ശൂന്യാകാശം തൊടാൻ ലോക കോടീശ്വരൻ; ജെഫ് ബെസോസിന്റെ ബഹിരാകാശയാത്ര അടുത്ത മാസം

സഹോദരൻ മാർക്കിനൊപ്പമുള്ള ജെഫ് ബെസോസിന്‍റെ സ്വപ്നയാത്ര ഭൂമിയിൽനിന്ന് 60 മൈൽ അകലെ പറന്നുയർന്ന് ബഹിരാകാശത്തിന്റെ തൊട്ടരികിലെത്തും

Update: 2021-06-07 14:07 GMT
Editor : Shaheer | By : Web Desk
Advertising

ജീവൻ പണയം വച്ച് സാഹസകൃത്യങ്ങൾ ചെയ്യുന്നവരെ കുറിച്ച് കേൾക്കാറുണ്ട്. എന്നാൽ, വെറും ജീവൻ മാത്രമല്ല ലോകത്തെ  ഏറ്റവും വലിയ ബിസിനസ് സാമ്രാജ്യം തന്നെ 'പണയംവച്ച്' ഒരു സാഹസികയാത്രയ്‌ക്കൊരുങ്ങുകയാണ് ഇവിടെയൊരാൾ. മറ്റാരുമല്ല, ലോക കോടീശ്വരൻ ജെഫ് ബെസോസ്! അടുത്ത മാസമാണ് ആമസോൺ സിഇഒയുടെ ബഹിരാകാശയാത്ര നിശ്ചയിച്ചിരിക്കുന്നത്. ഇളയ സഹോദരൻ മാർക്ക് ബെസോസും കൂട്ടിനുണ്ട്.

ആമസോണിന്റെ കീഴിലുള്ള ബഹിരാകാശ പര്യവേക്ഷണ സാങ്കേതികവിദ്യാ നിർമാതാക്കളായ ബ്ലൂ ഒറിജിനിന്റെ പേടകമായ ന്യൂ ഷെപാർഡിലായിരിക്കും ശതകോടീശ്വരന്റെ സ്വപ്നയാത്ര. മനുഷ്യരെ വഹിച്ചുകൊണ്ടുള്ള ബ്ലൂ ഒറിജിന്റെ ആദ്യ ബഹിരാകാശയാത്ര കൂടിയാകുമിത്. അടുത്ത മാസം 20നാണ് യാത്ര നിശ്ചയിച്ചിരിക്കുന്നത്. അഞ്ചു വയസുള്ള നാൾതൊട്ടേ ബഹിരാകാശ യാത്രയെക്കുറിച്ച് സ്വപ്‌നം കണ്ടിരുന്നുവെന്നാണ് വിവരം അറിയിച്ചുകൊണ്ടുള്ള ഇൻസ്റ്റഗ്രാം പോസ്റ്റിൽ ജെഫ് ബെസോസ് കുറിച്ചത്. ഏറ്റവും പ്രിയപ്പെട്ട സുഹൃത്തിനൊപ്പമുള്ള ഏറ്റവും വലിയ സാഹസികകൃത്യത്തിനാണ് ഒരുങ്ങുന്നതെന്നും ബെസോസ് യാത്രയെ വിശേഷിപ്പിക്കുന്നു.

കാര്യങ്ങളെല്ലാം നിശ്ചയിച്ച പോലെ നടക്കുകയാണെങ്കിൽ റോക്കറ്റ് യാത്ര നടത്തുന്ന ആദ്യത്തെ ബഹിരാകാശ സാങ്കേതികവിദ്യാ നിർമാതാവ് കൂടിയാകും ജെഫ് ബെസോസ്. ബഹിരാകാശ ഭീമന്മാരായ സ്‌പേസ്എക്‌സിന്റെ ഇലൺ മസ്‌ക് വരെ ഇതുവരെ റോക്കറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ടുള്ള യാത്ര നടത്തിയിട്ടില്ല. ബ്രിട്ടീഷ് ശതകോടീശ്വരനും ബഹിരാകാശ സാങ്കേതികവിദ്യാ കമ്പനിയായ വിർജിൻ ഗലാക്ടിക്കിന്റെ ഉടമ റിച്ചാർഡ് ബ്രാൻസണും നേരത്തെ തന്നെ ബഹിരാകാശ യാത്ര പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഈ വർഷം അവസാനത്തിലേ അതു നടക്കൂ.

ആറുവർഷത്തിലേറെ നീണ്ട അതീവ ശ്രമകരവും രഹസ്യവുമായ പരീക്ഷണങ്ങൾക്കൊടുവിലാണ് ബ്ലൂ ഒറിജിനിന്റെ ന്യൂഷെപാർഡ് പേടകവും റോക്കറ്റും മനുഷ്യനെ വഹിച്ചുകൊണ്ടുള്ള ബഹിരാകയാത്രയ്ക്ക് സജ്ജമായിരിക്കുന്നത്. 59 അടി ഉയരമുള്ള റോക്കറ്റിലാണ് ആറു സീറ്റുള്ള പേടകം ബഹിരാകാശത്തേക്ക് വിക്ഷേപിക്കുക. റോക്കറ്റിൽനിന്ന് ബന്ധം വിച്ഛേദിച്ച ശേഷം ഭൂമിയിൽനിന്ന് 60 മൈൽ(ഏകദേശം 96 കി.മീറ്റർ) അകലെ വരെ പറന്ന് ബഹിരാകാശത്തിന്റെ തൊട്ടടുത്തുവരെയെത്തും ബെസോസിനെയും വഹിച്ചുകൊണ്ട് പറക്കുന്ന പേടകമെന്ന് ബ്ലൂ ഒറിജിൻ പറയുന്നു. ബഹികാരാശ ടൂറിസം ആരംഭിക്കുമെന്ന് അടുത്തിടെയാണ് ബ്ലൂ ഒറിജിൻ പ്രഖ്യാപിച്ചത്. ബഹിരാകാശ വിനോദയാത്രയ്ക്കായുള്ള ടിക്കറ്റ് വിൽപനയും ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി നടന്നുകൊണ്ടിരിക്കുന്ന ലേലത്തിലെ വിജയിക്ക് ബെസോസിനും സഹോദരനുമൊപ്പം യാത്ര ചെയ്യാനാകും.

ബഹിരാകാശ പര്യവേക്ഷണങ്ങൾ ലക്ഷ്യമിട്ട് 2000ലാണ് ബ്ലൂ ഒറിജിൻ കമ്പനിക്ക് ബെസോസ് തുടക്കമിട്ടത്. ടെക്‌സാസിന്റെ പ്രാന്തപ്രദേശത്ത് സ്ഥിതി ചെയ്യുന്ന കമ്പനി ആസ്ഥാനത്തുവച്ച് നിരവധി തവണ റോക്കറ്റ് പരീക്ഷണങ്ങൾ നടന്നിട്ടുണ്ട്. മാതാപിതാക്കൾ നൽകിയ 2,50,000 ഡോളർ ഉപയോഗിച്ച് 1994ലാണ് ബെസോസ് ആമസോൺ ആരംഭിക്കുന്നത്. പുസ്തക വിൽപനയ്ക്കാരായി തുടക്കമിട്ട കമ്പനി ഇന്ന് ലോകത്തെ ഏറ്റവും വലിയ വാണിജ്യ ശൃംഖലയാണ്. കമ്പനിയുടെ സിഇഒ സ്ഥാനത്തുനിന്ന് രാജിവയ്ക്കാൻ ആലോചിക്കുന്നതായി ദിവസങ്ങൾക്ക് മുൻപ് ബെസോസ് തന്നെ സൂചിപ്പിച്ചിരുന്നു. സഹോദരൻ മാർക്ക് ബെസോസ് മുൻപ് ഒരു പരസ്യ ഏജൻസിയുടെ ഉടമയായിരുന്നു. ന്യൂയോർക്ക് സിറ്റി ആസ്ഥാനമായി പ്രവർത്തിക്കുന്ന ചാരിറ്റി സംഘടനയായ റോബിൻ ഹുഡിന്റെ സീനിയർ വൈസ് പ്രസിഡന്റാണ് നിലവിൽ 53കാരനായ മാർക്ക്.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News