'സ്വന്തം കാലിൽ വെടിവയ്ക്കുന്നതിന് തുല്യം'; റെവല്യൂഷനറി ​ഗാർഡിനെ തീവ്രവാദ പട്ടികയിൽപ്പെടുത്താനുള്ള നീക്കത്തിൽ യൂറോപ്യൻ യൂണിയനോട് ഇറാൻ

റെവല്യൂഷനറി ഗാർഡിനെ തീവ്രവാദ സംഘടനകളുടെ പട്ടികയിൽപ്പെടുത്താൻ ബുധനാഴ്ചയാണ് യൂറോപ്യൻ പാർലമെന്റ് യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെട്ടത്.

Update: 2023-01-19 09:24 GMT
Advertising

തെഹ്റാൻ: റെവല്യൂഷനറി ​ഗാർഡിനെ തീവ്രവാദ സം​ഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്താനുള്ള യൂറോപ്യൻ യൂണിയൻ നീക്കത്തിനെതിരെ ഇറാന്റെ മുന്നറിയിപ്പ്. സ്വന്തം കാലിൽ വെടിവയ്ക്കുന്നതിന് തുല്യമാണത് എന്ന് യൂറോപ്യൻ യൂണിയന്റെ വിദേശകാര്യ പ്രതിനിധി ജോസെപ് ബോറെലിനോട് ഇറാൻ വിദേശകാര്യ മന്ത്രി ഹൊസൈൻ അമിറാബ്‌ദൊല്ലാഹിയാൻ മുന്നറിയിപ്പ് നൽകി.

"റവല്യൂഷണറി ഗാർഡുകൾ ഇറാന്റെ സുരക്ഷ ഉറപ്പാക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്ന ഔപചാരികവും പരമാധികാരമുള്ളതുമായ സംഘടനയാണെന്ന് ഞങ്ങൾ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. സംഘടനയെ തീവ്രവാദി പട്ടികയിൽ ഉൾപ്പെടുത്താൻ യൂറോപ്യൻ പാർലമെന്റ് സ്വീകരിച്ച നടപടികൾ ഒരു തരത്തിൽ യൂറോപ്പിന്റെ കാൽപാദത്തിൽ തന്നെ വെടിയുതിർക്കുന്നതാണ്"- ഇറാൻ വിദേശകാര്യ മന്ത്രി പറഞ്ഞു.

"ഭീഷണികളുടെയും സൗഹൃദപരമല്ലാത്ത പ്രവർത്തനങ്ങളുടെയും ഭാഷ പിന്തുടരുന്നതിന് പകരം നയതന്ത്ര ലോകത്ത് പരസ്പര സുരക്ഷയെ മാനിക്കുകയും വിശ്വാസം വർധിപ്പിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്. തീവ്രവാദി സംഘടനകളുടെ പട്ടികയിൽപ്പെടുത്തിയാൽ ഇറാൻ അതിനനുസൃതമായ നടപടികൾ കൈക്കൊള്ളും"- അമിറാബ്ദൊല്ലാഹിയാൻ പറഞ്ഞു.

ആഭ്യന്തര പ്രതിഷേധക്കാരെ അടിച്ചമർത്തുന്നു എന്നും യുക്രൈനിൽ റഷ്യൻ സൈന്യത്തിന് ഡ്രോണുകൾ വിതരണം ചെയ്യുന്നു എന്നും ആരോപിച്ച് റെവല്യൂഷനറി ഗാർഡിനെ തീവ്രവാദ സംഘടനകളുടെ പട്ടികയിൽപ്പെടുത്താൻ ബുധനാഴ്ചയാണ് യൂറോപ്യൻ പാർലമെന്റ് യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെട്ടത്. ഇറാനിയൻ സായുധ സേനയുടെ ഒരു ബഹുമുഖ സേവന വിഭാ​ഗമാണ് റെവല്യൂഷനറി ​ഗാർഡ്.

അതേസമയം, മഹ്സാ അമിനിയുടെ മരണത്തെ തുടർന്ന് ഇറാനിൽ ഉടലെടുത്ത പ്രതിഷേധത്തെ അടിച്ചമർത്തുന്ന റെവല്യൂഷിനറി ​ഗാർ‍ഡ് ഉൾപ്പെടെയുള്ള സുരക്ഷാ സേനകളുടെ നടപടിയെ യൂറോപ്യൻ പാർലമെന്റ് അപലപിച്ചു. നടപടിയെ ക്രൂരമെന്നാണ് യൂറോപ്യൻ യൂണിയൻ വിശേഷിപ്പിച്ചത്.

ഇറാനും യൂറോപ്യൻ യൂണിയൻ അംഗങ്ങളായ ഫ്രാൻസും ജർമനിയും ഉൾപ്പെടെയുള്ള ലോകശക്തികളും 2015ലെ ആണവ കരാർ പുനരുജ്ജീവിപ്പിക്കാൻ 2021 മുതൽ ചർച്ചകളിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിലും കഴിഞ്ഞ സെപ്തംബർ മുതൽ അവ സ്തംഭനാവസ്ഥയിലാണ്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News