വെസ്റ്റ് ബാങ്കിലെ അധിനിവേശ കുടിയേറ്റക്കാർക്ക് പ്രത്യേക അവകാശങ്ങൾ; ബിൽ പാസാക്കി ഇസ്രായേൽ പാർലമെന്‍റ്

കുടിയേറ്റ നടപടികൾ ഇനിയും ശക്തിപ്പെടുത്തുമെന്ന് പാർലമെന്റിൽ ബിൽ അവതരിപ്പിച്ച ഇസ്രായേൽ നീതിന്യായ മന്ത്രി യാരിവ് ലെവിൻ വ്യക്തമാക്കി

Update: 2023-01-11 10:45 GMT
Editor : Shaheer | By : Web Desk
Advertising

ജറൂസലം: വെസ്റ്റ് ബാങ്കിൽ അടിയന്തരാവസ്ഥാ നിയമങ്ങളുടെ കാലാവധി നീട്ടി ഇസ്രായേൽ പാർലമെന്റ്. ഇസ്രായേലിനകത്തുള്ള അതേ അവകാശങ്ങൾ കുടിയേറ്റക്കാർക്ക് അനുവദിക്കുന്നതാണ് ഈ നിയമം. എന്നാൽ, ഇതേ അവകാശങ്ങൾക്ക് ഈ പ്രദേശങ്ങളിലെ ഫലസ്തീനികൾ അർഹരല്ല.

13നെതിരെ 58 വോട്ടിനാണ് ബിൽ ഇസ്രായേൽ നെസറ്റിൽ പാസായത്. നേരത്തെ, പാർലമെന്റിന്റെ വിദേശകാര്യ-പ്രതിരോധ കമ്മിറ്റിയുടെ പരിശോധനയ്ക്കായി ബിൽ അയച്ചിരുന്നു. ഓരോ അഞ്ചു വർഷം കൂടുമ്പോഴും നിയമത്തിന്റെ കാലാവധി നീട്ടുന്ന കാര്യത്തിൽ പുനഃപരിശോധന നടത്തേണ്ടതുണ്ട്. ഇതിനുമുൻപ് 2017ലാണ് കാലാവധി നീട്ടിയത്.

നീതിന്യായ മന്ത്രി യാരിവ് ലെവിൻ ആണ് പാർലമെന്റിൽ ബിൽ അവതരിപ്പിച്ചത്. 'മുൻ സർക്കാരുകളെപ്പോലെയല്ല പുതിയ ഭരണകൂടം. മുഴുവൻ ഇസ്രായേൽ പ്രദേശത്തിനുമേലും നമുക്ക് അവകാശമുണ്ടെന്ന വിശ്വാസത്തിലുറച്ചാണ് നമ്മൾ നിന്നത്. മറ്റിടങ്ങളിലേക്കുള്ള കുടിയേറ്റങ്ങൾ ഇനിയും ശക്തിപ്പെടുത്തും.'-ബിൽ അവതരിപ്പിച്ചുകൊണ്ട് യാരിവ് വ്യക്തമാക്കി.

വംശവിവേചന നിയമമെന്നാണ് ഇതിനെ ഫലസ്തീനികൾ വിശേഷിപ്പിക്കുന്നത്. കൂടുതൽ നിയമലംഘനങ്ങൾക്കും മനുഷ്യാവകാശ നിഷേധത്തിനും നിയമം കാരണമാകുമെന്നാണ് ഫലസ്തീനികൾ ഭയക്കുന്നത്. കഴിഞ്ഞ തവണ ഇടതുപക്ഷ, അറബ് കക്ഷികൾ അടങ്ങുന്ന പ്രതിപക്ഷത്തിന്റെ കടുത്ത എതിർപ്പിനിടെയാണ് നിയമം പാസാക്കിയത്. എന്നാൽ, ഇത്തവണ ബെഞ്ചമിൻ നെതന്യാഹുവിന്റെ പുതിയ വലതുപക്ഷ സർക്കാരിന് നിയമം പാസാക്കാൻ വലിയ തടസം നേരിടേണ്ടിവന്നിട്ടില്ല.

1967ലാണ് വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ അധിനിവേശം ആരംഭിച്ചത്. ഇതിനുശേഷം ആറു ലക്ഷത്തിലേറെ നിയമവിരുദ്ധ ഇസ്രായേൽ കുടിയേറ്റക്കാരാണ് ഇവിടെ കഴിയുന്നത്. വിവിധ ഇസ്രായേൽ ഭരണകൂടങ്ങളുടെ ഒത്താശയോടെയാണ് വെസ്റ്റ് ബാങ്കിലെ അധിനിവേശ കുടിയേറ്റം ശക്തിപ്പെട്ടത്. അന്താരാഷ്ട്ര നിയമങ്ങളും അന്താരാഷ്ട്ര ഏജൻസികളുടെ മുന്നറിയിപ്പുകളും കാറ്റിൽപറത്തിയാണ് ഇസ്രായേൽ കുടിയേറ്റ നടപടികൾ തുടരുന്നത്.

Summary: Israel's Knesset approved an extension on laws for the West Bank. The law grants settlers in the occupied West Bank rights that they would receive in Israel, without giving the same rights to Palestinians

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News