ന്യൂസിലന്‍ഡ് പ്രതിരോധത്തെ മറികടന്ന് ഡെല്‍റ്റ വകഭേദം; രണ്ട് ഡോസ് വാക്സിനുമെടുത്തത് 20 ശതമാനം പേര്‍ മാത്രം

ലോക്ക്ഡൗൺ എന്ന മാര്‍ഗം എന്നന്നേക്കുമായി ഉപയോഗിക്കാനാവില്ല. പ്രതിരോധ കുത്തിവെപ്പ് നിരക്ക് മെച്ചപ്പെടുമ്പോൾ ബദൽ നയങ്ങൾ പരിശോധിക്കാമെന്ന് ജസീന്ത ആര്‍ഡന്‍

Update: 2021-08-26 13:24 GMT

ആറ് മാസമായി പ്രാദേശികമായി ഒരു കോവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്യാതിരുന്ന ന്യൂസിലന്‍ഡില്‍ ഡെല്‍റ്റ വകഭേദം പടരുകയാണ്. ഓക്ക്‍ലന്‍ഡിലാണ് ഡെല്‍റ്റ ക്ലസ്റ്ററുകള്‍ രൂപപ്പെട്ടത്. ലോക്ഡൌണ്‍ പ്രഖ്യാപിച്ചും കോവിഡ് ബാധിച്ചവരോട് സമ്പര്‍ക്കമുണ്ടായിരുന്നവരെ ക്വാറന്‍റൈനിലാക്കിയും ടെസ്റ്റുകള്‍ നടത്തിയും കോവിഡിനെ പിടിച്ചുകെട്ടിയ ന്യൂസിലന്‍ഡ് പ്രതിരോധം ആഗോളതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ ഡെല്‍റ്റ വ്യാപനം തടയാന്‍ ഈ തന്ത്രം പര്യാപ്തമല്ലെന്നാണ് വിമര്‍ശനം.

ന്യൂസിലന്‍ഡില്‍ ഇതുവരെ രൂപപ്പെട്ടതില്‍ ഏറ്റവും വലിയ കോവിഡ് ക്ലസ്റ്ററാണ് ഇപ്പോള്‍ ന്യൂസിലന്‍ഡില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്- 277 കേസുകള്‍. നേരത്തെയുള്ള കോവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ തുടരാനാണ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന് ആരോഗ്യ വിദഗ്ധരില്‍ നിന്ന് ലഭിച്ച നിര്‍ദേശം.

Advertising
Advertising

എന്നാല്‍ ഡെൽറ്റ വകഭേദത്തെ ഇല്ലാതാക്കാമെന്ന് കരുതുന്നത് വെറും അസംബന്ധമാണെന്നാണ് ആസ്ത്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണിന്‍റെ അഭിപ്രായം. ന്യൂസിലന്‍ഡിന് സാധിക്കില്ലത്. ആസ്ത്രേലിയ ഏകദേശം 18 മാസം കോവിഡ് സീറോ പോളിസി പിന്തുടർന്നു. ഡെല്‍റ്റ പടര്‍ന്നതോടെ കോവിഡിനെ തുടച്ചുനീക്കുന്നതിനെ കുറിച്ചല്ല, നിയന്ത്രിക്കുന്നതിനെ കുറിച്ചാണ് ചിന്തയെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ ന്യൂസിലന്‍ഡിലെ 50 ലക്ഷം ജനങ്ങളില്‍ 26 പേര്‍ മാത്രമാണ് കോവിഡ് ബാധിച്ച് മരിച്ചത്. അതുകൊണ്ടുതന്നെ കോവിഡ് പ്രതിരോധം ശരിയായ ദിശയിലാണെന്നാണ് ജസീന്തയുടെ നിലപാട്.

"ഞങ്ങൾ ജനങ്ങളുടെ ജീവൻ രക്ഷിക്കാനാണ് ശ്രമിച്ചത്. ജനങ്ങളുടെ ജീവിതം കഴിയുന്നത്ര സാധാരണ നിലയിലാക്കാനാണ് ശ്രമിച്ചത്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ കുറച്ചു കാലം മാത്രമാണ് ഇവിടെ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പൌരന്മാരുടെ ജോലികളും സമ്പദ്‌വ്യവസ്ഥയും സംരക്ഷിക്കാൻ ഞങ്ങൾ ആഗ്രഹിച്ചു. സമ്പദ്‌വ്യവസ്ഥ കോവിഡിന് മുമ്പുള്ള അവസ്ഥയില്‍ തന്നെയെത്തി"- ജസീന്ത ആര്‍ഡന്‍ പറഞ്ഞു.

ന്യൂസിലൻഡില്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പ് നിരക്ക് മെച്ചപ്പെടുമ്പോൾ ബദൽ നയങ്ങൾ പരിശോധിക്കാമെന്ന് ജസീന്ത പറഞ്ഞു. നിലവില്‍ ജനസംഖ്യയുടെ 20 ശതമാനം മാത്രമാണ് രണ്ട് ഡോസ് വാക്സിനും എടുത്തത്. ലോക്ക്ഡൗൺ എന്ന മാര്‍ഗം എന്നന്നേക്കുമായി ഉപയോഗിക്കാൻ ആരും ആഗ്രഹിക്കുന്നില്ലെന്നും ജസീന്ത വ്യക്തമാക്കി.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News