640 യാത്രക്കാരെ കുത്തിനിറച്ച് അഫ്ഗാനിൽനിന്ന് സി-17 ഗ്ലോബ്മാസ്റ്റർ പറന്നതെങ്ങനെ?

പരമാവധി 77,564 കിലോഗ്രാം ഭാരം വഹിക്കാൻ ശേഷിയുള്ള വിമാനത്തിലാണ് യുഎസ് സേന 640 അഫ്ഗാന്‍ അഭയാര്‍ത്ഥികള്‍ക്ക് ഇടമൊരുക്കിയത്.

Update: 2021-08-17 13:01 GMT
Editor : abs | By : Web Desk

അഫ്ഗാനിസ്താന്റെ നിയന്ത്രണം താലിബാൻ പിടിക്കുന്നതിനിടെ ലോകത്തുടനീളം ചർച്ച ചെയ്യപ്പെട്ട ദൃശ്യമാണ് യുഎസ് വ്യോമസേനയുടെ സി-17 ഗ്ലോബ്മാസ്റ്റർ 3 വിമാനത്തിലേത്. 640 അഫ്ഗാനികളെ കുത്തിനിറച്ച് ഖത്തറിലെ ഉദൈദ് വിമാനത്താവളത്തിലേക്ക് സി-17 നടത്തിയ അതിസാഹസിക യാത്രയാണ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയത്. അഫ്ഗാൻ ജനത അനുഭവിക്കുന്ന പ്രതിസന്ധിയുടെ നേർച്ചിത്രമായി പലരും ഈ ചിത്രത്തെ വിശേഷിപ്പിക്കുകയുണ്ടായി. പരമാവധി 77,564 കിലോഗ്രാം ഭാരം വഹിക്കാൻ ശേഷിയുള്ള വിമാനത്തിലാണ് യുഎസ് സേന 640 അഫ്ഗാനികൾക്ക് ഇടമൊരുക്കിയതെന്ന് പ്രതിരോധ വെബ്‌സൈറ്റായ ഡിഫൻസ് വൺ റിപ്പോർട്ട് ചെയ്യുന്നു. മൂന്ന് പതിറ്റാണ്ടിനിടെ ആദ്യമായാണ് യുഎസ് സൈനിക വിമാനത്തിൽ ഇത്രയും കൂടുതൽ പേർ യാത്ര ചെയ്യുന്നത്.

Advertising
Advertising

ഇത്രയും കൂടുതല്‍ അഭയാര്‍ത്ഥികളെ കൊണ്ടു പോകണോ വേണ്ടയോ എന്നതില്‍ സേനയില്‍ ആശയക്കുഴപ്പമുണ്ടായിരുന്നു. എന്നാല്‍ ഇവരെ പുറത്തിറക്കാതെ കൊണ്ടുപോകാനാണ് സേന തീരുമാനിച്ചതെന്ന് യുഎസ് വൃത്തങ്ങളെ ഉദ്ധരിച്ച് പ്രതിരോധ വെബ്‌സൈറ്റായ ഡിഫൻസ് വൺ പറയുന്നു. 'ലക്ഷ്യസ്ഥാനത്തെത്തുമ്പോൾ ഏകദേശം അഫ്ഗാൻ സിവിലിയന്മാർ എയർക്രാഫ്റ്റിൽ ഉണ്ടായിരുന്നു' എന്നാണ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയത്. ഞായറാഴ്ച രാത്രിയാണ് കാർഗോ വിമാനം കാബൂളിൽ നിന്ന് പറന്നുയർന്നത്. 


2013ലാണ് ഇതിനു മുമ്പ് സി-17 ഇത്രയും വലിയ ഒഴിപ്പിക്കൽ നടത്തിയത്. ഹൈയാൻ കൊടുങ്കാറ്റിനെ തുടർന്ന് തക്ലോബാനിൽ നിന്ന് മനിലയിലേക്ക് 670 പേരെയാണ് വിമാനം കൊണ്ടുപോയത്.

അതിനിടെ, അഫ്ഗാനിൽ നിന്ന് പിന്മാറാനുള്ള തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ വ്യക്തമാക്കി. '20 വർഷത്തിന് ശേഷം ബുദ്ധിമുട്ടേറിയ സമയത്തെ കുറിച്ച് ഞാൻ അറിയുകയാണ്. യുഎസ് സേനയ്ക്ക് അഫ്ഗാനില്‍നിന്ന് പിന്മാറാൻ നല്ല സമയമുണ്ടായിരുന്നില്ല. അതു കൊണ്ടാണ് ഞങ്ങൾ ഇപ്പോഴും അവിടെയുള്ളത്' - അദ്ദേഹം കൂട്ടിച്ചേർത്തു.

സി-17 ഗ്ലോബ്മാസ്റ്റർ

1980-90 കാലയളവിൽ യുഎസ് എയർഫോഴ്‌സ് വികസിപ്പിച്ച മിലിറ്ററി ട്രാൻസ്‌പോർട്ട് എയർക്രാഫ്റ്റാണ് ബോയിങ് സി-17 ഗ്ലാബ്മാസ്റ്റർ 3. തന്ത്രപ്രധാന എയർലിഫ്റ്റ് ദൗത്യങ്ങൾ, മെഡിക്കൽ ഇവാക്വേഷൻ, എയർ ഡ്രോപ് എന്നിവയ്ക്കാണ് ഇവ ഉപയോഗിക്കുന്നത്. ഇന്ത്യൻ വ്യോമസേനയ്ക്കും ബ്രിട്ടന്റെ റോയൽ എയർഫോഴ്‌സിനും സി-17 വിമാനങ്ങളുണ്ട്. 

വിശ്വാസ്യതയാണ് സി-17നെ വേറിട്ടുനിർത്തുന്നത്. 92 ശതമാനമാണ് വിമാനത്തിന്റെ ദൗത്യ പൂർണതയെന്ന് യുഎസ് നേവി വെബ്‌സൈറ്റ് പറയുന്നു. പൈലറ്റ്, സഹപൈലറ്റ്, ലോഡ് മാസ്റ്റർ എന്നിവർ അടങ്ങുന്ന മൂന്ന് ക്രൂ ആണ് വിമാനം നിയന്ത്രിക്കുന്നത്. 77519 കിലോഗ്രാം (170,900 പൗണ്ട്) ഭാരം വഹിക്കാനുള്ള ശേഷിയുണ്ട്. പരമാവധി ടേക്ക്ഓഫ് ഭാരം 265,352 കിലോഗ്രാം. മണിക്കൂറിൽ 830 കിലോമീറ്ററാണ് ക്രൂസിങ് വേഗം. 

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News