ഹമാസിന്‍റെ ഉപാധികൾക്ക് വഴങ്ങില്ലെന്ന് ഇസ്രായേൽ; ഗസ്സയിൽ സമാധാനത്തിനായുള്ള ചർച്ച പരാജയം

കൈറോയിൽ രണ്ടു ദിവസങ്ങളിലായി നടന്ന വെടിനിർത്തൽ ചർച്ചയാണ് പരാജയപ്പെട്ടത്

Update: 2024-05-06 03:42 GMT
Editor : Lissy P | By : Web Desk
Advertising

ദുബൈ: ഗസ്സയിൽ വെടിനിർത്തലിനായി ഈജിപ്ത് തലസ്ഥാനമായ കെയ്റോയിൽ നടന്ന സമാധാന ചർച്ച പരാജയം. ഹമാസിന്‍റെ ഉപാധികൾക്ക് വഴങ്ങില്ലെന്ന് അറിയിച്ച ഇസ്രായേൽ കെയ്റോയിലേക്ക് പ്രതിനിധി സംഘത്തെ അയച്ചില്ല.  ഈജിപ്ത്​ തലസ്​ഥാനമായ കൈറോയിൽ രണ്ടു ദിവസങ്ങളിലായി നടന്ന വെടിനിർത്തൽ ചർച്ചയാണ് പരാജയപ്പെട്ടത്.  കൈറോയിലേക്ക്​ സംഘത്തെ അയക്കാൻ വിസമ്മതിച്ച ഇസ്രായേൽ ഹമാസിന്‍റെ​ ഉപാധികൾക്ക്​ വഴങ്ങില്ലെന്നും മുന്നറിയിപ്പ്​ നൽകി. തുടർ ചർച്ചകൾക്ക്​ ഇനി ഖത്തർ വേദിയായേക്കും.

അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും നടത്തിയ ശക്​തമായ സമ്മർദങ്ങൾക്കൊടുവിലും ഗസ്സയിൽ വെടിനിർത്തലിന്​ വിസമ്മതിക്കുകയാണ്​ ഇസ്രായേൽ. ബന്ദിമോചനം മുൻനിർത്തി താൽക്കാലിക വെടിനിർത്തലിന്​ സന്നദ്ധമാണെങ്കിലും ഹമാസിന്‍റെ ഉപാധികൾ അംഗീകരിക്കില്ലെന്നാണ് നെതന്യാഹുവിന്‍റെ നിലപാട്.  ആക്രമണം പൂർണമായും അവസാനിപ്പിക്കുക, സൈന്യം ഗസ്സ വിടുക, വടക്കൻ ഗസ്സയിലേക്ക്​ ആളുകൾക്ക്​ മടങ്ങാൻ അവസരം ഒരുക്കുക എന്നീ ഹമാസ്​ ഉപാധികൾ അംഗീകരിക്കില്ലെന്ന്​ നെതന്യാഹു അറിയിച്ചു.

ഇന്നലെ ചേർന്ന യുദ്ധകാര്യ മന്ത്രിസഭാ യോഗത്തിൽ ഗാൻറ്​സ്​ ഉൾ​പ്പെടെ ഏതാനും മന്ത്രിമാർ വെടിനിർത്തൽ കരാറിനു വേണ്ടി വാദിച്ചെങ്കിലും വിജയിച്ചില്ല. കീഴടങ്ങലിന്​ സമാനമായ ഉപാധികൾ ശരിയല്ലെന്നും ലക്ഷ്യം കാണും വരെ യുദ്ധം തുടരുമെന്നും​ നെതന്യാഹു വ്യക്​തമാക്കി. കൈറോയിൽ നിന്ന്​ ഹമാസ്​ സംഘം രാത്രിയോടെ ദോഹക്ക്​ മടങ്ങി. സി.ഐ.എ മേധാവി വില്യം ബേൺസ്​ തുടർ ചർച്ചക്കായി ദോഹയിലെത്തി. പ്രതീക്ഷ കൈവിടാൻ സമയമായില്ലെന്നും ഇരുപക്ഷവുമായും ചർച്ച തുടരുമെന്നും മധ്യസ്​ഥരാജ്യങ്ങളായ ഖത്തറും ഈജിപ്​തും പ്രതികരിച്ചു.

അതേസമയം, ഇസ്രായേലിൽ അൽ ജസീറയുടെ ഇംഗ്ലീഷ്, അറബി ചാനലുകൾക്ക് പ്രവർത്തനാനുമതി വിലക്കിയ തീരുമാനത്തിനെതിരെ വ്യാപക വിമർശനം ഉയരുകയാണ്.  ഐക്യരാഷ്ട്ര സഭ ഉൾപ്പെടെ ലോകവേദികൾ നടപടി​യെ അപലപിച്ചു. സംപ്രേക്ഷണ വിലക്കിനു പുറമെ ഓഫീസ് പൂട്ടി റിപ്പോർട്ടർമാരെ പുറത്താക്കാനും ഫോണും കമ്പ്യൂട്ടറുകളും ഉൾപ്പെടെ ഉപകരണങ്ങൾ പിടിച്ചെടുക്കാനുമാണ്​ നീക്കം. ഗസ്സയിൽ ഇസ്രായേൽ തുടരുന്ന മനുഷ്യാവകാശ ലംഘനങ്ങളും യുദ്ധക്കുറ്റങ്ങളും പുറത്തെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചത് അൽ ജസീറയാണ്​.

അതിനിടെ അഭയാർഥികൾ തിങ്ങിത്താമസിക്കുന്ന റഫ ഉൾപ്പെടെ ഗസ്സയിൽ ആക്രമണം രൂക്ഷമായി. നുസൈറാത്, മഗാസി അഭയാർഥി ക്യാമ്പുകളെയും സേന ലക്ഷ്യമിട്ടു. 24 മണിക്കൂറിനിടെ 26 പേർ കൂടി കൊല്ലപ്പെട്ടതോടെ ഗസ്സയിൽ മരിച്ചവരുടെ എണ്ണം 34,683 ആയി. കരീം ഷാലോം ക്രോസിങ്ങിൽ തമ്പടിച്ച ഇസ്രായേൽ സൈനിക വ്യൂഹത്തിനു നേരെ അൽഖസ്സാം ബ്രിഗേഡ്​സ്​ നടത്തിയ ആക്രമണത്തിൽ മൂന്ന്​ പേർ കൊല്ല​പ്പെട്ടു. 11 ​സൈനികർക്ക്​​ പരിക്കേറ്റു. അമേരിക്കൻ, യൂറോപ്യൻ വാഴ്​സിറ്റികളിൽ യുദ്ധവിരുദ്ധ പ്രതിഷേധം തുടരുകയാണ്​.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News