ഫലസ്തീൻ അനുകൂല പ്രസംഗം: മേഘയ്ക്കെതിരെ നടപടിയുമായി എംഐടി; ബിരുദദാനച്ചടങ്ങിൽനിന്ന് വിലക്കി

ഫലസ്തീനോടുള്ള ഐക്യദാര്‍ഢ്യം സൂചിപ്പിക്കാന്‍ ചുവന്ന കഫിയ ധരിച്ചുകൊണ്ടായിരുന്നു മേഘയുടെ പ്രസംഗം

Update: 2025-06-01 05:56 GMT
Editor : rishad | By : Web Desk

കാംബ്രിഡ്ജ്: ഫലസ്തീന്‍ അനുകൂല പ്രസംഗം ശ്രദ്ധേയമായതിന് പിന്നാലെ ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ഥിനി മേഘാ വെമുരിക്കെതിരെ നടപടിയെടുത്ത് അമേരിക്കയിലെ മാസാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എംഐടി).

ബിരുദദാനച്ചടങ്ങില്‍ പങ്കെടുക്കുന്നതില്‍നിന്ന് മേഘയെ സര്‍വകലാശാല വിലക്കി. ഔദ്യോഗിക ബിരുദദാന ചടങ്ങിന് മുന്നോടിയായി വ്യാഴാഴ്ച നടന്ന വണ്‍ എംഐടി കമന്‍സ്‌മെന്റ് സെറിമണിയില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു മേഘ, ഇസ്രയേലിനെതിരെഅതിരൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.

ഇതിന് പിന്നാലെയാണ് ബിരുദദാനച്ചടങ്ങില്‍നിന്ന് മേഘയെ വിലക്കിയതെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എംഐടി ക്ലാസ് ഓഫ് 2025 പ്രസിഡന്റ് കൂടിയാണ് മേഘ. മേഘയുടെ പേര് പറയാതെയാണ് അവരെ ബിരുദദാനച്ചടങ്ങില്‍നിന്ന് വിലക്കിയ കാര്യം സര്‍വകലാശാല അറിയിച്ചത്.

Advertising
Advertising

ഫലസ്തീനോടുള്ള ഐക്യദാര്‍ഢ്യം സൂചിപ്പിക്കാന്‍ ചുവന്ന കഫിയ ധരിച്ചുകൊണ്ടായിരുന്നു  മേഘയുടെ പ്രസംഗം. എംഐടിക്ക് ഇസ്രായേല്‍ സൈന്യവുമായുള്ള ഗവേഷണ മേഖലയിലെ ബന്ധത്തെയും അവര്‍ വിമര്‍ശിച്ചു. ഗസ്സയിലെ ഇസ്രായേല്‍ സൈനിക നടപടിയെ വംശഹത്യയെന്നാണ് മേഘ വിശേഷിപ്പിച്ചത്. നിങ്ങള്‍ ലോകത്തിന് കാണിച്ചുകൊടുത്തു, സ്വതന്ത്ര ഫലസ്തീനാണ് എംഐടി ആവശ്യപ്പെടുന്നതെന്ന്, ചടങ്ങില്‍ പങ്കെടുത്ത സഹപാഠികളോടും അധ്യാപകരോടുമായി മേഘ പറഞ്ഞു.

ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യക്കെതിരെ യുഎസിലെ ക്യാമ്പസുകളിൽ വ്യാപക പ്രതിഷേധങ്ങളുയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഫലസ്തീൻ അനുകൂല പ്രസംഗവുമായി മേഘയും രംഗത്തു വന്നത്. ഇസ്രായേൽ സേനയുമായി കോളജിനുള്ള ബന്ധത്തെ വിമർശിച്ച മേഘ, യൂണിവേഴ്‌സിറ്റിയുടെ ധാർമികതയെ ബാധിക്കുന്ന കാര്യമാണിതെന്നും കുറ്റപ്പെടുത്തിയിരുന്നു. 

എംഐടിക്ക് ഗവേഷണ ബന്ധമുള്ള ഏക സേന ഇസ്രായേലിന്റേതാണ്. ഇതിനർഥം, ഫലസ്തീനു മേൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളിൽ നമ്മുടെ രാജ്യം മാത്രമല്ല നമ്മുടെ കോളജും സഹായവും പ്രോത്സാഹനവും നൽകുന്നുവെന്നാണ്. ഇസ്രായേലി സൈന്യവുമായുള്ള സർവകലാശാലയുടെ ബന്ധം വിച്ഛേദിക്കാൻ വിദ്യാർഥി യൂണിയനും ബിരുദ സ്ഥാപനങ്ങളും കഴിഞ്ഞ മാസങ്ങളിൽ വോട്ടെടുപ്പ് നടത്തി ആവശ്യപ്പെട്ടിരുന്നതായും പ്രസംഗത്തിനിടെ മേഘ പറഞ്ഞിരുന്നു.   

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News