നൈജീരിയയില്‍ ഹൈസ്കൂള്‍ ആക്രമിച്ച് 25 പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി; രക്ഷിക്കാന്‍ ശ്രമിച്ച അധ്യാപകനെ വെടിവെച്ച് കൊന്നു
2024 മാർച്ചിൽ കടുന സംസ്ഥാനത്തെ കുരിഗയിലെ സ്കൂളിൽ നിന്ന് 200 ലധികം വിദ്യാർഥികളെ സായുധ സംഘം തട്ടിക്കൊണ്ടുപോയിരുന്നു
photo| BBC
അബുജ:വടക്കുപടിഞ്ഞാറൻ നൈജീരിയയിൽ സായുധസംഘം ഹൈസ്കൂൾ ആക്രമിച്ച് 25 വിദ്യാർഥിനികളെ തട്ടിക്കൊണ്ടുപോയി.അധ്യാപകനെ വെടിവെച്ച് കൊന്നാണ് വിദ്യാര്‍ഥികളെ തട്ടിക്കൊണ്ടുപോയത്.വെടിവെപ്പില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഡങ്കോ വസാഗു മേഖലയിലെ മാഗയിലെബോർഡിങ് സ്കൂളിൽ തിങ്കളാഴ്ച പുലർച്ചെ നാലിനായിരുന്നു ആക്രമണം. കെബ്ബി സംസ്ഥാനത്തെ മാഗയിലുള്ള ഗവ. ഗേൾസ് കോംപ്രിഹെൻസീവ് സെക്കൻഡറി സ്‌കൂളിൽ സംഘം അതിക്രമിച്ചു കയറുകയായിരുന്നെന്ന് പൊലീസ് പറയുന്നു.
ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ഗാര്‍ഡുമായി വെടിവെപ്പ് നടത്തിയ ശേഷമാണ് അക്രമികൾ ഹോസ്റ്റലിന്റെ വേലി ചാടിക്കടന്ന് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു. വിദ്യാർഥിനികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഒരു അധ്യാപകന്‍ കൊല്ലപ്പെട്ടത്. പരിക്കേറ്റ മറ്റൊരാള്‍ ഇപ്പോഴും ചികിത്സയിലാണ്. ആയുധധാരികളായവര്‍ പ്രദേശത്ത് വെടിയുതിര്‍ത്തെന്നും ഭീഷണി മുഴക്കിയതായും ദൃക് സാക്ഷികള്‍ പറയുന്നു. തുടർന്ന് തോക്കുധാരികൾ നിരവധി പെൺകുട്ടികളെ കാട്ടിലേക്ക് തട്ടിക്കൊണ്ടുപോകുകയായിരുന്നെന്ന് പ്രദേശവാസികള്‍ പറയുന്നു. സംഭവത്തിന് പിന്നാലെ കൂടുതല്‍ പൊലീസിനെയും സൈനിക ഉദ്യോഗസ്ഥരെയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. രക്ഷപ്പെടാന്‍ സാധ്യതയുള്ള എല്ലാ വഴികളിലും തിരച്ചില്‍ നടക്കുകയാണെന്നും വനങ്ങളില്‍ പ്രത്യേകം രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
മോചനദ്രവ്യം തേടുന്നതിനോ സർക്കാരുമായി ഇടപാടുകൾ നടത്തുന്നതിനോ വേണ്ടി നൈജീരിയയിലെ സ്കൂളുകള്‍ സായുധ സംഘങ്ങളുടെ പതിവ് ലക്ഷ്യങ്ങളായി മാറിയിട്ടുണ്ട്. പലപ്പോഴായി വിദ്യാര്‍ഥികളെ സ്കൂളിലെത്തി തട്ടിക്കൊണ്ടുപോകുകയും മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
2024 മാർച്ചിൽ കടുന സംസ്ഥാനത്തെ കുരിഗയിലെ ഒരു സ്കൂളിൽ നിന്ന് 200 ലധികം വിദ്യാർഥികളെ സായുധ സംഘം തട്ടിക്കൊണ്ടുപോയിരുന്നു. രണ്ടാഴ്ചയിലധികം തടവിൽ പാര്‍പ്പിച്ച 130-ലധികം സ്കൂൾ കുട്ടികളെ പിന്നീട് രക്ഷപ്പെടുത്തിയിരുന്നു . ഇതിന് പിന്നാലെ നടക്കുന്ന ഏറ്റവും വലിയ തട്ടിക്കൊണ്ടുപോകലാണ് കഴിഞ്ഞദിവസം നടന്നത്.കുറഞ്ഞത് 1,500 വിദ്യാർഥികളെയെങ്കിലും നൈജീരിയയില്‍ തട്ടിക്കൊണ്ടുപോയിട്ടുണ്ടെന്നാണ് കണക്കുകള്‍ പറയുന്നു. അതേസമയം,തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടികളുടെ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടെന്ന് മാതാപിതാക്കള്‍ പറയുന്നു.