മൃതദേഹത്തിന് രണ്ടാഴ്ചയിലേറെ പഴക്കം; പാക് നടി ഹുമൈറ അസ്ഗർ അപ്പാർട്ട്മെന്‍റിൽ മരിച്ച നിലയിൽ
വീട്ടിൽ നിന്ന് ദുർഗന്ധം വന്നതിനെ തുടർന്ന് സംശയം തോന്നിയ അയൽവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്
കറാച്ചി: പാകിസ്താൻ നടി ഹുമൈറ അസ്ഗറിനെ കറാച്ചിയിലെ അപ്പാർട്ട്മെന്‍റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇത്തിഹാദ് കൊമേഴ്‌സ്യൽ ഏരിയയിലെ ആറാം ഫേസിലെ അപ്പാര്‍ട്ട്മെന്‍റിലാണ് അഴുകിയ മൃതദേഹം കണ്ടെത്തിയത്. ഇത് മരണത്തെക്കുറിച്ച് കൂടുതൽ ദുരൂഹതകൾ ഉയര്‍ത്തുന്നു.
വീട്ടിൽ നിന്ന് ദുർഗന്ധം വന്നതിനെ തുടർന്ന് സംശയം തോന്നിയ അയൽവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്. പൊലീസ് വാതിൽ തകര്‍ത്താണ് അകത്തുകടന്നത്. മൃതദേഹത്തിന് രണ്ടാഴ്ചയിലേറെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. 32കാരിയായ അസ്ഗർ കഴിഞ്ഞ ഏഴ് വർഷമായി അപ്പാർട്ട്മെന്‍റിൽ ഒറ്റയ്ക്കാണ് താമസിക്കുന്നത്. മരണകാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെങ്കിലും നിലവിൽ സ്വാഭാവിക മരണമാകാനുള്ള സാധ്യതയായിട്ടാണ് അധികൃതർ കേസ് കണക്കാക്കുന്നത്. ഔപചാരിക അന്വേഷണം നടന്നുവരികയാണ്, വസ്തുതകൾ വ്യക്തമാകുന്നതുവരെ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് പൊലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഫോറൻസിക് ടീം സ്ഥലത്തെത്തിയിട്ടുണ്ടെന്ന് ഡിഐജി റാസ അറിയിച്ചു.
മൃതദേഹം കൂടുതൽ പരിശോധനക്കായി ജിന്ന പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ സെന്‍ററിലേക്ക് കൊണ്ടുപോയി. മൃതദേഹം അഴുകിയിരുന്നുവെന്നും അതിനാൽ മരണകാരണം ഇപ്പോൾ കൃത്യമായി പറയാൻ പ്രയാസമായിരിക്കുമെന്നും പോസ്റ്റ്‌മോർട്ടത്തിന് ചുമതലയുള്ള ഡോ. സമ്മയ്യ സയ്യിദ് പറഞ്ഞു. അപ്പാർട്ട്മെന്‍റ് അകത്തു നിന്ന് പൂട്ടിയിരിക്കുകയായിരുന്നുവെന്നും അതിക്രമിച്ചു കയറിയതിന്‍റെയോ പിടിവലികൾ നടന്നതിന്‍റെയോ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നുമാണ് പൊലീസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ബിഗ് ബ്രദർ ഫോർമാറ്റിന്‍റെ പ്രാദേശിക പതിപ്പായ എആർവൈ ഡിജിറ്റലിന്‍റെ റിയാലിറ്റി പരമ്പരയായ 'തമാഷാ ഘർ'ലൂടെയാണ് ഹുമൈറ അസ്ഗർ പ്രശസ്തയാകുന്നത്. 2015-ൽ പുറത്തിറങ്ങിയ പാകിസ്ഥാൻ ചിത്രമായ 'ജലൈബീ'യിലും എഹ്സാൻ ഫറാമോഷ്, ഗുരു എന്നിവയുൾപ്പെടെ വിവിധ ടെലിവിഷൻ ഷോകളിലും അഭിനയിച്ചു. 2023-ൽ ദേശീയ വനിതാ നേതൃത്വ അവാർഡ് ലഭിച്ചിരുന്നു. സോഷ്യൽമീഡിയയിൽ സജീവമായ ഹുമൈറക്ക് ഇൻസ്റ്റാഗ്രാമിൽ 700,000-ത്തിലധികം ഫോളോവേഴ്‌സുണ്ട്.
കഴിഞ്ഞ ജൂണിൽ മുതിര്‍ന്ന നടി 84 കാരിയായ ആയിഷ ഖാനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.