മൾട്ടി-സ്റ്റോപ്പ് ടൂറിസ്റ്റ് ബസുകൾ!; മദീനയിൽ വിനോദസഞ്ചാര ബസ് സർവീസിലേക്ക് നിക്ഷേപകാവസരം
'ഫുർസ' പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കാം
ജിദ്ദ: മദീനയിലെ ചരിത്രപരവും മതപരവുമായ കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് മൾട്ടി-സ്റ്റോപ്പ് ടൂറിസ്റ്റ് ബസ് ശൃംഖല സ്ഥാപിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമായി നിക്ഷേപകരെ ക്ഷണിച്ച് മദീന മുനിസിപ്പാലിറ്റി. നഗരത്തിലെ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും വിനോദസഞ്ചാര മേഖലയ്ക്ക് കരുത്തേകുന്നതിനുമുള്ള വിപുലമായ പദ്ധതിയുടെ ഭാഗമായാണ് നീക്കം.
മദീനയിലെ വിവിധ ചരിത്ര-വിനോദ കേന്ദ്രങ്ങളിലേക്ക് സന്ദർശകർക്കും താമസക്കാർക്കും എളുപ്പത്തിൽ എത്തിച്ചേരാൻ സൗകര്യമൊരുക്കുന്നതാണ് പദ്ധതി. ചരിത്രപ്രധാനമായ പള്ളികൾ, പുരാതന സ്മാരകങ്ങൾ, മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവയെ ബന്ധിപ്പിച്ചുകൊണ്ടായിരിക്കും ബസ് സർവീസുകൾ. സുസ്ഥിരമായ നിക്ഷേപ വരുമാനം ഉറപ്പാക്കുന്നതിനൊപ്പം മദീനയുടെ നഗര വികസനത്തിന് പിന്തുണ നൽകുക എന്നതും പദ്ധതിയുടെ ലക്ഷ്യമാണ്.
സൗദി സിറ്റീസ് ഇൻവെസ്റ്റ്‌മെന്റ് പോർട്ടലായ 'ഫുർസ' വഴി നിക്ഷേപകർക്ക് അപേക്ഷകൾ സമർപ്പിക്കാം. പദ്ധതിയുടെ നിബന്ധനകൾ, സാങ്കേതിക വിവരങ്ങൾ, മറ്റു നിയമാവലികൾ എന്നിവ പോർട്ടലിൽ ലഭ്യമാണ്. പൂർണമായും ഇലക്ട്രോണിക് സംവിധാനത്തിലൂടെയാണ് അപേക്ഷാ നടപടികൾ പൂർത്തിയാക്കേണ്ടത്.