രണ്ടാഴ്ചത്തേക്ക് സ്‌കൂളുകള്‍ അടച്ചു, ഓഫീസുകള്‍ ആഴ്ചയില്‍ നാലുദിവസം മാത്രം; ഇന്ധനക്ഷാമം നേരിടാന്‍ നടപടികളുമായി പാകിസ്താന്‍

50 ശതമാനം ജീവനക്കാര്‍ വര്‍ക്ക് ഫ്രം ഹോം അടിസ്ഥാനത്തിലാകും പ്രവര്‍ത്തിക്കുക

Update: 2026-03-10 12:39 GMT

ഇസ്‌ലാമാബാദ്: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തില്‍ എണ്ണവില വര്‍ധിക്കുകയും ഇന്ധനക്ഷാമം രൂക്ഷമാകുകയും ചെയ്തതോടെ അടിയന്തര നടപടികളുമായി പാകിസ്താന്‍. സ്‌കൂളുകള്‍ക്ക് രണ്ടാഴ്ചത്തേക്ക് അവധി നല്‍കി. സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ആഴ്ചയില്‍ പ്രവൃത്തി നാലുദിവസമായി വെട്ടിച്ചിരുക്കി.

'ഇന്ധന ഉപയോഗം കുറക്കുന്നതിനായി ബാങ്കുകള്‍ ഒഴികെയുള്ള സര്‍ക്കാര്‍ ഓഫിസുകള്‍ ആഴ്ചയില്‍ നാല് ദിവസം മാത്രമേ പ്രവര്‍ത്തിക്കൂ. എല്ലാ സ്‌കൂളുകളും രണ്ടാഴ്ചത്തേക്ക് അടക്കും. ഉന്നതവിദ്യാഭ്യാസം ഓണ്‍ലൈന്‍ രീതിയിലേക്ക് മാറും' - പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് പറഞ്ഞു. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ അവശ്യ സേവനങ്ങള്‍ ഒഴികെയുള്ളവയില്‍ 50 ശതമാനം ജീവനക്കാര്‍ വര്‍ക്ക് ഫ്രം ഹോം അടിസ്ഥാനത്തിലാകും പ്രവര്‍ത്തിക്കുക. വരുന്ന രണ്ട് മാസത്തില്‍ സര്‍ക്കാര്‍ വകുപ്പുകള്‍ക്കുള്ള ഇന്ധനത്തില്‍ 50 ശതമാനത്തിന്റെ കുറവ് വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. സെമിനാറുകള്‍ക്കും കോണ്‍ഫറന്‍സുകള്‍ക്കും ഹോട്ടലുകള്‍ ബുക്ക് ചെയ്യേണ്ടതില്ലെന്നും പകരം സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ വച്ച് നടത്തണമെന്നും നിര്‍ദേശമുണ്ട്.

Advertising
Advertising

അസംസ്‌കൃത എണ്ണവില 100 ഡോളര്‍ പിന്നിട്ടതിന് പിന്നാലെ പാകിസ്താനില്‍ പെട്രോള്‍ വില ലിറ്ററിന് 50 രൂപ വര്‍ധിപ്പിച്ചിരുന്നു. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വര്‍ധനവാണിത്. ഒരു ലിറ്റര്‍ പെട്രോള്‍ വാങ്ങാന്‍ 321 പാക് രൂപ നല്കണം ഹൈസ്പീഡ് ഡീസലിനാകട്ടെ 335 പാക് രൂപയും.

സ്വതവേ ദുര്‍ബലമായ പാക് സമ്പദ്ഘടനയില്‍ പശ്ചിമേഷ്യയിലെ യുദ്ധം കനത്ത ആഘാതമാണുണ്ടാക്കിയത്. ഇറാനില്‍ നിന്നും മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുമാണ് പാകിസ്താന്‍ സ്ഥിരമായി എണ്ണ വാങ്ങിയിരുന്നത്. യുദ്ധം കനത്തതും ഹോര്‍മുസ് കടലിടുക്ക് അടച്ച് എണ്ണ വിതരണം തടസപ്പെട്ടതും വില കുത്തനെ ഉയര്‍ന്നതുമാണ് പാകിസ്താന് തിരിച്ചടിയായത്. നിലവില്‍ 25 ദിവസത്തേക്ക് ആവശ്യമായ പെട്രോള്‍, ഡീസല്‍ കരുതല്‍ ശേഖരമുണ്ടെന്നും അതേസമയം അസംസ്‌കൃത എണ്ണ ശേഖരം ഏകദേശം 10 ദിവസത്തേക്ക് മാത്രമേയുള്ളൂവെന്നും നധനമന്ത്രി മുഹമ്മദ് ഔറംഗസേബ് പറഞ്ഞു.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - ശരത് ലാൽ തയ്യിൽ

Chief Web Journalist

Similar News