റഷ്യയിൽ നിന്ന് പ്രമുഖ കാർ നിർമാതാക്കളായ മെഴ്‌സിഡസ് പിൻവാങ്ങി

രാജ്യം വിടുന്ന ഏറ്റവും പ്രമുഖ കാർ നിർമാതാക്കളായി മെഴ്‌സിഡസ് ബെൻസ് മാറുമെന്നാണ് വക്താക്കള്‍ അറിയിക്കുന്നു

Update: 2022-10-27 03:10 GMT
Editor : rishad | By : Web Desk

മോസ്കോ: മുന്‍നിര വാഹന നിര്‍മാതാക്കളായ മെഴ്സിഡസ് ബെന്‍സ് റഷ്യന്‍ വിപണിയില്‍ നിന്ന് പിന്‍വാങ്ങുന്നു. വ്യാവസായിക, സാമ്പത്തിക സേവനങ്ങളുടെ ഓഹരികള്‍ പ്രാദേശിക നിക്ഷേപകര്‍ക്ക് വില്‍ക്കാനാണ് തീരുമാനം. ജർമ്മൻ ആസ്ഥാനമായുള്ള മെഴ്സിഡസ് മാർച്ച് ആദ്യത്തില്‍ തന്നെ റഷ്യയിലെ ഉൽപ്പാദനവും കയറ്റുമതിയും നിർത്തിയിരുന്നു.

രാജ്യം വിടുന്ന ഏറ്റവും പ്രമുഖ കാർ നിർമാതാക്കളായി മെഴ്‌സിഡസ് ബെൻസ് മാറുമെന്നാണ് വക്താക്കള്‍ അറിയിക്കുന്നത്. അതിനിടെ, റഷ്യൻ വിപണിയിൽ നിന്നും പുറത്തുകടക്കാനുള്ള കരാർ തീരുമാനിച്ചതായി ഫോർഡും വ്യക്തമാക്കുന്നുണ്ട്. ജപ്പാന്റെ നിസാൻ ഈ മാസം ആദ്യം റഷ്യ വിട്ടിരുന്നു. ടൊയോട്ട, റെനോള്‍ട്ട് കമ്പനികള്‍ക്ക് പിന്നാലെയായിരുന്നു നിസാനും റഷ്യ വിട്ടത്.

Advertising
Advertising

അതേസമയം റഷ്യയിൽ നിന്നുള്ള പിന്മാറ്റം കമ്പനിയുടെ ലാഭത്തിൽ സ്വാധീനം ചെലുത്തുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് മെഴ്‌സിഡസിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ഹരാൾഡ് വിൽഹെം പറഞ്ഞു. സ്റ്റാർബക്‌സ്, മക്‌ഡൊണാൾഡ്‌സ്, കൊക്കകോള എന്നിവയുൾപ്പെടെ നിരവധി പാശ്ചാത്യ കമ്പനികൾ റഷ്യയിൽ നിന്ന് ഈ വർഷം ആദ്യം പിന്മാറിയിരുന്നു. ജാഗ്വാർ ലാൻഡ് റോവർ, ജനറൽ മോട്ടോഴ്‌സ്, ആസ്റ്റൺ മാർട്ടിൻ, റോൾസ് റോയ്‌സ് എന്നിവയുൾപ്പെടെയുള്ള മറ്റ് കാർ കമ്പനികളെല്ലാം യുദ്ധത്തിന്റെ ആദ്യ മാസങ്ങളിൽ തന്നെ റഷ്യയിലേക്കുള്ള കയറ്റുമതി നിര്‍ത്തിയിട്ടുണ്ട്. 

യുക്രൈനെതിരെ റഷ്യയുടെ സൈനിക ഓപ്പറേഷൻ ആരംഭിച്ചതിന് ശേഷം പല പാശ്ചാത്യ കമ്പനികളും റഷ്യ വിട്ടിരുന്നു. ധാര്‍മിക കാരണങ്ങളാണ് പിന്മാറ്റത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. യുക്രൈന്‍ ആക്രമണത്തിന്റെ തുടക്കം മുതൽ റഷ്യയ്‌ക്കെതിരെ ചുമത്തിയ പാശ്ചാത്യ ഉപരോധങ്ങൾ റഷ്യയിലേക്കുള്ള വിതരണ ശൃംഖലയെ വളരെയധികം തടസ്സപ്പെടുത്തിയിരുന്നു. ടെക്‌നോളജി, കാർ നിർമാണ മേഖലയെയാണ് പ്രധാനമായും ബാധിച്ചത്.   

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News