ഇബ്റാഹിം റഈസിക്ക്​ കണ്ണീരോടെ വിടനൽകി ഇറാൻ ജനത; അന്ത്യ വിശ്രമം ജന്മദേശത്ത്

വിവിധ സൈനിക വിഭാഗങ്ങളുടെ മേധാവികളും ആത്മീയ നേതാക്കളും സംസ്​കാരവേളയിൽ സന്നിഹിതരായിരുന്നു

Update: 2024-05-24 01:33 GMT
Editor : Lissy P | By : Web Desk
Advertising

തെഹ്റാന്‍: ഹെലികോപ്ടർ അപകടത്തിൽ മരിച്ച പ്രസിഡൻറ്​ ഇബ്രാഹിം റഈസിക്ക്​ കണ്ണീരോടെ വിടനൽകി ഇറാൻ ജനത. പതിനായിരങ്ങളുടെ കണ്ണീർപ്രാർഥനകൾ നിറഞ്ഞ അന്തരീക്ഷത്തിൽ ജന്മദേശമായ മസ്ഹദിലെ ഇമാം റിസ മസ്ജിദ്​ ഖബർസ്ഥാനിലാണ് റഈസിയുടെ അന്ത്യവിശ്രമം. 

ഇറാൻ വിപ്ലവനായകൻ ആയത്തുല്ല ഖുമൈനിക്ക്​ നൽകിയ വിടവാങ്ങലിനെ അനുസ്​മരിപ്പിക്കും വിധം​ ജനലക്ഷങ്ങൾ അണിചേർന്ന വിലാപ യാത്രാ ചടങ്ങുകൾക്ക്​ പിന്നാലെയായിരുന്നു മസ്​ഹദ്​ നഗരത്തിൽ ഇബ്രാഹിം റഈസിയുടെ ഖബറടക്കം. പ്രിയനേതാവി​ന്‍റെ മൃതദേഹം മണ്ണിലേക്ക്​ ഇറക്കി വെക്കവെ, ആയിരങ്ങൾ കണ്ണീരടക്കാൻ പാടുപെട്ടു. വിവിധ സൈനിക വിഭാഗങ്ങളുടെ മേധാവികളും ആത്മീയ നേതാക്കളും സംസ്​കാരവേളയിൽ സന്നിഹിതരായിരുന്നു.

ബുധനാഴ്ച തെഹ്റാനിലെ ആസാദി ചത്വരത്തിൽ പതിനായിരങ്ങൾ പങ്കെടുത്ത മയ്യത്ത് നമസ്​കാര ചടങ്ങിനെ തുടർന്നാണ്​ മൃതദേഹം വിമാന മാർഗം മശ്ഹദിലെത്തിച്ചത്​. മശ്ഹദിലെ വിദേശ നയതന്ത്ര പ്രതിനിധികളും അയൽ രാജ്യങ്ങളിൽനിന്നുള്ള നേതാക്കളും ഖബറടക്ക ചടങ്ങിൽ പ​​ങ്കെടുത്തു. ഇടക്കാല പ്രസിഡന്റ് മുഹമ്മദ് മുഖ്ബറും ചടങ്ങിൽ പങ്കെടുത്തു. ഇന്നലെ രാവിലെ കിഴക്കൻ നഗരമായ ബിർജാൻഡിൽ നടന്ന വിലാപ യാത്രയിൽ ആയിരങ്ങൾ പ്രിയ നേതാവിന്​ അന്ത്യോപചാരം അർപ്പിക്കാനെത്തി.

വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുല്ലഹിയാെന്റയും അപകടത്തിൽ മരണപ്പെട്ട മറ്റുള്ളവരുടെയും ഖബറടക്ക ചടങ്ങ് തെഹ്​റാൻ ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിലായാണ്​​ നടന്നത്​. ഇബ്രാഹിം റഈസിയും വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുല്ലഹിയാനുമടക്കം എട്ടുപേർ സഞ്ചരിച്ച ഹെലികോപ്ടർ ഞായറാഴ്ച ഉച്ചയോടെയാണ്​ അസർബൈജാൻ അതിർത്തിയിലെ ജുൽഫയിലെ വനമേഖലയിൽ തകർന്നുവീണത്. അപകടത്തെ കുറിച്ച ഉന്നതതല അന്വേഷണം തുടരുകയാണ്​. തകർന്ന അവശിഷ്​ടങ്ങളിൽ വെടിയുണ്ട ഉൾപ്പെടെ ഒന്നും കണ്ടെത്താനായില്ല. ലക്ഷ്യദിശയിൽ നിന്ന്​ ഹെലികോപ്​ടർ വ്യതിചലിക്കുകയോ മലയിൽ ഇടിച്ച്​ തീപിടിക്കുകയോ ചെയ്​തില്ലെന്നും അന്വേഷണ സമിതി വ്യക്​തമാക്കി.

അധികം വൈകാതെ റിപ്പോർട്ട്​ പുറത്തു വരുന്നതോടെയാകും ഇതു സംബന്​ധിച്ച ദുരൂഹതകൾ പൂർണമായും അവസാനിക്കുക. ജൂൺ 28ന്​ പുതിയ പ്രസിഡൻറിന്‍റെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾക്കും ഇറാൻ തുടക്കം കുറിച്ചു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News