ഇനിയൊരു തെരഞ്ഞെടുപ്പിനില്ല; അപ്രതീക്ഷിത രാജി പ്രഖ്യാപനവുമായി ന്യൂസിലാന്‍റ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍

ന്യൂസിലാന്‍റ് പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത രാജി പ്രഖ്യാപനം ലോകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്

Update: 2023-01-19 03:03 GMT
Editor : Jaisy Thomas | By : Web Desk

ജസീന്ത ആര്‍ഡേന്‍

Advertising

വെല്ലിംഗ്ടണ്‍: ന്യൂസിലാന്‍റ് പ്രധാനമന്ത്രി സ്ഥാനമൊഴിയാനുള്ള തീരുമാനവുമായി ജസീന്ത ആര്‍ഡന്‍. വീണ്ടുമൊരു തെരഞ്ഞെടുപ്പിനില്ലെന്നും ഫെബ്രുവരി ആദ്യം തന്നെ സ്ഥാനമൊഴിയുമെന്നും ജസീന്ത വ്യക്തമാക്കി. ന്യൂസിലാന്‍റ് പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത രാജി പ്രഖ്യാപനം ലോകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്.

അടുത്ത ഒക്ടോബറില്‍ തെരഞ്ഞെടുപ്പ് നടക്കുമെന്നും ജസീന്ത അറിയിച്ചു. 'സമയമായി' എന്നാണ് വ്യാഴാഴ്ച നടന്ന പാർട്ടിയുടെ വാർഷിക കോക്കസ് മീറ്റിംഗിൽ ജസീന്ത പറഞ്ഞത്. ''ഞാന്‍ ഇറങ്ങുകയാണ്. കാരണം അത്തരമൊരു പദവിക്കൊപ്പം ഉത്തരവാദിത്തവുമുണ്ട്. എപ്പോഴാണ് നയിക്കാൻ അനുയോജ്യനായ വ്യക്തിയെന്നും അല്ലാത്തതെന്നും അറിയാനുള്ള ഉത്തരവാദിത്തം.ഈ ജോലി എങ്ങനെയാണ് ചെയ്യേണ്ടതെന്ന് എനിക്കറിയാം. എന്നാല്‍ അതിനോട് നീതി പുലര്‍ത്താന്‍ എനിക്ക് ഇനി സാധിക്കില്ല'' ജസീന്ത കൂട്ടിച്ചേര്‍ത്തു. ഫെബ്രുവരി 7നാണ് ജസീന്തയുടെ കാലാവധി അവസാനിക്കുന്നതെങ്കിലും ഈ വർഷം അവസാനം നടക്കുന്ന തിരഞ്ഞെടുപ്പ് വരെ അവർ എംപിയായി തുടരും.

"ഞാൻ മനുഷ്യനാണ്, രാഷ്ട്രീയക്കാർ മനുഷ്യരാണ്. കഴിയുന്നിടത്തോളം കാലം ഞങ്ങൾ കഴിയുന്നതെല്ലാം നൽകുന്നു. ഇപ്പോള്‍ സമയമായി. എന്നെ സംബന്ധിച്ചിടത്തോളം ഇത് നല്ല സമയമാണ്, "വേനൽ അവധിക്കാലത്ത് തനിക്ക് ഈ റോളില്‍ തുടരാനുള്ള ഊർജമുണ്ടോ എന്ന് താൻ ചിന്തിച്ചിരുന്നുവെന്നും അങ്ങനെ സാധിക്കില്ല എന്ന നിഗമനത്തിലാണ് താൻ എത്തിയതെന്നും ആർഡന്‍ വ്യക്തമാക്കി. "എന്‍റെ ജീവിതത്തിലെ ഏറ്റവും സംതൃപ്തമായ അഞ്ചര വർഷമായിരുന്നു ഇത്. എന്നാൽ വെല്ലുവിളികളും ഉണ്ടായിട്ടുണ്ട് . പാർപ്പിടം, കുട്ടികളുടെ ദാരിദ്ര്യം, കാലാവസ്ഥാ വ്യതിയാനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ പ്രകൃതി ദുരന്തം, കോവിഡ് മഹാമാരി,സാമ്പത്തിക പ്രതിസന്ധി എന്നിവയെ നേരിടേണ്ടി വന്നു.'' ജസീന്ത പറഞ്ഞു. ന്യൂസിലാന്‍റുകാര്‍ തന്‍റെ നേതൃത്വം ഓർക്കാൻ എങ്ങനെ ആഗ്രഹിക്കുന്നുവെന്ന് ചോദിച്ചപ്പോൾ, എപ്പോഴും ദയ കാണിക്കാൻ ശ്രമിക്കുന്ന ഒരാളെന്ന നിലയിലാണെന്നായിരുന്നു ജസീന്തയുടെ മറുപടി.

2017ല്‍ സ്ഥാനമേല്‍ക്കുമ്പോള്‍ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായിരുന്നു 37കാരിയായ ജസീന്ത. കോവിഡ് മഹാമാരി, ക്രൈസ്റ്റ് ചർച്ചിലെ രണ്ട് പള്ളികളിൽ നടന്ന ഭീകരാക്രമണം, വൈറ്റ് ഐലൻഡ് അഗ്നിപർവ്വത സ്ഫോടനം തുടങ്ങിയ പ്രതിസന്ധികളില്‍ ജസീന്ത മുന്നില്‍ നിന്നും ന്യൂസിലാന്‍റിനെ നയിച്ചു. രണ്ടും തവണയാണ് ജസീന്ത ന്യൂസിലാന്‍റ് പ്രധാനമന്ത്രിയായത്. ജസീന്തയുടെ പാര്‍ട്ടി രണ്ടാമത്തെ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടിയിരുന്നു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News