യു.എസ് നാണയത്തിൽ ഇടംപിടിക്കുന്ന ആദ്യ കറുത്തവർഗക്കാരിയായി മായാ ആഞ്ചലോ

അമേരിക്കൻ ചരിത്രത്തിലെ പ്രമുഖ വനിതകളുടെ ചിത്രം മുദ്രണം ചെയ്ത നാണയങ്ങൾ പുറത്തിറക്കാൻ ഭരണകൂടം കഴിഞ്ഞ വർഷമാണ് തീരുമാനിച്ചത്

Update: 2022-01-11 12:48 GMT
Advertising

അമേരിക്കയിലെ പ്രസിദ്ധ കവയത്രിയും ആക്ടിവിസ്റ്റുമായ മായാ ആഞ്ചലോയുടെ ചിത്രം മുദ്രണം ചെയ്ത നാണയം അമേരിക്ക പുറത്തിറക്കി.  യു.എസ് ട്രഷറി വകുപ്പായ യു.എസ് മിന്റാണ് തിങ്കളാഴ്ച ആഞ്ചലോയുടെ ചിത്രം മുദ്രണം ചെയ്ത നാണയം പുറത്തിറക്കിയത്. അമേരിക്കൻ നാണയത്തിൽ പ്രത്യക്ഷപ്പെടുന്ന ആദ്യ കറുത്ത വർഗക്കാരിയാണ് മായാ ആഞ്ചലോ.

അമേരിക്കൻ ചരിത്രത്തിലെ പ്രമുഖ വനിതകളുടെ ചിത്രം മുദ്രണം ചെയ്ത നാണയങ്ങൾ പുറത്തിറക്കാൻ  ഭരണകൂടം കഴിഞ്ഞ വർഷമാണ് തീരുമാനിച്ചത്. ഈ പരമ്പരയിലെ ആദ്യ നാണയമാണ് ഇന്നലെ പുറത്തിറങ്ങിയത്. ആഞ്ചലോയുടെ ഏറ്റവും പ്രസിദ്ധമായ കൃതിയായ "ഐ നോ വൈ ദി കേജ്ഡ് ബേഡ് സിങ്" എന്ന കൃതിയുടെ പശ്ചാത്തലത്തിലാണ് ആഞ്ചലോയുടെ മുഖം നാണയത്തിൽ മുദ്രണം ചെയ്തിരിക്കുന്നത്.

ഒരു വർഷം നാല് പ്രമുഖ വനിതകളുടെ ചിത്രങ്ങൾ മുദ്രണം ചെയ്ത നാണങ്ങൾ പുറത്തിറക്കാനാണ് തീരുമാനം. അമേരിക്കൻ ചരിത്രത്തിലെ പ്രമുഖരായ സ്ത്രീരത്‌നങ്ങളെ അടയാളപ്പെടുത്തിയ നാണയങ്ങൾ പുറത്തിറക്കുന്നതില്‍ ഞങ്ങൾ അഭിമാനിക്കുന്നു എന്ന് യു.എസ് മിന്റ് സെക്രട്ടറി ജാനറ്റ് യെല്ലൻ പറഞ്ഞു. ഓരോ തവണ കറൻസി പുതുക്കുമ്പോഴും അതിലൂടെ രാജ്യത്തെക്കുറിച്ച് അഭിമാനകരമായ എന്തെങ്കിലും പറയാനാവണം എന്ന് അവർ കൂട്ടിച്ചേർത്തു.

1928 ൽ മിസ്സോറിയിൽ ജനിച്ച ആഞ്ചലോ പൗരാവകാശ പ്രവർത്തക, ഗായിക, അഭിനേത്രി, നാടകകൃത്ത്, സിനിമാ സംവിധായിക, നിർമാതാവ് എന്നീ നിലകളിൽ പശസ്തയാണ്. നിരവധി ടെലിവിഷൻ പ്രോഗ്രാമുകളുടെയും മ്യൂസിക്കൽ ആൽബങ്ങളുടെയും നിർമാതാവ് കൂടിയായ ഇവർ ആഫ്രിക്കൻ- അമേരിക്കൻ വംശജരുടെ അവകാശങ്ങൾക്കുവേണ്ടിയുള്ള പോരാട്ടത്തിനായി മാർട്ടിൻ ലൂഥർ കിങ് ജൂനിയറിനോടൊപ്പം പ്രവർത്തിച്ചിരുന്നു.

പുലിറ്റ്സർ പ്രൈസിനായി നാമനിർദ്ദേശം ചെയ്യപ്പെട്ട Just Give me a Cool Drink of Water 'fore I Diiie ആണ് ആദ്യ കവിതാസമാഹാരം. സംഗീതാവിഷ്‌കാരത്തിന് ഗ്രാമി അവാർഡ് നേടിക്കൊടുത്ത 'On the Pulse of Morning' എന്ന കവിത പ്രസിഡൻറ്  ബിൽ ക്ലിന്റന്റെ സ്ഥാനാരോഹണച്ചടങ്ങിൽ മായ ആലപിച്ചിരുന്നു. ആഞ്ചലോയുടെ മറ്റു പല കവിതകളും മ്യൂസിക്കൽ ആൽബങ്ങളായി അവതരിപ്പിച്ചിട്ടുണ്ട്. 2014 മെയ് 28 നാണ് ആഞ്ചലോ അന്തരിച്ചത്.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News