ഫലസ്തീനെ പിന്തുണച്ച് പോസ്റ്റുകൾ; അമേരിക്കൻ എഴുത്തുകാരന്റെ അക്കൗണ്ടിന് വിലക്കേർപ്പടുത്തി ഇൻസ്റ്റ​ഗ്രാം

ഇൻസ്റ്റ​ഗ്രാമിൽ ആറ് മില്യൺ ഫോളോവർമാരുള്ള ആക്ടിവിസ്റ്റ് കൂടിയാണ് ഷോൺ കിങ്.

Update: 2023-12-28 10:03 GMT
Advertising

ഫലസ്തീനെ അനുകൂലിക്കുന്ന പോസ്റ്റുകൾ പങ്കുവച്ചതിന് അമേരിക്കൻ എഴുത്തുകാരന്റെ അക്കൗണ്ടിന് വിലക്കേർപ്പെടുത്തി ഇൻസ്റ്റ​ഗ്രാം. ബ്ലാക്ക് ലിവ്സ് മാറ്റർ ആക്ടിവിസ്റ്റും മാധ്യമപ്രവർത്തകനും കൂടിയായ ഷോൺ കിങ്ങിന്റെ അക്കൗണ്ടാണ് മാർക്ക് സുക്കർബർ​ഗ് മേധാവിയായ മെറ്റയ്ക്ക് കീഴിലുള്ള ഇൻസ്റ്റ​ഗ്രാം പൂട്ടിയത്. ഇസ്രയേലിനെതിരായ യുദ്ധത്തിൽ ഫലസ്തീനെ പിന്തുണച്ച് നിരവധി പോസ്റ്റുകളാണ് ഷോൺ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിരുന്നത്.

ഇൻസ്റ്റ​ഗ്രാമിൽ ആറ് മില്യൺ (60 ലക്ഷം) ഫോളോവർമാരുള്ള ഷോൺ കിങ്, പലസ്തീന്റെ അവകാശങ്ങൾക്കും അന്തസിനുമായി വാദിച്ചതിന് ഇൻസ്റ്റഗ്രാം വിലക്കേർപ്പെടുത്തിയതിൽ നിരാശ പ്രകടിപ്പിച്ചു രം​ഗത്തെത്തി.

തന്റെ ഐ.പി അഡ്രസ് ട്രാക്ക് ചെയ്യുന്നുണ്ടെന്നും എവിടെയൊക്കെ വച്ച് എന്തൊക്കെ എഴുതിയിട്ടുണ്ടോ അതെല്ലാം ഡിലീറ്റ് ചെയ്യപ്പെടുമെന്നും മെറ്റയിലെ ആളുകൾ പറഞ്ഞതായി ഡിസംബർ 25ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ഇതിനു പിന്നാലെയായിരുന്നു അക്കൗണ്ടിന് നിരോധനമേർപ്പെടുത്തിയത്.

ഇതിൽ പ്രതികരിച്ചുള്ള ഷോൺ മാർഷിന്റെ കുറിപ്പും വീഡിയോയും അന്താരാഷ്ട്ര പുരസ്കാര ജേതാവും 2015ലെ പുലിറ്റ്‌സർ പ്രൈസ് ഫൈനലിസ്റ്റുമായ പ്രമുഖ ഫോട്ടോ​ഗ്രാഫർ വിസാം നാസർ തന്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിൽ പങ്കുവച്ചിട്ടുണ്ട്. അതിൽ ഷോൺ പറയുന്നതിങ്ങനെ-

”ഫലസ്തീനു വേണ്ടി പോരാടിയതിനും ഫലസ്തീനികളുടെ മനുഷ്യാവകാശങ്ങൾക്കും അന്തസിനും വേണ്ടി സംസാരിച്ചതിനും ഇൻസ്റ്റഗ്രാം എന്നെ വിലക്കിയതിൽ നിരാശയുണ്ട്. ഈ വംശഹത്യയെക്കുറിച്ചും ഗസ്സയിലെയും വെസ്റ്റ് ബാങ്കിലെയും യുദ്ധക്കുറ്റങ്ങളെ കുറിച്ചും നിശബ്ദത പാലിച്ച് എന്റെ മൂല്യങ്ങളെയും തത്വങ്ങളെയും വഞ്ചിക്കാൻ എനിക്ക് പറ്റില്ല. വംശഹത്യയെക്കുറിച്ച് ഒരിക്കലും നിങ്ങൾക്ക് മിണ്ടാൻ കഴിയില്ല. യുദ്ധക്കുറ്റങ്ങളെക്കുറിച്ചും നിങ്ങൾക്ക് മിണ്ടാൻ കഴിയില്ല”.

”നിങ്ങൾക്കറിയാവുന്ന എല്ലാ വിധത്തിലും നിങ്ങൾ അധികാരവർ​ഗത്തോട് സത്യം പറയണം. ഫലസ്തീനായി നിങ്ങൾ മുമ്പത്തേക്കാളും ശക്തമായി മുന്നോട്ടുപോകുമെന്ന് ദയവായി എനിക്ക് വാഗ്ദാനം നൽകണം''- അദ്ദേഹം പറയുന്നു. അതേസമയം, ഇൻസ്റ്റ​ഗ്രാം അക്കൗണ്ട് തിരികെ കിട്ടാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഗസ്സയിലെ നാശനഷ്ടങ്ങൾ ഉയർത്തിക്കാട്ടുകയും അവിടുത്തെ ഇസ്രായേലിന്റെ ക്രൂരമായ ആക്രമണം അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്തും ഒക്ടോബർ ഏഴു മുതൽ നിരവധി ഫലസ്തീൻ അനുകൂല പോസ്റ്റുകൾ പങ്കിട്ട വ്യക്തിയാണ് കിങ്. ന്യൂയോർക്ക് ടൈംസ്, വാഷിംഗ്ടൺ പോസ്റ്റ്, ടൈം എന്നിവയിലുൾപ്പെടെ ചിത്രങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള ഫോട്ടോ​ഗ്രാഫറായ വിസാം നാസറും തന്റെ ഇ‍ൻസ്റ്റ​ഗ്രാം അക്കൗണ്ടിലൂടെ നിരന്തരം ഫലസ്തീനെ അനുകൂലിച്ചും ​ഗസ്സയിലെ ദൈന്യതയും ഇസ്രായേൽ ക്രൂരതയും പുറംലോകത്തെത്തിക്കുന്ന വിധത്തിലും നിരവധി പോസ്റ്റുകളും വീഡിയോകളും പങ്കുവയ്ക്കുന്ന വ്യക്തിയാണ്. 



Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News