'ഞാന്‍ ജയിലില്‍ അടയ്ക്കപ്പെട്ടാലും കൊല്ലപ്പെട്ടാലും പോരാടണം': ജനങ്ങളോട് ഇംറാന്‍ ഖാന്‍

ഈ അടിമത്തം നിങ്ങൾ ഒരിക്കലും അംഗീകരിക്കില്ലെന്ന് തെളിയിക്കണമെന്ന് ജനങ്ങളോട് ഇംറാന്‍ ഖാന്‍

Update: 2023-03-15 05:03 GMT

ഇംറാന്‍ ഖാന്‍

Advertising

ഇസ്‍ലാമാബാദ്: പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാനെ അറസ്റ്റ് ചെയ്യാന്‍ നീക്കം നടക്കുന്നതിനിടെ അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്തു. താന്‍ ജയിലില്‍ അടയ്ക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്താലും അവകാശങ്ങള്‍ക്കായി പോരാട്ടം തുടരണമെന്ന് ഇംറാന്‍ ഖാന്‍ ആവശ്യപ്പെട്ടു.

"എന്നെ അറസ്റ്റ് ചെയ്യാനാണ് പൊലീസ് എത്തിയിരിക്കുന്നത്. ഇംറാൻ ഖാൻ ജയിലിൽ പോയാൽ ജനങ്ങൾ ഉറങ്ങുമെന്ന് അവർ കരുതുന്നു. നിങ്ങളത് തെറ്റാണെന്ന് തെളിയിക്കണം. നിങ്ങളുടെ അവകാശങ്ങൾക്കായി പോരാടണം. നിങ്ങൾ തെരുവിലിറങ്ങണം. ദൈവം ഇംറാന്‍ ഖാന് എല്ലാം തന്നിരിക്കുന്നു. ഞാൻ നിങ്ങള്‍ക്കായി യുദ്ധം ചെയ്യുന്നു. ഞാൻ എന്റെ ജീവിതകാലം മുഴുവൻ പോരാടി. ഇനിയും പോരാട്ടം തുടരും. ഇംറാന്‍ ഇല്ലാതെയും പോരാട്ടം നടത്താന്‍ കഴിയുമെന്ന് നിങ്ങള്‍ തെളിയിക്കണം. ഈ അടിമത്തം നിങ്ങൾ ഒരിക്കലും അംഗീകരിക്കില്ലെന്ന് തെളിയിക്കണം. പാകിസ്താൻ സിന്ദാബാദ്"- എന്നാണ് ഇംറാന്‍ ഖാന്‍ പറഞ്ഞത്.

പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച സമ്മാനങ്ങൾ നിയമവിരുദ്ധമായി വിറ്റതിന് പാകിസ്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇംറാന്‍ ഖാന്‍ കുറ്റക്കാരനാണെന്ന് കഴിഞ്ഞ വർഷം ഒക്ടോബറിൽ കണ്ടെത്തിയിരുന്നു. ഈ കേസിലാണ് പൊലീസ് ഇംറാനെ അറസ്റ്റ് ചെയ്യാന്‍ ഒരുങ്ങുന്നത്. ഇസ്‍ലാമാബാദില്‍ ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യവേ വനിതാ മജിസ്ട്രേറ്റിനെ ഭീഷണിപ്പെടുത്തിയതിനും ഇംറാന്‍ ഖാനെതിരെ കേസെടുത്തിരുന്നു.

ഇംറാനെ ലാഹോറിലെ വസതിയിൽ നിന്ന് അറസ്റ്റ് ചെയ്യാനുള്ള പൊലീസിന്റെ ശ്രമം അദ്ദേഹത്തിന്‍റെ അനുയായികള്‍ തടഞ്ഞിരുന്നു. പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ കല്ലേറുണ്ടായി. ഇതോടെ പൊലീസ് ജലപീരങ്കി ഉപയോഗിച്ചു. ഇംറാന്‍ തെഹ് രികെ ഇൻസാഫ് പാർട്ടി നേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്. 

Summary- Addressing his countrymen Imran Khan said, The police have arrived to arrest me. They think that if Imran Khan goes to jail, the people will go to sleep. You have to prove them wrong, you have to prove that the people is alive.




Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News