ഹാരി രാജകുമാരന്‍റെ ആത്മകഥക്കെതിരെ വിമര്‍ശനം; സ്പാനിഷ് പതിപ്പ് പിന്‍വലിച്ചു

മാധ്യമങ്ങളും കമന്റേറ്റര്‍മാരും മുന്‍ സൈനികരുമാണ് ആത്മകഥക്കെതിരെ രംഗത്തെത്തിയത്

Update: 2023-01-07 05:06 GMT
Editor : Jaisy Thomas | By : Web Desk
Advertising

ലണ്ടന്‍: വിവിധ കോണുകളില്‍ നിന്നും വിമര്‍ശനങ്ങളുയര്‍ന്ന പശ്ചാത്തലത്തില്‍ ഹാരി രാജകുമാരന്‍റെ ആത്മകഥ സ്പെയറിന്‍റെ സ്പാനിഷ് പതിപ്പ് പിന്‍വലിച്ചു. ഈ മാസം 10നാണ് ആത്മകഥ പുറത്തിറക്കാനിരുന്നതെങ്കിലും സ്പാനിഷ് പതിപ്പ് അബദ്ധത്തില്‍ പുറത്തിറങ്ങുകയായിരുന്നു. മാധ്യമങ്ങളും കമന്റേറ്റര്‍മാരും മുന്‍ സൈനികരുമാണ് ആത്മകഥക്കെതിരെ രംഗത്തെത്തിയത്. എന്നാല്‍ ബക്കിംഗ്ഹാം കൊട്ടാരം ഇക്കാര്യത്തില്‍ നിശ്ശബ്ദത പാലിച്ചു. 

പതിനേഴാം വയസില്‍ തന്നെ ഒരു സ്ത്രീ ലൈംഗികമായി ഉപയോഗിച്ചുവെന്നും മയക്കുമരുന്ന് കഴിച്ചിരുന്നതായും വെളിപ്പെടുത്തിയ ഹാരി അഫ്ഗാന്‍ യുദ്ധത്തിനിടെ 25 താലിബാന്‍ ഭീകരരെ കൊലപ്പെടുത്തിയതായും ആത്മകഥയില്‍ പറയുന്നു. എന്നാല്‍ അഫ്ഗാനിസ്ഥാനില്‍ 25 പേരെ കൊലപ്പെടുത്തി എന്ന അവകാശവാദത്തെ മുന്‍ സൈനിക ഉദ്യോഗസ്ഥര്‍ തള്ളിപ്പറഞ്ഞു. സൈന്യം ഇങ്ങനെയല്ല പ്രവര്‍ത്തിക്കുകയെന്നും വ്യക്തമാക്കി.  താലിബാനും ഹാരിയുടെ കുറിപ്പിനെതിരെ രംഗത്തെത്തി. മിസ്റ്റര്‍ ഹാരി, നിങ്ങള്‍ കൊന്നത് ചെസ്സ് പീസുകളല്ല, അവര്‍ മനുഷ്യരായിരുന്നു, തിരിച്ചുവരവിനായി കാത്തിരിക്കുന്ന കുടുംബങ്ങള്‍ അവര്‍ക്കുണ്ടായിരുന്നുവെന്ന് താലിബാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അനസ് ഹഖാനി ട്വീറ്റ് ചെയ്തു. 

കുട്ടിക്കാലത്ത് അമ്മയെ നഷ്ടപ്പെട്ട കുട്ടി എന്ന കാരണത്താല്‍ ആളുകള്‍ ഹാരിയോട് സഹതപിച്ചിട്ടുണ്ടെങ്കിലും സ്വന്തം കുടുംബത്തെ അപമാനത്തിലേക്ക് തള്ളിവിടാന്‍ തെരഞ്ഞെടുത്തത് വിനാശകരവും പ്രതികാരപരവുമായ പാതയാണെന്ന് അത് ന്യായീകരിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും സണ്‍ ടാബ്ലോയ്ഡ് പത്രം ചൂണ്ടിക്കാട്ടി. ഭാര്യ മേഗനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ജ്യേഷ്ഠന്‍ വില്യം രാജകുമാരന്‍ തന്നെ ശാരീരികമായി ആക്രമിച്ചതായും പുസ്തകത്തില്‍ പറയുന്നു. തന്‍റെ പിതാവായ ചാള്‍സ് മൂന്നാമന്‍ രാജാവുമായുള്ള ബന്ധത്തെക്കുറിച്ചും ആത്മകഥയില്‍ വാചാലാനാകുന്നുണ്ട്. കാമിലയെ വിവാഹം കഴിക്കരുതെന്ന് താനും വില്യമും അഭ്യര്‍ഥിച്ചിരുന്നതായും ഹാരി ആത്മകഥയില്‍ കുറിക്കുന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News