സൗദിയിലേക്ക് വീണ്ടും മിസൈൽ ആക്രമണം; മൂന്ന് മിസൈലുകൾ തകർത്തു
കിഴക്കൻ പ്രവിശ്യയിലും അൽ ഖർജിലുമായി രണ്ട് ഡ്രോണുകളും പ്രതിരോധിച്ചു
റിയാദ്: സൗദിയിലേക്ക് വീണ്ടും മിസൈൽ - ഡ്രോൺ ആക്രമണം. വെള്ളിയാഴ്ച പുലർച്ചെ പ്രിൻസ് സുൽത്താൻ വ്യോമതാവളത്തിലേക്ക് വിക്ഷേപിച്ച മൂന്ന് ബാലിസ്റ്റിക് മിസൈലുകൾ സൗദി വ്യോമ പ്രതിരോധ സേന തടഞ്ഞു നശിപ്പിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. അൽ ഖർജ് ഗവർണറേറ്റിലുള്ള വ്യോമതാവളത്തിന് നേരെയാണ് മിസൈലുകൾ വിക്ഷേപിച്ചതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി പറഞ്ഞു.
കിഴക്കൻ പ്രവിശ്യയിലും അൽ ഖർജിന് കിഴക്കുമായി രണ്ട് ഡ്രോണുകൾ വ്യോമ പ്രതിരോധ സേന തടഞ്ഞു നശിപ്പിച്ചതായി അൽ മാലികി കൂട്ടിച്ചേർത്തു. ആർക്കും പരിക്കോ നാശനഷ്ടമോ ഇല്ലെന്നും സൗദി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. അൽ ഖർജ് ഗവർണറേറ്റിന് കിഴക്ക് ഒരു ക്രൂയിസ് മിസൈൽ തടഞ്ഞതായും വക്താവ് പറഞ്ഞു.
റിയാദിൽ നിന്ന് ഏകദേശം 80 കിലോമീറ്റർ തെക്കുകിഴക്കായി അൽ ഖർജിന് പുറത്ത് മൂന്ന് ക്രൂയിസ് മിസൈലുകളും ഗവർണറേറ്റിന് സമീപം മൂന്ന് ഡ്രോണുകളും സൗദി വ്യോമ പ്രതിരോധ സേന തടഞ്ഞതായി വ്യാഴാഴ്ച വക്താവ് അറിയിച്ചിരുന്നു.