പെലെയുടെ ആരോഗ്യനിലയില്‍ പുരോഗതി; എന്ന് ആശുപത്രി വിടുമെന്ന് പറയാനാകില്ലെന്ന് ഡോക്ടര്‍മാര്‍

നവംബര്‍ 29നാണ് പെലെയെ അര്‍ബുദ പുനഃപരിശോധനക്കായി സാവോ പോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

Update: 2022-12-13 02:02 GMT
Editor : Jaisy Thomas | By : Web Desk

സാവോ പോളോ: ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം പെലെയുടെ ആരോഗ്യം മെച്ചപ്പെട്ടുവരുന്നതായി ഡോക്ടര്‍മാര്‍. എന്നാല്‍ എന്നു ആശുപത്രി വിടാനാകുമെന്ന് പറയാന്‍ സാധിക്കില്ലെന്ന് ആശുപത്രി അധികൃതര്‍ തിങ്കളാഴ്ച അറിയിച്ചു. നവംബര്‍ 29നാണ് പെലെയെ അര്‍ബുദ പുനഃപരിശോധനക്കായി സാവോ പോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കീമോതെറാപ്പിയോട് പ്രതികരിക്കാത്തതിനെ തുടര്‍ന്ന് പെലെയെ സാന്ത്വന പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു.ശ്വാസകോശ സംബന്ധമായ അണുബാധയും സ്ഥിരീകരിച്ചിട്ടുണ്ട്.

Advertising
Advertising

പെലെയെ റൂമിലേക്ക് മാറ്റിയെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ വിശദീകരിച്ചു. പെലെയുടെ മക്കളായ കെലി നാസിമെന്റോയും ഫ്ലാവിയ അരാന്റസും പിതാവിന്‍റെ ആരോഗ്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ആരാധകരെ അറിയിച്ചു. യു.എസില്‍ താമസിക്കുന്ന നാസിമെന്‍റോ ആശുപത്രിയില്‍ നിന്നുള്ള ചിത്രങ്ങള്‍ തിങ്കളാഴ്ച ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. പിതാവിന്‍റെ കൈ പിടിച്ച ഫോട്ടോക്ക് 'ഞാനെത്തി' എന്ന അടിക്കുറിപ്പാണ് നല്‍കിയത്.

വന്‍കുടലില്‍ ട്യൂമര്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് 2021 സെപ്തംബറിലാണ് പെലെയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. തുടര്‍ന്ന് ട്യൂമര്‍ നീക്കം ചെയ്യാന്‍ അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയമാക്കുകയും പിന്നീട് ഐ.സി.യുവിലേക്ക് മാറ്റുകയും ചെയ്തിരുന്നു. 2019ൽ മൂത്രാശയത്തിലെ അണുബാധയെത്തുടർന്ന്​ താരത്തെ ഫ്രാൻസിലെ ആശുപത്രിയിൽ ഏറെ നാൾ ചികിത്സയിലായിരുന്നു. രോഗം അലട്ടുമ്പോഴും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് പെലെ. ''എന്‍റെ സുഹൃത്തുക്കളെ, നിങ്ങൾ എല്ലാവരും ശാന്തരായും പോസിറ്റീവായും ഇരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു, ഞാൻ ശക്തനാണ്, ഒരുപാട് പ്രതീക്ഷയോടെ, പതിവുപോലെ എന്റെ ചികിത്സ തുടരുന്നുണ്ട്, സ്‌നേഹം നിറഞ്ഞ സന്ദേശങ്ങൾ എന്നെ ഊർജ്ജസ്വലനാക്കുന്നു''-എന്നായിരുന്നു പെലെ ഈയിടെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ക്വാര്‍ട്ടറില്‍ ബ്രസീല്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് നെയ്മറിനെയും സഹതാരങ്ങളെയും പെലെ ആശ്വസിപ്പിച്ചിരുന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News