കോവിഡ് പ്രതിരോധം: രാത്രി കർഫ്യൂവിന് പിന്നിൽ ഒരു ശാസ്ത്രവുമില്ല-ലോകാരോഗ്യ സംഘടനാ മുഖ്യശാസ്ത്രജ്ഞ

കോവിഡിനെ പ്രതിരോധിക്കാൻ ഇന്ത്യ പോലുള്ള രാജ്യങ്ങൾ കൂടുതൽ ശാസ്ത്രീയമായ നയങ്ങൾ ആസൂത്രണം ചെയ്യണമെന്ന് ഡബ്ല്യുഎച്ച്ഒ മുഖ്യശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥൻ ആവശ്യപ്പെട്ടു

Update: 2022-01-01 10:01 GMT
Editor : Shaheer | By : Web Desk
Advertising

കോവിഡ് വകഭേദങ്ങളുടെ വ്യാപനം തടയാനെന്ന പേരിൽ നടപ്പാക്കുന്ന രാത്രി കർഫ്യൂവിനെ തള്ളി ലോകാരോഗ്യ സംഘടന(ഡബ്ല്യുഎച്ച്ഒ) ശാസ്ത്രജ്ഞ. രാത്രി കർഫ്യൂ പോലെയുള്ള കാര്യങ്ങൾക്കു പിന്നിൽ ഒരു ശാസ്ത്രവുമില്ലെന്ന് ഇന്ത്യൻ വംശജയായ ഡബ്ല്യുഎച്ച്ഒ മുഖ്യശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥൻ സിഎൻബിസി-ടിവി18ന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. കോവിഡിനെ പ്രതിരോധിക്കാൻ ഇന്ത്യ പോലുള്ള രാജ്യങ്ങൾ കൂടുതൽ ശാസ്ത്രീയമായ നയങ്ങൾ ആസൂത്രണം ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു.

തെളിവിൽ ഊന്നിയുള്ള നടപടികളാണ് കൈക്കൊള്ളേണ്ടത്. പൊതു ആരോഗ്യ നടപടികളുടെ ഒരു പട്ടിക തന്നെ നിലവിലുണ്ട്. വിനോദ വേദികൾ വൈറസ് കൂടുതലും പടരുന്ന സ്ഥലങ്ങളാണ്. അവിടങ്ങളിലൊക്കെ ചില നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത് സ്വാഭാവികമാണ്. എന്നാൽ, രാത്രി കർഫ്യൂ പോലുള്ള കാര്യങ്ങൾക്കു പിന്നിൽ ഒരു ശാസ്ത്രവുമില്ല-സൗമ്യ വ്യക്തമാക്കി.

ഇന്ത്യൻ പൗരന്മാർ ആശങ്കപ്പെടുകയല്ല, ജാഗ്രത പാലിക്കുകയും മുൻകരുതലെടുക്കുകയുമാണ് വേണ്ടതെന്നും അവർ സൂചിപ്പിച്ചു. ഇന്ത്യയിൽ ഒമിക്രോൺ കേസുകളിൽ വലിയ കുതിപ്പുണ്ടാകുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്. ഇപ്പോൾ ചില നഗരങ്ങളിലൊക്കെ കാണുന്നത് തുടക്കം മാത്രമാണ്. നിരവധി പേർക്ക് ഒമിക്രോൺ ബാധിക്കാൻ പോകുകയാണെന്നും അവർ മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ ദിവസം 309 പേർക്കാണ് രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചത്. രാജ്യത്തെ ആകെ കേസുകൾ 1,270 ആകുകയും ചെയ്തിട്ടുണ്ട്. ഇതിൽ 374 പേർ ആശുപത്രി വിട്ടിട്ടുണ്ട്. 23 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമാണ് ഇതുവരെ പുതിയ വകഭേദം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കേസുകൾ സ്ഥിരീകരിച്ചത്(374). 320 കേസുകൾ റിപ്പോർട്ട് ചെയ്ത ഡൽഹിയാണ് രണ്ടാം സ്ഥാനത്തുള്ളത്. കേരളത്തിൽ കഴിഞ്ഞ ദിവസത്തോടെ ഒമിക്രോൺ കേസുകൾ 100 കടക്കുകയും ചെയ്തിട്ടുണ്ട്.

Summary: There is no science behind night curfews when it comes to tackling the spread of Covid variants, WHO Chief Scientist Soumya Swaminathan said.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News