ചരിത്ര വിജയം; മൂന്നാം വട്ടവും ലണ്ടൻ മേയറായി സാദിഖ് ഖാൻ

കൺസർവേറ്റീവ് പാർട്ടിയുടെ സൂസൻ ഹാളിനെക്കാൾ 276,000 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് വിജയം

Update: 2024-05-05 03:22 GMT
Editor : Lissy P | By : Web Desk
Advertising

ലണ്ടൻ: ലണ്ടൻ മേയര്‍ തെരഞ്ഞെടുപ്പില്‍ മൂന്നാം തവണയും സാദിഖ് ഖാന് ജയം.  ലേബർ പാർട്ടി നേതാവായ സാദിഖ് ഖാൻ 2016 മുതൽ ലണ്ടൻ മേയറാണ്. മുഖ്യ എതിരാളിയായ കൺസർവേറ്റീവ് പാർട്ടിയുടെ സൂസൻ ഹാളിനെക്കാൾ 43.8ശതമാനം വോട്ട് നേടിയാണ് സാദിഖ് ഖാൻ വിജയിച്ചത്. സാദിഖ് ഖാൻ 14 മണ്ഡലങ്ങളിൽ ഒമ്പതിലും വിജയിക്കുകയും 276,000 വോട്ടുകളുടെ ഭൂരിപക്ഷം നേടുകയും ചെയ്താണ് ചരിത്ര വിജയം നേടിയിരിക്കുന്നത്. സാദിഖ് ഖാൻ 10,88,225 വോട്ടുകൾ നേടിയപ്പോൾ കൺസർവേറ്റീവ് സ്ഥാനാർഥി സൂസൻ ഹാളിന് 8,11,518 വോട്ടുകളാണ് ലഭിച്ചത്.

ശനിയാഴ്ച ഉച്ചയോടെയാണ് ഏവരും ആകാംക്ഷയോടെ കാത്തിരുന്ന മേയർ തെരഞ്ഞെടുപ്പിന്റെ അന്തിമ ഫലം പ്രഖ്യാപിച്ചത്. ഇതോടെ മുൻഗാമിയായ ബോറിസ് ജോൺസണെ പിന്തള്ളി ഈ പദവിയിൽ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച വ്യക്തിയായി 53 കാരനായ സാദിഖ് ഖാൻ മാറി. 2021 ലെ അവസാന മത്സരത്തെ അപേക്ഷിച്ച് സാദിഖ് ഖാന്റെ ഭൂരിപക്ഷത്തിലും വർധവുണ്ടായിട്ടുണ്ട്.

'മൂന്നാം തവണയും മേയറായ തെരഞ്ഞെടുക്കപ്പെട്ടത് ബഹുമതിയായാണ് കാണുന്നതെന്ന് ഖാൻ അനുയായികളോട് പറഞ്ഞു. ഈ മഹത്തായ നഗരത്തിന്റെ ചൈതന്യത്തിനും മൂല്യങ്ങൾക്കും അനുസൃതമായ കാമ്പയിനാണ് ഞങ്ങൾ നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാകിസ്താനിൽ നിന്നും ബ്രിട്ടനിലേക്ക് കുടിയേറിയ സാദിഖ് ഖാൻ ലണ്ടനിലെ ആദ്യത്തെ മുസ്‍ലിം മേയറാണ്. മുഖ്യഎതിരാളിയായ സൂസൺ ഹാൾ സാദിഖ് ഖാനെതിരെ ഇസ്ലാമോഫോബിക് പ്രചാരണം അഴിച്ചുവിട്ടിരുന്നു.എന്നാൽ ഇതിനെല്ലാം മറികടന്നാണ് വൻ ഭൂരിപക്ഷത്തിൽ മൂന്നാം തവണയും സാദിഖ് ഖാൻ മേയർ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. ഇംഗ്ലണ്ടിൽ മുഖ്യ പ്രതിപക്ഷ പാർട്ടിയായ ലേബർ പാർട്ടി .തദ്ദേശ തെരഞ്ഞെടുപ്പില്‍ വൻ വിജയമാണ് നേടിയത്.

500 ഓളം സീറ്റുകൾ നഷ്ടപ്പെട്ട ബ്രിട്ടണിലെ ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടി അഥവാ ടോറികൾ മൂന്നാം സ്ഥാനത്താണുള്ളത്.തദ്ദേശ തെരഞ്ഞെടുപ്പിലെ കൺസർവേറ്റീവ് പാർട്ടിയുടെ കനത്ത പരാജയം ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന് കനത്ത തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. നാല് പതിറ്റാണ്ടിനിടെ കൺസർവേറ്റീവ് പാർട്ടിയുടെ മോശം തെരഞ്ഞെടുപ്പ് ഫലമാണിത്.


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News