മറ്റൊരു മഹാമാരിയാകുമോ കുരങ്ങുപനി? ബൈഡന്റെ മുന്നറിയിപ്പ്

രോഗ്യവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കുരങ്ങുപനി സ്ഥിരീകരിക്കുന്നവർക്ക് 21 ദിവസത്തെ ക്വാറന്റൈൻ നിർബന്ധമാക്കി ഇന്നലെ ബെൽജിയം ഉത്തരവിറക്കിയിരുന്നു

Update: 2022-05-23 13:49 GMT
Editor : Shaheer | By : Web Desk
Advertising

ടോക്യോ: ലോകത്ത് കുരങ്ങുപനി പുതിയ ആശങ്കയായി മാറുന്നതിനിടെ പ്രതികരണവുമായി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. കോവിഡിനെപ്പോലെ കുരങ്ങുപനിയും മറ്റൊരു മഹാമാരിയായി മാറാതിരിക്കാൻ ബൈഡൻ യു.എസ് പൗരന്മാർക്ക് നിർദേശം നൽകി.

ടോക്യോയിൽ ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദയുമായി നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ബൈഡൻ. കോവിഡ് ഉയർത്തിയ ആശങ്കയുടെ തലത്തിലേക്ക് കുരങ്ങുപനി ഉയരുമെന്ന് താൻ കരുതുന്നില്ല. പുതിയൊരു മഹാമാരി തടയാൻ ആവശ്യമായ വൈറസ് വാക്‌സിനുകൾ രാജ്യത്തുണ്ട്. എന്നാലും ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ബൈഡൻ ഉണർത്തി.

കുരങ്ങുപനി കോവിഡിനെപ്പോലെ പടരുകയാണെങ്കിൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് കഴിഞ്ഞ ദിവസം ബൈഡൻ അഭിപ്രായപ്പെട്ടിരുന്നു. രോഗം പടരാതെ എല്ലാവരും സൂക്ഷിക്കണം. പനിക്കെതിരായ വാക്‌സിൻ അമേരിക്ക വികസിപ്പിക്കുമെന്നും ബൈഡൻ അറിയിച്ചു.

കുരങ്ങുപനി പടരുന്ന പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം ബെൽജിയം നിർബന്ധിത ക്വാറന്റൈൻ പ്രഖ്യാപിച്ചിരുന്നു. രോഗം സ്ഥിരീകരിക്കുന്നവർക്ക് 21 ദിവസമാണ് ക്വാറന്റൈൻ നിശ്ചയിച്ചിരിക്കുന്നത്. ഇതുവരെ 21 രാജ്യങ്ങളിലാണ് കുരങ്ങുപനി സ്ഥിരീകരിച്ചിട്ടുള്ളത്. ബ്രിട്ടൻ, ബെൽജിയം, യു.എസ്, കാനഡ, ഫ്രാൻസ്, ജർമനി, സ്‌പെയിൻ, ഇറ്റലി, പോർച്ചുഗൽ, സ്വീഡൻ, ആസ്ത്രേലിയ, ഇസ്രായേൽ, സ്വിറ്റ്‌സർലൻഡ് എന്നിവിടങ്ങളിൽ പ്രതിരോധ നടപടികൾ ആരംഭിച്ചിട്ടുണ്ട്.

യു.എസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സി.ഡി.സി) പ്രകാരം പനി, പേശിവേദന തുടങ്ങിയ ലക്ഷണങ്ങളോടെ ആരംഭിക്കുന്ന അസുഖം പിന്നീട് മുഖത്തും ശരീരത്തിലും ചിക്കൻ പോക്സ് പോലുള്ള ചൊറിച്ചിലോ കുമികളോ ഉണ്ടാക്കും. കുരങ്ങ്, എലി എന്നിവയിൽനിന്ന് രോഗം സംക്രമിക്കാനിടയുണ്ട്.

മധ്യ-പടിഞ്ഞാറൻ ആഫ്രിക്കയിലെ ഉഷ്ണമേഖലാ മഴക്കാടുകളിൽ കാണുന്നതും ഇടയ്ക്കിടെ മറ്റ് പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നതുമായ രോഗമാണ് കുരങ്ങുപനിയെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. രണ്ടുമുതൽ നാല് ആഴ്ച വരെ നീണ്ടുനിൽക്കുന്ന രോഗലക്ഷണങ്ങളുണ്ടാവും. ഗുരുതരമായാൽ മരണം വരെ സംഭവിക്കാം. മരണനിരക്ക് 10 ശതമാനം വരെയാണ്. മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്കും മനുഷ്യരിൽനിന്ന് മനുഷ്യരിലേക്കും രോഗം പകരാം. ഈ രോഗത്തിന് സാധാരണയായി ഏഴു മുതൽ 14 ദിവസം വരെ ഇൻകുബേഷൻ കാലാവധിയുണ്ട്. ത്വക്ക്, കണ്ണ്, മൂക്ക് വായ എന്നിവയിലൂടെയാണ് വൈറസ് ശരീരത്തിൽ പ്രവേശിക്കുന്നത്.

Summary: US President Joe Biden warns citizens to ensure that the current monkeypox outbreak to cause a pandemic on the scale of Covid-19

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News