ബലാത്സംഗക്കേസില്‍ ചൈനീസ്-കനേഡിയന്‍ പോപ്പ് ഗായകന്‍ ക്രിസ് വുവിന് 13 വര്‍ഷം തടവ്

മൂന്നു സ്ത്രീകളെ ബലാത്സംഗം ചെയ്തതിനാണ് ബെയ്ജിംഗിലെ കോടതി 32കാരനായ ക്രിസിന് ശിക്ഷ വിധിച്ചത്

Update: 2022-11-26 05:48 GMT
Editor : Jaisy Thomas | By : Web Desk
Advertising

ബെയ്ജിംഗ്: ലൈംഗിക കുറ്റകൃത്യങ്ങളിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ചൈനീസ്-കനേഡിയൻ പോപ്പ് ഗായകന് ക്രിസ് വുവിന് 13 വർഷം തടവ് ശിക്ഷ വിധിച്ചു. മൂന്നു സ്ത്രീകളെ ബലാത്സംഗം ചെയ്തതിനാണ് ബെയ്ജിംഗിലെ കോടതി 32കാരനായ ക്രിസിന് ശിക്ഷ വിധിച്ചത്.

2020ല്‍ മൂന്നു സ്ത്രീകളെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ചതിന് 11 വർഷവും ആറ് മാസവും ശിക്ഷ അനുഭവിക്കുമെന്ന് ബെയ്ജിംഗിലെ ചായോങ് ജില്ലാ കോടതി വെള്ളിയാഴ്ച പറഞ്ഞു. 'വ്യഭിചാരം ചെയ്യാൻ ആളുകളെ കൂട്ടി' എന്ന കുറ്റത്തിന് ഒരു വർഷവും 10 മാസവും ശിക്ഷ അനുഭവിക്കണമെന്നും കോടതി അറിയിച്ചു. അദ്ദേഹത്തെ നാടുകടത്തുമെന്ന് കോടതി പറഞ്ഞു. ചൈനയിൽ ശിക്ഷയ്ക്ക് ശേഷം നാടുകടത്തൽ സാധാരണയാണ്.

17 കാരിയായ വിദ്യാര്‍ഥിനിയുടെ പീഡന ആരോപണത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ക്രിസിനെ അറസ്റ്റ് ചെയ്തിരുന്നു. വീട്ടില്‍ പാര്‍ട്ടിക്ക് ക്ഷണിച്ചുവരുത്തിയ ശേഷം മദ്യം നല്‍കി പീഡിപ്പിക്കുകയായിരുന്നുവെന്നായിരുന്നു വിദ്യാര്‍ഥിനിയുടെ ആരോപണം. അതിനു മുന്‍പ് 24ഓളം സ്ത്രീകള്‍ ഗായകനെതിരെ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഈ ആരോപണങ്ങളെയെല്ലാം ക്രിസ് നിഷേധിച്ചിരുന്നു. മദ്യം കലർന്ന കരോക്കെ പാർട്ടികളിലേക്ക് സ്ത്രീകളെ ക്ഷണിച്ചുവെന്നാരോപിച്ചാണ് ഇയാൾക്കെതിരെ കേസെടുത്തത്. വ്യക്തിഗത വരുമാനവും നികുതിയുമായി ബന്ധപ്പെട്ട മറ്റ് കുറ്റകൃത്യങ്ങളും മറച്ചുവെച്ചതിന് വുവിന് 600 മില്യണ്‍ യുവാന്‍ നല്‍കാനും നികുതി വകുപ്പ് ഉത്തരവിട്ടിരുന്നു.

ചൈനയിലാണ് ജനിച്ചതെങ്കിലും കനേഡിയന്‍ പൗരത്വമുള്ള വു 2010ല്‍ പോപ്പ് ബാന്‍ഡുകളായ കെ പോപ്പിലും എക്സോയിലും അംഗമാകുന്നതോടെയാണ് പ്രശസ്തനായത്.ഗായകൻ, നടൻ, മോഡൽ,ഷോ ജഡ്ജ് എന്നീ നിലകളില്‍ തിളങ്ങിയ ക്രിസ് ചൈനയിലെ പ്രമുഖ സെലിബ്രിറ്റികളിലൊരാളാണ്. ബലാത്സംഗക്കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ലൂയിസ് വിറ്റൺ, ബൾഗാരി, ലോറിയൽ മെൻ, പോർഷെ എന്നിവയുൾപ്പെടെയുള്ള ബ്രാൻഡുകൾ ക്രിസുമായുള്ള പങ്കാളിത്തം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News