യുദ്ധഭൂമിയിലെ വറ്റാത്ത മനുഷ്യസ്‌നേഹം; കിയവിൽ സൗജന്യമായി അഭയവും ഭക്ഷണവും നൽകി ഇന്ത്യൻ റസ്റ്റൊറന്റ്‌

ബേസ്‌മെന്റിലായതിനാൽ ബങ്കറായി പ്രവർത്തിക്കുകയാണ് 'സാതിയ' എന്ന റസ്റ്റൊറന്റ്‌

Update: 2022-03-01 07:58 GMT
Editor : Lissy P | By : Web Desk
Advertising

യുക്രൈനിലെ യുദ്ധഭൂമിയിൽ ജീവന് വേണ്ടി നെട്ടോട്ടമോടുകയാണ് ജനങ്ങൾ. ബങ്കറുകളിലും മെട്രോസ്‌റ്റേഷനുകളിലും ഉറങ്ങാത്ത ആറു ദിനങ്ങൾ. ഭക്ഷണത്തിനും വെള്ളത്തിനും വേണ്ടി എല്ലാവരും പരക്കം പായുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളിൽ കാണുന്നത്. എങ്ങും ദുരിതത്തിന്റെയും മരണത്തിന്റെയും വാർത്തകൾ മാത്രം. അതിനിടയിലാണ് യുദ്ധം ഏറ്റവും രൂക്ഷമായ കിയവിൽ നിന്ന് വറ്റാത്ത മനുഷ്യ സ്‌നേഹത്തിന്റെ വാർത്ത വരുന്നത്. കിയവിലെ ഒരു ഇന്ത്യൻ റസ്റ്റൊറന്റ്‌ ഇന്ത്യൻ വിദ്യാർഥികൾക്കും യുക്രൈൻ പൗരന്മാർക്കും പാർപ്പിടവും സൗജന്യ ഭക്ഷണവും നൽകി രക്ഷകരാകുകയാണ്. യുദ്ധം തുടങ്ങിയത് മുതൽ കുറഞ്ഞത് 125 ഓളം പേർക്കെങ്കിലും 'സാതിയ' എന്ന റസ്റ്റൊറന്റ്‌ അഭയം നൽകിയിട്ടുണ്ട്.

ചോകോലിവ്സ്‌കി ബൊളിവാർഡിന്റെ ബേസ്മെന്റിലുള്ളതിനാൽ റസ്റ്റൊറന്റ്‌ ബങ്കറായി മാറിയിരിക്കുകയാണെന്ന് ഉടമ മനീഷ് ദേവ് പറഞ്ഞു. ബോംബാക്രമണം തുടങ്ങിയതോടെ ആളുകൾ അവരുടെ പെട്ടികളും മറ്റുമെടുത്ത് റെസ്റ്റോറന്റിലേക്ക് വരികയായിരുന്നു. വന്നവർക്കെല്ലാം ഞങ്ങൾ ഭക്ഷണം നൽകിയതായും ഉടമ മനീഷ് ദേവ് 'ടൈംസ് ഓഫ് ഇന്ത്യ'യോട് പറഞ്ഞു. ഹോട്ടൽ ജീവനക്കാർ ഇവർക്ക് ഭക്ഷണുണ്ടാക്കുന്ന തിരക്കിലേക്ക് മാറി. ജീവൻ പണയം വെച്ചാണ് ഇവിടേക്ക് ആവശ്യമുള്ള ഭക്ഷണസാധനങ്ങൾ  ജീവനക്കാർ പുറത്തുപോയി ശേഖരിക്കുന്നത്.

ഓരോ ദിവസം കഴിയും തോറും സംഘർഷം രൂക്ഷമായി വരുന്നതിനാൽ ഇനി എത്രനാളേക്ക് ഭക്ഷണസാധനങ്ങൾ ബാക്കി ഉണ്ടാകുമെന്ന ആശങ്കയിലാണ്  ജീവക്കാർ. 'നാലോ അഞ്ചോ ദിവസത്തേക്ക് കഴിക്കാവുന്ന കഴിയ്ക്കാനുള്ള അരിയും മാവും ഇപ്പോൾ ഞങ്ങളുടെ പക്കലുണ്ട്, പക്ഷേ പച്ചക്കറികളും മറ്റ് സാധനങ്ങളും വാങ്ങേണ്ടതുണ്ട്. രാത്രി 10 മണിക്കും രാവിലെ ഏഴ് മണിക്കും ഇടയിൽ പുറത്തിറങ്ങുന്നതിന് നിയന്ത്രണമുണ്ട്. വെള്ളിയാഴ്ച, കുറച്ച് സമയത്തേക്ക് മാർക്കറ്റുകൾ തുറന്നപ്പോൾ, ഭക്ഷണശാലയിൽ പച്ചക്കറികളും പാലും അരിയും സംഭരിച്ചുവെച്ചു'  റസ്റ്റൊറന്റ്‌ ഉടമായ ദേവ് പറയുന്നു.

സംഘർഷത്തിന് മുമ്പ് തന്നെ സാതിയ റസ്റ്റോറന്റ് യുക്രൈനിലെ ഇന്ത്യൻ വിദ്യാർഥികളുടെ പ്രിയപ്പെട്ട ഇടമായിരുന്നു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News