാനമന്ത്രിപദം ഏറ്റെടുത്തശേഷം കിഷിദക്കു മുന്നിലുള്ള പ്രധാന വെല്ലുവിളി. കോവിഡിനു ശേഷം രാജ്യത്തെ സമ്പദ്​ വ്യവസ്ഥ മെച്ചപ്പെടുത്തുക, ഉത്തര കൊറിയയുടെ വെല്ലുവിളി നേരിടുക തുടങ്ങിയവും കിഷിദയ്ക്കു മുന്നിലുണ്ട്. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News