ഇസ്രായേൽ മത്സരാർഥിയുമായി കളിക്കില്ല; അന്താരാഷ്ട്ര ടൂർണമെന്റിൽ നിന്ന് പിന്മാറി ലെബനൻ ടേബിൾ ടെന്നീസ് താരം

വേൾഡ് ടേബിൾ ടെന്നീസ് യൂത്ത് സ്റ്റാർ കോൻടെൻഡർ വിലനോവ ഡിഗയ -2022 ടൂർണമെന്റിൽ നിന്നാണ് ബിസ്സാൻ പിന്മാറിയത്.

Update: 2022-11-28 12:38 GMT

ബെയ്റൂത്ത്: ഇസ്രായേലി മത്സരാർഥിയുമായി കളിക്കാൻ വിസമ്മതിച്ച് ടൂർണമെന്റിൽ നിന്ന് പിന്മാറി ലെബനൻ ടേബിൾ ടെന്നീസ് താരം. 11കാരിയായ ബിസ്സാൻ ആണ് ശനിയാഴ്ച പോർച്ചുഗലിൽ നടന്ന ടേബിൾ ടെന്നീസ് ടൂർണമെന്റിൽ നിന്ന് പിന്മാറിയത്. സംഭവത്തിൽ ബിസ്സാനെ പ്രശംസിച്ച് ഹമാസ് രം​ഗത്തെത്തി.

വേൾഡ് ടേബിൾ ടെന്നീസ് യൂത്ത് സ്റ്റാർ കോൻടെൻഡർ വിലനോവ ഡിഗയ -2022 ടൂർണമെന്റിൽ നിന്നാണ് ബിസ്സാൻ പിന്മാറിയത്. ടൂർണമെന്റിൽ ഇസ്രായേലിനെ പ്രതിനിധീകരിച്ചിരുന്ന 15കാരിയായ എലിനോർ ഡേവിഡോവുമായിട്ടായിരുന്നു ബിസ്സാന്റെ മത്സരം. ഇസ്രയേൽ മത്സരാർഥിയുമായുള്ള പോരാട്ടത്തിൽ നിന്ന് മാത്രമല്ല, മത്സരത്തിൽ നിന്ന് പൂർണമായും പിന്മാറുകയാണ് ബിസ്സാൻ ചെയ്തത്.

Advertising
Advertising

മത്സരത്തിൽ നിന്ന് പിന്മാറാനുള്ള കാരണം ബിസ്സാൻ ഔദ്യോഗികമായി പങ്കുവച്ചിട്ടില്ല. ഇസ്രായേലി അത്‌ലറ്റുമായി കളിക്കാതെ ടൂർണമെന്റിൽ നിന്ന് പിൻമാറാനുള്ള ബിസ്സാന്റെ തീരുമാനത്തിന് അറബ് ലോകത്തിൽ നിന്ന് വൻ പ്രശംസയാണ് ലഭിച്ചത്. തീരുമാനത്തിൽ പെൺകുട്ടിയെ പ്രശംസിച്ച് നവംബർ 26നാണ് ഹമാസ് പത്രക്കുറിപ്പ് ഇറക്കിയത്.

ഫലസ്തീനോട് ഐക്യപ്പെട്ടുള്ള ലെബനൻ ജനതയുടെ യഥാർഥ ബോധത്തെ പ്രതിഫലിപ്പിക്കുന്നതാണ് ബിസ്സാന്റെ പ്രവൃത്തിയെന്ന് ഹമാസ് വക്താവ് ജിഹാദ് താ​ഹ ശേഷിപ്പിച്ചു. ഇസ്രായേലി എതിരാളികളുമായി കളിക്കാൻ മത്സരാർഥികൾ വിസമ്മതിച്ച നിരവധി സംഭവങ്ങളിൽ ഒന്നിൽ മാത്രമാണ് ഹമാസ് അഭിനന്ദനമറിയിച്ച് രം​ഗത്തെത്തിയത്.

അതേസമയം, ജൂനിയർ ലെബനീസ് ചെസ് താരമായ നാദിയ ഫവാസും ഇസ്രയേൽ മത്സരാർഥിയെ ബഹിഷ്കരിക്കുന്നതിന്റെ ഭാ​ഗമായി യുഎഇയിൽ നടന്ന അന്താരാഷ്ട്ര മത്സരത്തിൽ നിന്ന് പിന്മാറിയിരുന്നു.

28ാമത് അബൂദാബി അന്താരാഷ്ട്ര ചെസ് ഫെസ്റ്റിവലിന്റെ നാലാം റൗണ്ടിൽ ബ്രൂണെയുടെ വഫ യാക്കൂബ്, സൗദി അറേബ്യയുടെ സിയാദ് സാലിഹ് അബ്ദാലി, യു.എ.ഇയുടെ വാഫിയ ദാർവിഷ് അൽ-മമാരി എന്നിവരുമായുള്ള മത്സരങ്ങൾ വിജയിച്ചതിനു ശേഷമാണ് നാദിയ ഫവാസ് ഇസ്രായേലി മത്സരാർഥി എലിജ ഗ്രോസ്മാനുമായി കളിക്കാൻ വിസമ്മതിച്ചത്.

അടിച്ചമർത്തപ്പെട്ട ഫലസ്തീൻ ജനതയോടുള്ള ഐക്യദാർഢ്യം എന്ന നിലയിലാണ് നാദിയ ഇത്തരമൊരു തീരുമാനമെടുത്തതെന്ന് ലെബനീസ് ചെസ് ഫെഡറേഷൻ തലവൻ ഖാലിദ് ബ്ദേഹ് പറഞ്ഞു.

ജോർദാൻ, സുഡാൻ, അൾജീരിയ, മലേഷ്യ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള അത്‌ലറ്റുകൾ മുതൽ ചെസ് മാസ്റ്റർമാർ വരെയുള്ള മത്സരാർഥികൾ ഈ വർഷം ഇസ്രായേലി മത്സരാർഥികളുമായി കളിക്കാൻ വിസമ്മതിച്ചിരുന്നു.

ഈ മാസം തന്നെ 36കാരനായ ലെബനീസ് ടെന്നീസ് താരം മുഹമ്മദ് അതായയും തന്റെ ഇസ്രായേലി എതിരാളികളുമായി കളിക്കാൻ വിസമ്മതിച്ച് സൈപ്രസ് ആഗോള ടെന്നീസ് ടൂർണമെന്റിൽ നിന്ന് പിന്മാറിയിരുന്നു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News